ഗൗതം അദാനി
ഗൗതം അദാനി

അദാനിക്ക് ആശ്വാസം; ഓഹരി വിപണിയില്‍ നേരിയ നേട്ടം, നഷ്ടവ്യാപാരം തുടര്‍ന്ന് എൻഡിടിവി

അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്ട്‌സുമാണ് നേട്ടത്തിലെത്തിയത്. എൻഡിടിവി ഉള്‍പ്പെടെ ഗ്രൂപ്പിന്റെ മറ്റ് ഓഹരികള്‍ നഷ്ടവ്യാപാരം തുടരുകയാണ്.
Updated on
2 min read

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടം. അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്ട്‌സുമാണ് നേട്ടത്തിലെത്തിയത്. അതേസമയം എൻഡിടിവി ഉള്‍പ്പെടെ ഗ്രൂപ്പിന്റെ മറ്റ് ഓഹരികള്‍ ഇപ്പോഴും നഷ്ടവ്യാപാരം തുടരുകയാണ്.

ഗൗതം അദാനി
'ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല'; അദാനിക്ക് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടിഞ്ഞ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ച ആദ്യ വ്യാപാരത്തില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. തുടക്ക വ്യാപാരത്തില്‍ അദാനി എന്റര്‍പ്രൈസസ് ആറ് ശതമാനം വര്‍ധന നേടി. പിന്നീടത് 10 ശതമാനം വരെ ഉയര്‍ന്നു. അദാനി പോര്‍ട്ട്‌സ് 4.34 ശതമാനത്തിന്റെ നേട്ടമാണ് ഉണ്ടാക്കിയത്. എസിസി (8.43 ശതമാനം), അംബുജ സിമന്റ് (10 ശതമാനം) എന്നിങ്ങനെയും നേട്ടം കൊയ്തു. അതേസമയം, മറ്റ് കമ്പനികള്‍ നഷ്ടം തുടര്‍ന്നു. അദാനി പവര്‍ (5 ശതമാനം), അദാനി വില്‍മര്‍ (5 ശതമാനം), അദാനി ട്രാന്‍സ്മിഷന്‍ (18 ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ് (19.85), അദാനി ഗ്രീന്‍ (19 ശതമാനം), എന്‍ഡിടിവി (അഞ്ച് ശതമാനം) എന്നിങ്ങനെയാണ് നഷ്ടം.

ഗൗതം അദാനി
രാജ്യത്തിനെതിരായ ആസൂത്രിത ആക്രമണം; ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് മറുപടിയുമായി അദാനി ഗ്രൂപ്പ്

ഹിൻഡൻബർഗിന്റെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ ഓഹരി വിപണിയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് 10.73 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികൾക്ക് ഈ ആഴ്ചത്തെ വ്യാപാരം ആരംഭിക്കുന്ന ദിവസമായിരുന്നു ഇന്ന്. ഇന്നും നഷ്ടം നേരിടുമോ എന്നതായിരുന്നു നിക്ഷേപകരുടെ ആശങ്ക. അങ്ങനെ സംഭവിച്ചാൽ കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഓഹരി വിപണിയെ ഒന്നാകെ ബാധിക്കുമെന്നതായിരുന്നു ആശങ്കയ്ക്ക് കാരണം. എന്നാല്‍, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, എസിസി, അംബുജ സിമന്റ് എന്നിവയുടെ നേട്ടം കമ്പനിക്കും നിക്ഷേപകര്‍ക്കും ആശ്വാസം പകരുന്നതാണ്.

ഗൗതം അദാനി
ഹിൻഡൻബർഗ് റിപ്പോർട്ടിന് അദാനിയുടെ മറുപടി; പല വിഷയങ്ങൾക്കും വിശദീകരണമില്ല

ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ചെയർമാനായ ഗൗതം അദാനിയുടെ ആസ്തിയിൽ നാലുലക്ഷം കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ലോക സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്ന് ഗൗതം അദാനി ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍, റിപ്പോർട്ട് പുറത്തുവന്ന സമയം സംശയം ജനിപ്പിക്കുന്നതാണെന്ന് അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദർ സിങ് അഭിപ്രായപ്പെട്ടു. ഫോളോ ഓൺ പബ്ലിക് ഓഫറിനിടെയാണ് റിപ്പോർട്ട് വന്നത്. ഇത് 20000 കോടി രൂപ സമാഹരിക്കാനുള്ള ശ്രമത്തെ അട്ടിമറിക്കാനുള്ള ശ്രമമായാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല എന്നാണ് അദാനി ഗ്രൂപ്പിന്റെ 413 പേജുള്ള വിശദീകരണത്തിന് ഹിൻഡൻബർഗിന്റെ മറുപടി. ഇന്ത്യയുടെ പുരോഗതി അദാനി തടസ്സപ്പെടുത്തുന്നതായും വിദേശത്തെ സംശയകരമായ ഇടപാടുകളെ കുറിച്ച് അദാനി മറുപടി നൽകിയിട്ടില്ലെന്നും ഹിൻഡൻബെർഗ് കുറ്റപ്പെടുത്തുന്നു. 413 പേജുള്ള അദാനിയുടെ കുറിപ്പിൽ മറുപടികളുള്ളത് 30 പേജിൽ മാത്രമാണെന്നും ഹിൻഡൻബെർഗ് ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in