ഹിൻഡൻബർഗ് റിപ്പോർട്ടിന് അദാനിയുടെ മറുപടി; പല വിഷയങ്ങൾക്കും വിശദീകരണമില്ല
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ അന്വേഷണ, ഷോർട് സെല്ലിങ് കമ്പനിയായ ഹിൻഡൻബർഗ് റിപ്പോർട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ്. "മിത്ത്‌സ് ഓഫ് ഷോർട്ട് സെല്ലർ" എന്ന തലക്കെട്ടോടെയാണ് അദാനി എന്റർപ്രൈസസ് റിപ്പോർട്ട് പുറത്തിറക്കിയത്. ഓഡിറ്റിങ്, കടബാധ്യത, വരുമാനം, ബാലന്‍സ് ഷീറ്റ്, ഭരണസംവിധാനം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ മാത്രമാണ് റിപ്പോർട്ട് വിശദീകരണം നൽകുന്നത്. ധനകാര്യ മാധ്യമമായ 'ലൈവ് മിന്റാ'ണ് അദാനി ഗ്രൂപ്പിന്റെ മറുപടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
സ്റ്റോക്ക് മാർക്കറ്റിൽ അദാനി ഗ്രൂപ്പ് ഗുരുതര ക്രമക്കേടുകളും അക്കൗണ്ട് തിരിമറികളും നടത്തുന്നുവെന്നതായിരുന്നു ഹിൻഡൻബർഗിന്റെ ആരോപണം. ജനുവരി 24നാണ് റിപ്പോർട്ട് പുറത്തുവന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഗൗതം അദാനിയുടെ ഏഴ് ലിസ്റ്റഡ് കമ്പനികൾക്കും കൂടി നഷ്ടമായത് 48 ബില്യൺ ഡോളറാണ്.
അദാനിയുടെ റിപ്പോർട്ട്
89 ചോദ്യങ്ങൾ ഉയർത്തിയതിൽ 21 എണ്ണവും ഡയറ്കടർ ഓഫ് റവന്യു ഇന്റലിജൻസിന്റെയും കോടതികളിലെയും കേസുമായി ബന്ധപ്പെട്ടതാണ്. എന്നാൽ അതും രണ്ട് വർഷത്തെ അന്വേഷണത്തിലെ കണ്ടെത്തലെന്ന നിലയിലാണ് ഹിൻഡൻബർഗ് അവതരിപ്പിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച വിശദീകരണങ്ങൾ 2015 മുതൽ കമ്പനി നൽകുന്നതിനാൽ കൂടുതൽ മറുപടിയുടെ ആവശ്യമില്ലെന്ന് അദാനി ഗ്രൂപ്പ് റിപ്പോർട്ടിൽ പറയുന്നു.
ദിനേന വലിയ പണമിടപാടുകൾ നടത്തുന്ന അദാനി ഗ്രൂപ്പ് പോലെയുള്ള സ്ഥാപനത്തെ ഓഡിറ്റ് ചെയ്യാൻ യോഗ്യതയുള്ളവരല്ല നിലവില്‍ പരിശോധനകള്‍ നടത്തുന്നതെന്ന് ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. ലോകത്തിലെ തന്നെ വലിയ ആറ് ഓഡിറ്റിങ് കമ്പനികളാണ് അദാനിയുടെ എട്ട് സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്തുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഏണസ്റ്റ് ആന്‍ഡ് യങ്, എസ്ആര്‍ബിസി ആന്‍ഡ് കമ്പനി, പികെഎഫ്, വാക്കര്‍ ഷാന്‍ഡിയോക് ആന്‍ഡ് കമ്പനി, കെഎസ് റാവു ആന്‍ഡ് കമ്പനി, ധര്‍മേഷ് പരീഖ് ആന്‍ഡ് കമ്പനി, ഷാ ധന്‍ധാരിയ ആന്‍ഡ് കമ്പനി തുടങ്ങിയവരുടെ വിവരങ്ങൾ ഉൾപ്പെടെയാണ് റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്.
കൂടാതെ, വരുമാനത്തിലെയും ബാലൻസ് ഷീറ്റിലെയും ക്രമക്കേടുകളെ പറ്റിയുള്ള ചോദ്യത്തിന് ലിസ്റ്റ് ചെയ്തിരുന്ന ഒൻപതിൽ ആറ് സ്ഥാപനങ്ങളുടെയും ഇടപാടുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. അദാനിയുടെ ജ്യേഷ്ഠനായ വിനോദ് അദാനിയ്ക്ക് മൗറീഷ്യസിലുള്ള ഷെൽ കമ്പനിയുമായുള്ള ബന്ധം ഉൾപ്പെടെ പല വിഷയങ്ങളിലും കൃത്യമായ വിശദീകരണം റിപ്പോർട്ടിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്.
ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് മുൻപായി സ്ഥാപനവുമായി ബന്ധപ്പെടുകയോ മറുപടി ചോദിക്കുകയോ ചെയ്തിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് സിഇഒ ജൂഗേഷിന്ദർ സിങ് പറഞ്ഞിരുന്നു. തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തപ്പെട്ടതുമായ ആരോപണങ്ങളുടെയും സംയോജനമാണ് റിപ്പോർട്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.