അടിതെറ്റി അദാനി; സാമ്പത്തിക സാമ്രാജ്യം തകർന്നടിയുമോ?

അടിതെറ്റി അദാനി; സാമ്പത്തിക സാമ്രാജ്യം തകർന്നടിയുമോ?

റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് നേരിടുന്ന തിരിച്ചടികൾ തുടരുകയാണ്. ഒപ്പം അദാനി ഗ്രൂപ്പിന്റെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമോ എന്ന ചർച്ചകളും സജീവമാണ്.
Updated on
2 min read

ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഗൗതം അദാനിക്ക് 106 പേജുകളുള്ള ഒരു അന്വേഷണ റിപ്പോർട്ട് വരുത്തിവച്ച നഷ്ടങ്ങളുടെ കണക്കുകളാണ് നിലവിലെ ചർച്ചാവിഷയം. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് രണ്ട് ദിവസത്തിനിടെ നേരിട്ടത് 4.17 ലക്ഷം കോടിയുടെ നഷ്ടമാണ്. നിലവിലെ ആസ്തി 96 ബില്യൺ ഡോളറായി കുറഞ്ഞു. അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സൂക്ഷ്മപരിശോധന ആരംഭിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. ലോകത്തെ ശതകോടീശ്വരന്മാരുടെ ഫോബ്സ് പട്ടികയില്‍ മൂന്നാമനായിരുന്ന ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപ വിലമതിക്കുന്ന പുതിയ ഓഹരികള്‍ വിൽക്കാൻ ഒരുങ്ങവേയാണ് ഗ്രൂപ്പിനെതിരെ, ഹിൻഡൻബർഗ് രണ്ട് വർഷമായുള്ള അന്വേഷണത്തിലെ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവിട്ടത്. നഗ്നമായ അക്കൗണ്ടിങ് തട്ടിപ്പും സ്റ്റോക്ക് തിരിമറിയും കള്ളപ്പണം വെളുപ്പിക്കലും പതിറ്റാണ്ടുകളായി നടത്തി വരുന്ന സ്ഥാപനം എന്നാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെ വിശേഷിപ്പിച്ചത്.

ഓഹരിക്ക് 3,112 - 3,276 രൂപ റേഞ്ചിലാണ് സ്ഥാപനം തുക നിശ്ചയിച്ചിരുന്നത്. എന്നാൽ 2,761.45 രൂപയിലാണ് വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിച്ചത്.

ഏറ്റവും കൂടുതൽ മൂല്യമുള്ള ഗ്രൂപ്പ് ഓഹരിയായ അദാനി ടോട്ടൽ ഗ്യാസിന്റെ മാർക്കറ്റ് ക്യാപ് (സ്ഥാപനത്തിന്റെ ഒരു ഷെയറിന്റെ വിപണി മൂല്യം) രണ്ട് ദിവസം കൊണ്ട് 76,000 കോടി രൂപയാണ് കുറഞ്ഞത്. അദാനി ട്രാൻസ്മിഷൻ എം-ക്യാപ് 63,700 കോടി രൂപയുടെയും ഇടിവ് രേഖപ്പെടുത്തി. ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മേല്പറഞ്ഞ രണ്ട് അദാനി കമ്പനികളുടെ ഓഹരികളും 20 ശതമാനം വരെയാണ് ഇടിഞ്ഞത്. ഒരു ഓഹരിക്ക് 3,112 - 3,276 രൂപ റേഞ്ചിലാണ് സ്ഥാപനം തുക നിശ്ചയിച്ചിരുന്നത്. എന്നാൽ 2,761.45 രൂപയിലാണ് വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിച്ചത്.

അദാനി ഗ്രൂപ്പിന് മേൽ ആരോപിക്കുന്ന ക്രമക്കേടുകൾക്കെല്ലാം തെളിവുകൾ കൈവശമുണ്ടെന്നും അതുകൊണ്ട് തന്നെ ഏത് നിയമനടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു. അദാനിയോടുള്ള 88 ചോദ്യങ്ങളോടെ അവസാനിക്കുന്ന റിപ്പോർട്ടിൽ ഒന്നിന് പോലും മറുപടി നൽകാൻ അദ്ദേഹം തയാറായിട്ടില്ലെന്നും യുഎസ് കമ്പനി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് വന്നതിന് പിന്നാലെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിച്ച്‌ വരികയാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം. റിപ്പോർട്ടിലെ വിശദാംശങ്ങൾ കള്ളമാണെന്നും വസ്തുതകൾ പരിശോധിക്കാതെയാണ് ജനുവരി 24 ന് റിപ്പോർട്ട് പുറത്തുവിട്ടതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. ഇതിന് മറുപടിയായാണ് ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. നിയമനടപടികളിലേക്ക് കടക്കുമ്പോൾ അത് യു എസിൽ തന്നെയാകാൻ ശ്രമിക്കണമെന്നുള്ള വെല്ലുവിളിയാണ് ഹിൻഡൻബർഗിന്റേത്.

