അടിയന്തരപ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ ബ്ലോക്കാക്കി ലോക്‌സഭ വെബ്‌സൈറ്റ്; ബോധപൂർവമെന്ന് എൻ കെ പ്രേമചന്ദ്രൻ

അടിയന്തരപ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ ബ്ലോക്കാക്കി ലോക്‌സഭ വെബ്‌സൈറ്റ്; ബോധപൂർവമെന്ന് എൻ കെ പ്രേമചന്ദ്രൻ

" നോട്ടീസ് നൽകാനുള്ള അവസര നിഷേധമെന്ന നിലയിൽ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതാണ് നിലവിലെ സംഭവം"- എൻ കെ പ്രേമചന്ദ്രൻ ദ ഫോർത്തിനോട് വ്യക്തമാക്കി
Updated on
1 min read

ലോക്സഭാ വെബ്‌സൈറ്റിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ ബ്ലോക്ക് ചെയ്തു. നീറ്റ് പരീക്ഷ ക്രമക്കേട് സംബന്ധിക്കുന്ന വിഷയങ്ങളിൽ നോട്ടീസ് നൽകാൻ 'ഇന്ത്യ' സഖ്യം തയാറെടുക്കവെയാണ് കേന്ദ്രസർക്കാരിന്റെ വിചിത്ര നടപടി. നീറ്റ് പരീക്ഷയുടെ ചർച്ച മാത്രമേ ഉള്ളൂവെന്നതിനാൽ ബോധപൂർവമുള്ള നീക്കമാണിതെന്ന് എം പി എൻ കെ പ്രേമചന്ദ്രൻ ദ ഫോർത്തിനോട് പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ വെബ്‌സൈറ്റിൽ ലഭിക്കാത്തത് സാങ്കേതിക തകരാറല്ലെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. താൻ നേരിട്ടാണ് ഒടുവിൽ നോട്ടീസ് നൽകിയത്. നീറ്റ് ചർച്ചയാകുമെന്ന പേരിൽ മനപൂർവ്വമാണ് ഇത്തരമൊരു തടസം സൃഷ്ടിച്ചത്. ഇതൊട്ടും ശരിയല്ല. അടിയന്തര പ്രമേയം നൽകാനുള്ള എല്ലാ ഓപ്ഷനുകളും തുറന്നിടുകയാണ് വേണ്ടത്. നടപടിക്രമമനുസരിച്ച് അങ്ങനെയാണ് വേണ്ടത്. നോട്ടീസ് നൽകാനുള്ള അവസര നിഷേധമെന്ന നിലയിൽ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതാണ് നിലവിലെ സംഭവമെന്നും അദ്ദേഹം പ്രതികരിച്ചു.

എംപിമാർക്ക് അടിയന്തര വിഷയങ്ങൾ ഉന്നയിക്കാൻ കഴിയാത്ത പാർലമെന്‍റ് എന്ന നിലയിലേക്കാണോ കാര്യങ്ങളുടെ പോക്കെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ സമൂഹമാധ്യമമായ എക്‌സിലൂടെ ചോദിച്ചു. എംപിമാർ ചിയർ ലീഡർമാരല്ലെന്നും ഡിജിറ്റൽ ഇന്ത്യയിൽ നടക്കുന്ന ഇക്കാര്യങ്ങൾ അവിശ്വസനീയമാണെന്നും അദ്ദേഹം കുറിച്ചു.

അഗ്‌നിവീർ, വിലക്കയറ്റം, തൊഴിലില്ലായ്മ, മിനിമം താങ്ങുവില, സിബിഐ, ഇ ഡി തുടങ്ങിയ സർക്കാർ ഏജൻസികളെയും ഗവർണർമാരുടെ ഓഫിസുകളെയും ദുരുപയോഗം ചെയ്യൽ എന്നീ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും

നീറ്റ്-നെറ്റ് പരീക്ഷാ തട്ടിപ്പ് പാർലമെന്റിൽ വെള്ളിയാഴ്ച ഉന്നയിക്കാൻ പ്രതിപക്ഷം തയാറെടുക്കവെയാണ് വെബ്‌സൈറ്റിലെ അടിയന്തരപ്രമേയം നൽകാനുള്ള ഓപ്ഷൻ പണിമുടക്കിയ കാര്യം ശ്രദ്ധയിൽ പെടുന്നത്. ഇരുസഭകളിലും അടിയന്തരപ്രമേയം അവതരിപ്പിക്കാൻ അനുമതി തേടാനാണ് 'ഇന്ത്യ' സഖ്യത്തിൻറെ നീക്കം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാകും ലോക്സഭയിൽ വിഷയം ഉന്നയിക്കുക. പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിയതിന് ശേഷം രാഹുൽ ലോക്‌സഭയിൽ ഉന്നയിക്കുന്ന ആദ്യ വിഷയമാണ് നീറ്റ്-നെറ്റ് പരീക്ഷ തട്ടിപ്പ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി ചർച്ചയ്ക്കിടെ വിഷയം ഉന്നയിക്കാനാണ് തീരുമാനം.

അഗ്‌നിവീർ, വിലക്കയറ്റം, തൊഴിലില്ലായ്മ, മിനിമം താങ്ങുവില, സിബിഐ, ഇ ഡി തുടങ്ങിയ സർക്കാർ ഏജൻസികളെയും ഗവർണർമാരുടെ ഓഫിസുകളെയും ദുരുപയോഗം ചെയ്യൽ എന്നീ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും. വ്യാഴാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലായിരുന്നു ഇക്കാര്യത്തിൽ തീരുമാനമായത്. വിഷയത്തിൽ ചർച്ച അനുവദിച്ചില്ലെങ്കിൽ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാനും സഖ്യം തീരുമാനിച്ചതായാണ് വിവരം

logo
The Fourth
www.thefourthnews.in