ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിയ്ക്കെതിരെ പ്രത്യേക അന്വേഷണമില്ല, നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രം പരിശോധിക്കണം
അദാനിയ്ക്ക് എതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സെബിയുടെ അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരംസിഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. സെബി നടത്തുന്ന അന്വേഷണം പ്രത്യേത അന്വേഷണ സംഘത്തിന് കൈമാറണം എന്ന ആവശ്യം അംഗീകരിക്കാന്‍ വേണ്ട സാഹചര്യമില്ല. സെബിയുടെ അധികാര പരിധിയില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി.
സെബിയുടെ അധികാര പരിധിയില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട്
സുപ്രീം കോടതി
കൃത്രിമമായി അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്റ്റോക്ക് വില പെരുപ്പിച്ച് കാണിച്ചുവെന്നതുൾപ്പെടെ നിരവധി ക്രമക്കേടുകളാണ് ഹിൻഡൻബർഗ് റിപ്പോർട്ട് ഉന്നയിച്ചത്. ഇതിനെ അടിസ്ഥാനമാക്കി സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിലാണ് ഇപ്പോഴത്തെ വിധി.
വിദഗ്ധസമിതി അംഗങ്ങളുടെ താല്‍പ്പര്യ വൈരുധ്യം സംബന്ധിച്ച ഹര്‍ജിക്കാരുടെ വാദവും സുപ്രീം കോടതി തള്ളി. അന്വേഷണം സെബിയില്‍നിന്ന് എടുത്തുമാറ്റുന്നതിന് അടിസ്ഥാനമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അസാധാരണമായ സാഹചര്യത്തില്‍ അന്വേഷണം കൈമാറാനുള്ള അധികാരം വിനിയോഗിക്കാം. ന്യായമായ കാരണങ്ങളുടെ അഭാവത്തില്‍ അത്തരം അധികാരങ്ങള്‍ പ്രയോഗിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഓഹരി ഷോര്‍ട്ട് സെല്ലിംഗിനെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം എന്തെങ്കിലും നിയമ ലംഘനമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരും സെബിയും പരിശോധിക്കുകയും അങ്ങനെയുണ്ടെന്ന് കണ്ടെത്തിയാല്‍ നിയമാനുസൃതമായി നടപടിയെടുക്കുകയും വേണം. ഇന്ത്യന്‍ നിക്ഷേപകരുടെ താല്‍പ്പര്യം ശക്തിപ്പെടുത്തുന്നതിനുള്ള സമിതിയ ശിപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരും സെബിയും പരിഗണിക്കും.
ഉന്നയിക്കപ്പെട്ട 22 വിഷയങ്ങളില്‍ 20 എണ്ണത്തിലും സെബി അന്വേഷണം പൂര്‍ത്തിയാക്കി
സെബി അന്വേഷണത്തെ സംശയിക്കാന്‍ ഒസിസിആര്‍പി റിപ്പോര്‍ട്ട് കണക്കിലെടുക്കാനാവില്ല. സ്ഥിരീകരണവുമില്ലാതെ മൂന്നാം കക്ഷി ഒസിസിആര്‍പി റിപ്പോര്‍ട്ടിനെ ആശ്രയിക്കുന്നത് തെളിവായി ആശ്രയിക്കാനാവില്ല. സെബിയുടെ നിയന്ത്രണ ചട്ടക്കൂടില്‍ ഇടപെടാന്‍ സുപ്രീംകോടതിയുടെ അധികാരം പരിമിതമാണ്. എഫ്പിഐ, എല്‍ഒഡിആര്‍ ചട്ടങ്ങളിലെ ഭേദഗതികള്‍ അസാധുവാക്കാന്‍ സെബിയോട് നിര്‍ദേശിക്കുന്നതിന് സാധുവായ കാരണങ്ങളൊന്നും ഹര്‍ജിക്കാര്‍ ഉന്നയിച്ചിട്ടില്ല. ഉന്നയിക്കപ്പെട്ട 22 വിഷയങ്ങളില്‍ 20 എണ്ണത്തിലും സെബി അന്വേഷണം പൂര്‍ത്തിയാക്കി. മറ്റ് രണ്ട് കേസുകളുടെ അന്വേഷണം മൂന്ന മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സോളിസിറ്റര്‍ ജനറലിന്റെ ഉറപ്പ് കണക്കിലെടുത്ത് സെബിയോട് നിര്‍ദേശിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
2023 ജനുവരി 24നാണ് അമേരിക്കൻ ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് അദാനിക്കെതിരെ വലിയ തോതിലുള്ള ആരോപണങ്ങൾ ഉന്നയിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സ്റ്റോക്ക് വില പെരുപ്പിക്കാൻ ലക്ഷ്യമിട്ട് വർഷങ്ങളായി അദാനി ഗ്രൂപ്പ് നിരവധി കൃത്രിമത്വങ്ങളും ദുഷ്പ്രവൃത്തികളും നടത്തി എന്നായിരുന്നു റിപ്പോർട്ട്.
ഇന്ത്യൻ ഓഹരി വിപണിയിൽ ഷെയറുകളുടെ മൂല്യം വർധിപ്പിക്കാൻ അദാനി ഗ്രൂപ്പ് കടലാസ് കമ്പനികളെ ഉപയോഗിച്ചു. ഗൗതം അദാനിയുടെ കൂട്ടാളികള്‍ തന്നെ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തി. 2013 മുതൽ 2018 വരെയുള്ള അദാനി ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിൽ മൗറീഷ്യസിൽ നിന്നുള്ള കടലാസു കമ്പനികളാണെന്നും റിപ്പോർട്ട് ആരോപിക്കുന്നു. പാർലമെന്റിൽ ഉൾപ്പെടെ വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും നിയമ പോരാട്ടങ്ങള്‍ക്കുമായിരുന്നു റിപ്പോര്‍ട്ട് തുടക്കമിട്ടത്.