അടിതെറ്റി അദാനി; സാമ്പത്തിക സാമ്രാജ്യം തകർന്നടിയുമോ?
'88 ചോദ്യങ്ങളില്‍ ഒന്നിന് പോലും മറുപടി പറഞ്ഞില്ല'; അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടില്‍‌ ഉറച്ച് ഹിൻഡൻബർഗ്

ഹിൻഡൻബർഗിന്റെ കണ്ടെത്തലുകൾ

യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിൻഡൻബർഗ് ബുധനാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ നടത്തിയ ക്രമക്കേടുകളും അക്കൗണ്ടിങ്ങിൽ നടത്തിയ തട്ടിപ്പുകളുമെല്ലാം റിപ്പോർട്ട് വെളിച്ചത്ത് കൊണ്ടുവന്നു. ടാക്സ് ഹേവൻ രാജ്യങ്ങളായ മൗറീഷ്യസ്, യുഎഇ എന്നിവിടങ്ങളിലെ ഷെൽ കമ്പനികളുടെ സഹായത്തോടെയാണ് അദാനി ഗ്രൂപ്പ് സ്റ്റോക്ക് മാർക്കറ്റിൽ എം- ക്യാപ് ഉയർത്തി നിർത്തിയത് എന്ന് റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 100 ബില്യൺ ഡോളറിലധികം ഡോളറാണ് അദാനി ഇത്തരത്തിൽ സമ്പാദിച്ചത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനിയുടെ ഏഴ് കമ്പനികളുടെ മൂല്യം ഇക്കാലയളവിൽ മാത്രം 819 ശതമാനം ഉയർന്നതായി ചൂണ്ടിക്കാട്ടുന്നു.

അന്വേഷണത്തിലെ കണ്ടെത്തലുകൾ അവഗണിക്കുകയാണെങ്കിൽ പോലും കഴിഞ്ഞ വർഷങ്ങളിൽ അദാനിയുടെ സ്ഥാപനങ്ങളുടെ വിപണിയിലെ പ്രകടനം മോശമായിരുന്നുവെന്നത് വസ്തുതയാണെന്ന് അവർ പറയുന്നു. 85 ശതമാനം നഷ്ടമാണ് ഈ സ്ഥാപനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനിയുടെ ഏഴ് കമ്പനികളുടെ മൂല്യം ഇക്കാലയളവിൽ മാത്രം 819 ശതമാനം ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

വജ്ര വ്യാപാരവുമായി ബന്ധപ്പെട്ട റവന്യു ഇന്റലിജൻസ് കേസിൽ കുറ്റാരോപിതനായ അദാനിയുടെ ഇളയ സഹോദരൻ രാജേഷ് അദാനി, സഹോദരി ഭർത്താവ് സമീർ വോറ എന്നിവരെ പല അദാനി സ്ഥാപനങ്ങളിലും ഉന്നത പദവികളില്‍ ചുമതലപ്പെടുത്തിയിരുന്നു. കൂടാതെ മൗറീഷ്യസിലെ 38 ഷെൽ കമ്പനികളുടെ നടത്തിപ്പിൽ അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിക്കും അദ്ദേഹത്തിന്റെ അടുത്ത ആളുകള്‍ക്കും പങ്കുണ്ടെന്നും കണ്ടെത്തി. ഈ കമ്പനികൾ സ്റ്റോക്കുകൾ വാങ്ങുക വഴിയാണ് പ്രധാനമായും അദാനിയുടെ മാർക്കറ്റ് ക്യാപ് ഉയരുന്നതെന്നും ഹിൻഡർബർഗ് വ്യക്തമാക്കുന്നു. ഇവരെ ഓഹരികളില്‍ ക്രമക്കേട് കാണിക്കാനും കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചതായും റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് നേരിടുന്ന തിരിച്ചടികൾ തുടരുകയാണ്. ഒപ്പം അദാനി ഗ്രൂപ്പിന്റെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമോ എന്ന ചർച്ചകളും സജീവമാണ്.

logo
The Fourth
www.thefourthnews.in