നടി വൈശാലി തക്കർ മരിച്ച നിലയില്‍; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ താരം വൈശാലി തക്കര്‍(26) മരിച്ച നിലയില്‍. മധ്യപ്രദേശ് ഇന്‍ഡോറിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് വൈശാലിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പഴയ ആൺസുഹൃത്തിന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് എഴുതിയ കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തു.
ഹിന്ദി പരമ്പരകളിലൂടെ ശ്രദ്ധേയായ താരമാണ് വൈശാലി. 2015ലാണ് സീരിയല്‍ രംഗത്തെത്തിയത്. 'യേ രിഷ്താ ക്യാ കെഹലാതാ' എന്ന സീരിയലില്‍ സഞ്ജന സിങ് എന്ന കഥാപാത്രത്തെയാണ് ആദ്യമായി അവതരിപ്പിച്ചത്. അഭിനയജീവിതത്തില്‍ വഴിത്തിരിവായത് 'സസുരാല്‍ സിമര്‍ കാ' എന്ന സീരിയലിലെ അഞ്ജലി ഭരദ്വാജ് എന്ന കഥാപാത്രമാണ് . ‘യേ വാദാ രഹാ’, ‘യേ ഹേ ആഷിഖി’ എന്നീ സീരിയലുകളിലും ശ്രദ്ധേയ വേഷത്തിലെത്തി. ‘രക്ഷാബന്ധന്’എന്ന സീരിയലില്‍ ആണ് നിലവില്‍ അഭിനയിച്ചിരുന്നത്.
സംഭവത്തില്‍ തേജാജി നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെ വൈശാലിയുടെ മൊബൈല്‍ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്.