എൻഡിടിവിയുടെ 29 ശതമാനം ഓഹരി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
പ്രമുഖ ദേശീയ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 29 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കി. പ്രണയ് റോയിയുടെയും രാധികാ റോയിയുടെയും കൈവശമുണ്ടായിരുന്ന ഓഹരികളാണ് എഎംജി മീഡിയാ നെറ്റ്വര്‍ക്ക്സ് സ്വന്തമാക്കിയത്. ഇതിനു പുറമെ 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനും ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ മുഴുവന്‍ സമയ വാർത്താ ചാനലാണ് എൻഡിടിവി.
എഎംജി മീഡിയ നെറ്റ്‌വര്‍ക്ക്‌സ് ലിമിറ്റഡിന്റെ ഉപകമ്പനിയായ വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) വഴിയാണ് 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത്. 99.9 ശതമാനം ഓഹരികള്‍ സ്വന്തമാകുന്നതോടെ, ആര്‍ആര്‍പിആര്‍ കമ്പനിയുടെ നിയന്ത്രണാധികാരം വിസിപിഎല്ലിന് ലഭിക്കും.
വിസിപിഎല്‍ എന്നിവര്‍ക്കൊപ്പം എഎംഎന്‍എല്‍, എഇഎല്‍ എന്നിവര്‍ എന്‍ഡിടിവിയുടെ 26 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. സെബിയുടെ 2011ലെ നിയന്ത്രണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും ഇത് സാധ്യമാകുക.
രാജ്യത്തെ പൗരന്മാര്‍, ഉപഭോക്താക്കള്‍, രാജ്യ താല്‍പര്യമുള്ളവര്‍ എന്നിവര്‍ക്ക് വിവരവും വിജ്ഞാനവും നല്‍കി ശാക്തീകരിക്കുകയാണ് എഎംഎന്‍എല്ലിന്റെ ലക്ഷ്യമെന്ന് എഎംജി മീഡിയ നെറ്റ്‌വര്‍ക്ക്‌സ് സിഇഒ സഞ്ജയ് പുഗാലിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വാര്‍ത്താ വിതരണരംഗത്തുള്ള നേതൃസ്ഥാനവും വിവിധ മേഖലകളിലെ ശക്തമായ സാന്നിധ്യവുമായ എന്‍ഡിടിവി കമ്പനിയുടെ കാഴ്ചപ്പാടിന് മുതല്‍ക്കൂട്ടാകുമെന്നും പുഗാലിയ പറഞ്ഞു.