എൻഡിടിവിക്കു ശേഷം ന്യൂസ് ഏജൻസി ഐഎഎന്‍എസും പിടിച്ച് അദാനി
എൻഡിടിവിക്കു ശേഷം ന്യൂസ് ഏജൻസിയായ ഐഎഎന്‍സിൽ ഓഹരികൾ വാങ്ങിക്കൂട്ടി അദാനി. അദാനിയുടെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് കമ്പനിയാണ് ഡൽഹി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ന്യൂസ് അജൻസിയായ ഇൻഡോ ഏഷ്യൻ ന്യൂസ് സെർവീസിലെ (ഇയാൻസ്) 50.5 ശതമാനം ഓഹരിയും വാങ്ങിയിരിക്കുന്നത്. എൻഡിടിവിക്കു സമാനമായി ഹിന്ദി ഇംഗ്ലീഷ് വാർത്ത ഏജൻസിയാണ് ഇയാൻസ്(IANS).
എഎംജി മീഡിയ നെറ്റ്‌വർക്ക് ഇയാൻസുമായി ഓഹരി കരാർ ഒപ്പുവച്ചിരുന്നു. കമ്പനി തീരുമാനങ്ങളിൽ വോട്ട് ചെയ്യാനുള്ള അവകാശവും അവർ വാങ്ങിയെടുത്തിരുന്നു. വളരെ തന്ത്രപരമായി കമ്പനിയുടെ നേതൃത്വത്തിലേക്ക് അദാനി കടന്നുവരികയായിരുന്നു എന്നാണ് ഇയാൻസ് വിശദീകരിക്കുന്നത്.
ഇയാൻസുമായും മറ്റൊരു ഓഹരി ഉടമയായ സന്ദീപ് ബൻസായിയുമായും എഎംജി മീഡിയ നെറ്റ്‌വർക്ക് ഒപ്പുവച്ച ഓഹരി കരാറിൽ കമ്പനിക്കുള്ളിലെ അവരുടെ എല്ലാ അവകാശങ്ങളും എഎംജിയിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയിൽ വകുപ്പുകളുണ്ട്. ഓഹരി ഉടമകളെ അദാനി ഗ്രൂപ്പ് ആയിരിക്കും നിയന്ത്രിക്കുക. ഇയാൻസിലെ എല്ലാ ഡയറക്ടർമാരെയും നിയമിക്കാനുള്ള അധികാരവും അദാനി ഗ്രൂപ്പിനായിരിക്കും.
എൻഡിടിവിയുടെ ഓഹരികൾ ഏറ്റെടുത്ത് കൃത്യം ഒരു വർഷം തികയുമ്പോഴാണ് മറ്റൊരു വാർത്താ ഏജൻസിയെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി സാമൂഹിക മാധ്യമങ്ങളിൽ എൻഡിടിവിയുടെ കാഴ്ചക്കാരുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചതായി ന്യൂസ്‌ലോണ്ടറി റിപ്പോർട്ട് ചെയ്തിരുന്നു. 98 മില്യൺ കാഴ്ചക്കാരുണ്ടായിരുന്ന എൻഡിടിവിക്ക് ഈ ഡിസംബറിൽ 45 മില്യൺ കാഴ്ചക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. 54 ശതമാനത്തോളം കുറവാണു സംഭവിച്ചത്. വിശ്വപ്രധാൻ കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) എന്ന കമ്പനി വഴിയായിരുന്നു അദാനി ഗ്രൂപ്പ് എൻഡിടിവിയിൽ ഓഹരി വാങ്ങിയത്. എന്നാൽ ഇത്തവണ എഎംജി ഗ്രൂപ്പ് നേരിട്ടാണ് ഓഹരികൾ വാങ്ങിയത്.