അദാനിയെ മറികടന്ന് അംബാനി ; ലോകത്തിൽ ശതകോടീശ്വരൻമാരെ സൃഷ്ടിക്കുന്നതിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

അദാനിയെ മറികടന്ന് അംബാനി ; ലോകത്തിൽ ശതകോടീശ്വരൻമാരെ സൃഷ്ടിക്കുന്നതിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

2023ലെ എം3എം ഹുറൂണ്‍ ആഗോള സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനം നേടി.
Updated on
2 min read

ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ അദാനിയെ മറികടന്ന് മുകേഷ് അംബാനി. ഹുറൂണ്‍ ആഗോള സമ്പന്നരുടെ പട്ടികയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും മികച്ച 10 ശതകോടീശ്വരന്മാരുടെ പട്ടികയിലെ ഏക ഇന്ത്യക്കാരനായി സ്ഥാനം ഉറപ്പിച്ചത്. 82 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ആഗോള സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ള നഗരമായി മുംബൈ മാറി. മുംബൈയില്‍ മാത്രമായി 66 ശതകോടീശ്വരന്‍മാരാണുള്ളതെന്നാണ് റിപ്പോര്‍ട്ട് .

മുംബൈയ്ക്ക് തൊട്ടുപിന്നിലാണ് ഡല്‍ഹി പട്ടികയില്‍ ഇടം പിടിച്ചത്. 39 ശതകോടീശ്വരന്‍മാർ ഡല്‍ഹിയില്‍ മാത്രമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പുതിയ 16 ശതകോടീശ്വരന്‍മാരടക്കം 187 ശതകോടീശ്വരന്‍മാരാണ് രാജ്യത്തുള്ളതെന്നും പട്ടിക വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം ലോകത്തില്‍ ശതകോടീശ്വരന്‍മാരെ സൃഷ്ടിക്കുന്നതില്‍ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.

ഇന്ത്യയിലെ ആരോഗ്യ മേഖലയാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചിരിക്കുന്നത് . തൊട്ടുപിന്നാലെ ഉപഭോക്തൃ ഉത്പന്ന മേഖലയാണ് ശതകോടീശ്വരര്‍ പിടിച്ചടക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

27 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സൈറസ് പൂനെവാലയാണ് ആരോഗ്യമേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ ധനികന്‍. തൊട്ട് പിന്നാലെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ദിലീപ് സാങ്വിയും റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. ഏകദേശം 17 ബില്യണ്‍ ഡോളറാണ് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ആസ്തി.

അതേ സമയം ലോകത്തിലെ തന്നെ വിദ്യാഭ്യാസ മേഖലയിലൂടെ സമ്പന്നനായ വ്യക്തിയാണ് ബൈജൂസ് ഗ്രൂപ്പിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന്‍ . ഈ വിഭാഗത്തിലെ രണ്ടാം സ്ഥാനക്കാരനാണ് ഇദ്ദേഹം. ആഗോള പട്ടികയിലുള്ള ഇന്ത്യൻ ശതകോടീശ്വരൻമാരിൽ 994-ാം സ്ഥാനത്താണ് ബൈജു രവീന്ദ്രന്‍.

വ്യോമയാന മേഖലയിലേയും ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരാണ് ഇടം പിടിച്ചത്. യഥാക്രമം 3.6 ബില്യണ്‍ ഡോളറും 3.3 ബില്യണ്‍ ഡോളറും ആസ്തിയുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ രാകേഷ് ഗാംഗ്വാളും രാഹുല്‍ ഭാട്ടിയയും കുടുംബവുമാണ് പട്ടികയിൽ മുൻനിരയിലുള്ള വ്യോമയാന മേഖലയിലെ ശതകോടീശ്വരന്മാര്‍.

ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ പ്രതിസന്ധിയും കാര്യമായി ബാധിച്ച അദാനി ഗ്രൂപ്പ് ഇത്തവണ 11 സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. 2023-ലെ എം3എം ഹുറൂണ്‍ ആഗോള സമ്പന്നരുടെ പട്ടികയിലെ ഊര്‍ജ്ജ മേഖലയിലെ മൂന്നാമത്തെ സമ്പന്നനായ സംരംഭകനാണ് അദാനി.82 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സമ്പന്നനായ ടെലികോം സംരംഭകനെന്ന പട്ടികയിലും അദാനി ഇടം നേടിയിട്ടുണ്ട്.

സമ്പത്തില്‍ വര്‍ഷം തോറും 35 ശതമാനം ഇടിവുണ്ടായതോടെ അഹമ്മദാബാദ് ആസ്ഥാനമായ ഗൗതം അദാനിയുടെ ആസ്തി 53 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം അദാനിക്ക് ഓരോ ആഴ്ചയും 3,000 കോടി രൂപ നഷ്ടമായെന്നാണ് ഹുറൂണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സമ്പത്തില്‍ 35 ശതമാനം ഇടിവുണ്ടായതോടെ, അദാനി ഗ്രൂപ്പിലെ ഗൗതം അദാനിക്ക് ഏറ്റവും സമ്പന്നനായ രണ്ടാമത്തെ ഏഷ്യന്‍ എന്ന കിരീടം നഷ്ടമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

99 നഗരങ്ങളില്‍ നിന്നും 18 വ്യവസായങ്ങളില്‍ നിന്നുമായി 176 പുതിയ ശതകോടീശ്വരരേക്കൂടി ഹൂറൂണ്‍ റിച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 16 ശതകോടീശ്വരരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള 16 പുതിയ ശതകോടീശ്വരില്‍ രേഖ ജുന്‍ജുന്‍വാലയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.

136-ാം സ്ഥാനത്തുള്ള കുമാര്‍ മംഗലം ബിര്‍ള ആന്‍ഡ് ഫാമിലി ലോകത്തിലെ രണ്ടാമത്തെ സമ്പന്നമായ സിമന്റ് നിര്‍മ്മാതാവാണ്.14 ബില്യണ്‍ ഡോളറാണ് ആസ്തി.8.2 ബില്യണ്‍ യുഎസ് ഡോളറിന്റെ സമ്പത്തുള്ള ബ്രിട്ടാനിയയിലെ നുസ്ലി വാഡിയയും കുടുംബവും ലോകത്തിലെ ഏറ്റവും സമ്പന്നമായ ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കളാണ്.

അനില്‍ റായ് ഗുപ്തയും ഫാമിലി ഓഫ് ഹാവല്‍സ് ഇന്ത്യയും, 3.6 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ മൂന്നാമത്തെ സമ്പന്നമായ ഗൃഹോപകരണ സംരംഭകനാണ്. 26 ബില്യണ്‍ യുഎസ് ഡോളറിന്റെ സമ്പത്തുള്ള ശിവ് നാടാറും കുടുംബവും ലോകത്തിലെ മൂന്നാമത്തെ സമ്പന്നമായ സോഫ്റ്റ്വെയര്‍ സേവന ശതകോടീശ്വരനാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

logo
The Fourth
www.thefourthnews.in