5ജി സ്‌പെക്ട്രം ലേലത്തില്‍ അദാനി ഗ്രൂപ്പും; ജിയോക്കും എയര്‍ടെല്ലിനും വെല്ലുവിളി
അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ടെലികോം വ്യവസായ മേഖലയിലേക്ക് കടന്നുവരുന്നതായി റിപ്പോര്‍ട്ട്. ജൂലൈ അവസാനം നടക്കാനിരിക്കുന്ന 5 ജി ടെലികോം സ്‌പെക്ട്രം ലേലത്തില്‍ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുറമുഖം, കല്‍ക്കരി, ഊര്‍ജവിതരണം, ഏവിയേഷന്‍ എന്നീ മേഖലകളില്‍ ശക്തരായ അദാനി ഗ്രൂപ്പ് ആദ്യമായാണ് ടെലികോം വ്യവസായത്തിലേക്ക് ചുവടുവയ്ക്കുകയാണ്. റിലയന്‍സ് ജിയോ ഉള്‍പ്പെടെ ശക്തരായി നിലകൊള്ളുന്ന ഇന്ത്യയിലെ ടെലികോം രംഗത്തേക്കുള്ള അദാനി ഗ്രൂപ്പിന്റെ കടന്നുവരവ് എറെ പ്രാധാന്യത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്.
അള്‍ട്രാ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ഉറപ്പുള്ള പുതിയ കമ്പനികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്നാണ് വ്യവസ്ഥ
ജൂലായ് 26 നാണ് 5ജി സ്പെക്ട്രം ലേലം നടക്കുന്നത്. ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി വെള്ളിയാഴ്ചയായിരുന്നു. ജിയോയും, എയര്‍ടെലും, വോഡഫോണ്‍- ഐഡിയയും ലേലത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നാലാമതായി അപേക്ഷ സമര്‍പ്പിച്ച കമ്പനി അദാനി ഗ്രൂപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്.
അള്‍ട്രാ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ഉറപ്പുള്ള പുതിയ കമ്പനികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്നാണ് വ്യവസ്ഥ. അടുത്തിടെ അദാനി ഗ്രൂപ്പിന് നാഷണല്‍ ലോങ് ഡിസ്റ്റന്‍സ്, ഇന്റര്‍നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് എന്നീ ലൈസന്‍സുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.
ലേലത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല
എന്നാല്‍, ലേലത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. ലേല സമയക്രമം അനുസരിച്ച് ലേലത്തില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ വിശദാംശങ്ങള്‍ ജൂലൈ 12 ന് പ്രസിദ്ധീകരിക്കുന്നതോടെ ഇത് സംബന്ധിച്ച അവസാന ചിത്രം വ്യക്തമാവും.
600 മെഗാഹെട്‌സ്, 700 മെഗാഹെട്‌സ്, 800 മെഗാഹെട്‌സ്, 900 മെഗാഹെട്‌സ്, 1800 മെഗാഹെട്‌സ്, 2100 മെഗാഹെട്‌സ്, 2300 മെഗാഹെട്‌സ്, 3300 മെഗാഹെട്‌സ്, 26 ഗിഗാഹെട്‌സ് ബാന്‍ഡ് തുടങ്ങിയ ഫ്രീക്വന്‍സികളിലായിക്കും ലേലം നടക്കുക. സ്‌പെക്ട്രത്തിനായുള്ള പണമടയ്ക്കല്‍ 20 തുല്യ വാര്‍ഷിക ഗഡുക്കളായി ഓരോ വര്‍ഷത്തിന്റെയും തുടക്കത്തില്‍ മുന്‍കൂറായി അടച്ചാല്‍ മതി. അതിനാല്‍ ഭീമമായ തുക നിക്ഷേപിക്കുന്നതില്‍ നിന്ന് കമ്പനികള്‍ക്ക് ഇളവും ലഭിക്കും.
അംബാനിയും അദാനിയും നേര്‍ക്കുനേര്‍
ഗുജറാത്തില്‍ നിന്നുള്ള വ്യവസായികളും, വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകളുമുള്ള അംബാനിയും അദാനിയും അടുത്ത കാലം വരെ നേരിട്ട് ഏറ്റുമുട്ടിയിരുന്നില്ല. രണ്ടു പേരും വ്യത്യസ്ത മേഖലകളില്‍ മുതല്‍മുടക്കി വിജയിച്ചിവരാണ്. എണ്ണ, പെട്രോകെമിക്കല്‍ മുതല്‍ ടെലികോം വരെ നീളുന്നതാണ് അംബാനിയുടെ വ്യവസായം.
തുറമുഖങ്ങള്‍, കല്‍ക്കരി, ഊര്‍ജവിതരണം എന്നീ വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് അദാനി ഗ്രൂപ്. അദാനിയുടെ ടെലികോം വ്യവസായത്തിലേക്കുള്ള അരങ്ങേറ്റം ഈ മേഖലയില്‍ കനത്ത മത്സരം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.