വാകപ്പൂവിന് ഇരുവശവും രണ്ട് ആന, ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന നിറം; പാര്‍ട്ടി പതാകയും ചിഹ്നവും പുറത്തിറക്കി വിജയ്

വാകപ്പൂവിന് ഇരുവശവും രണ്ട് ആന, ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന നിറം; പാര്‍ട്ടി പതാകയും ചിഹ്നവും പുറത്തിറക്കി വിജയ്

വാകപ്പൂവിന് ഇരുവശത്തുമായി കൊമ്പുകുലുക്കിനില്‍ക്കുന്ന രണ്ട് ആനകള്‍ ആണ് പാര്‍ട്ടിയുടെ ചിഹ്നം
Updated on
1 min read

തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ഔദ്യോഗിക പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തു ഇളയ ദളപതി വിജയ്. ഇന്ന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു അനാച്ഛാദനം. കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ആരാധകരും ചടങ്ങില്‍ പങ്കെടുത്തു.

ചുവപ്പും മഞ്ഞയും ഇടകലര്‍ന്നതാണ് പാര്‍ട്ടി പതാകയുടെ നിറം. മുകളിലും താഴെയും ചുവപ്പും നടുവില്‍ മഞ്ഞനിറവുമാണുള്ളത്. വാകപ്പൂവിന് ഇരുവശത്തുമായി കൊമ്പുകുലുക്കിനില്‍ക്കുന്ന രണ്ട് ആനകള്‍ ആണ് പാര്‍ട്ടിയുടെ ചിഹ്നം. ഇത് പതാകയുടെ നടുവില്‍ മഞ്ഞനിറത്തിനു മേല്‍ ആലേഖനം ചെയ്തിട്ടുണ്ട്.

30 അടി ഉയരമുള്ള കൊടിമരത്തില്‍ വിജയ് പതാകയുയര്‍ത്തിയായിരുന്നു അനാച്ഛദന കര്‍മം നിര്‍വഹിച്ചത്. ചടങ്ങില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും പുറത്തിറക്കി. സംഗീത സംവിധായകനും ഗായകനുമായ എസ് തമന്‍ ആണ് പാര്‍ട്ടി ഗാനം ചിട്ടപ്പെടുത്തിയതെന്നാണ് വിവരം. വിവേകിന്റേതാണ് വരികള്‍.

ചടങ്ങിനുശേഷം തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ കൊടിമരം സ്ഥാപിച്ചു പതാക ഉയര്‍ത്താന്‍ വിജയ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം സ്ഥലങ്ങളിലാണ് ആദ്യം കൊടി മരം സ്ഥാപിക്കേണ്ടതെന്നും പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിക്കരുതെന്നും പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.

സജീവ അഭിനയത്തില്‍നിന്ന് വിടപറയുന്നതിന് മുന്‍പുള്ള വിജയ്യുടെ അവസാനചിത്രമായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' ന്റെ റിലീസിനു ശേഷമായിരിക്കും പതാക അനാച്ഛാദനമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗോട്ട് തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ക്കിടയില്‍ തരംഗം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് നേരത്തെ നടത്തിയത്. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബര്‍ 22 ന് വിക്രവണ്ടിയില്‍ നടത്തുമെന്നാണ് വിവരം. അതിനുശേഷം വിജയ് സംസ്ഥാനപര്യടനം നടത്തും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി പ്രഖ്യാപിച്ചത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു.

logo
The Fourth
www.thefourthnews.in