സുപ്രീംകോടതി
സുപ്രീംകോടതി

വിവാഹേതര ലൈംഗിക ബന്ധവും ഉഭയസമ്മതമില്ലാത്ത സ്വവർഗരതിയും കുറ്റകൃത്യമാക്കണം; പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ശിപാര്‍ശ

വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീക്കും പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തിൽ ഉണ്ടാകണമെന്നാണ് ശിപാർശ
Updated on
1 min read

ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ബില്ലായ ഭാരതീയ ന്യായ സംഹിതയിൽ വിവാഹേതര ലൈംഗീക ബന്ധം കുറ്റകരമാക്കുന്ന വകുപ്പ് നിലനിർത്തണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശിപാർശ ചെയ്തു. വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീക്കും പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തിൽ ഉണ്ടാകണമെന്നാണ് ശിപാർശ.

വിവാഹേതര ലൈംഗീക ബന്ധം ക്രിമിനൽ കുറ്റമാക്കിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ്, സ്ത്രീകളോടുള്ള വിവേചനപരവും ലിംഗഭേദം നിലനിർത്തുന്നതുമാണ് എന്ന കാരണത്താൽ, സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിരുന്നു. വിവാഹേതര ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ പുരുഷനെ മാത്രം ശിക്ഷിക്കുന്ന രീതിയിലായിരുന്നു നിയമം. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി 497 ാം വകുപ്പ് റദ്ദാക്കിയത്.

ഇതിനെ മറിക്കടക്കുന്നതാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശിപാർശ. വിവാഹമെന്ന സ്ഥാപനം ഇന്ത്യൻ സമൂഹത്തിൽ പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും അതിന്റെ പവിത്രത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും കമ്മിറ്റി ശിപാർശ ചെയ്തത്. നേരത്തെ കമ്മറ്റിയുടെ ശിപാർശയിൽ കമ്മറ്റി അംഗമായ പി ചിദംബരം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

ലിംഗ നീതിക്ക് വേണ്ടിയാണ് ശിപാർശയെങ്കിലും വിവാഹേതര ലൈംഗീക ബന്ധം കുറ്റകൃത്യമാക്കുകയാണ് ചെയ്യുന്നതെന്നും ചിദംബരം ചൂണ്ടിക്കാട്ടി. ഒരു വിവാഹം രണ്ട് വ്യക്തികളെ മാത്രം ബാധിക്കുന്നു, പൊതു സമൂഹത്തെയല്ല. അവരുടെ ജീവിതത്തിലേക്ക് പ്രവേശിക്കാനും കുറ്റാരോപിതനായ കുറ്റവാളിയെ ശിക്ഷിക്കാനും ഭരണകൂടത്തിന് അവകാശമില്ലെന്നും ചിദംബരം പറഞ്ഞു.

ഉഭയസമ്മതമില്ലാത്ത സ്വവർഗരതി കുറ്റകരമാക്കണമെന്നും ശിപാർശയിൽ പറയുന്നുണ്ട്. ഭാരതീയ ന്യായ സൻഹിതയിൽ, പുരുഷൻ, സ്ത്രീ, ട്രാൻസ്ജെൻഡർ, മൃഗങ്ങൾ എന്നിവയ്ക്കെതിരായ സമ്മതപ്രകാരമുള്ള ലൈംഗിക കുറ്റകൃത്യത്തിന് ഒരു വ്യവസ്ഥയും നൽകിയിട്ടില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

ചെറിയ കുറ്റങ്ങൾക്കുള്ള ശിക്ഷാരീതിയായി 'കമ്മ്യൂണിറ്റി സർവീസ്' അവതരിപ്പിച്ചതിനെ കമ്മിറ്റി അഭിന്ദിച്ചു. അതേസമയം ''കമ്മ്യൂണിറ്റി സർവീസ്' എന്ന പദം ശരിയായി നിർവചിക്കണമെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു. കമ്മ്യൂണിറ്റി സേവനത്തിന്റെ രൂപത്തിൽ നൽകുന്ന ശിക്ഷയുടെ മേൽനോട്ടം വഹിക്കാൻ ഒരു വ്യക്തിയെ ചുമതലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വ്യവസ്ഥ ഉണ്ടാക്കാമെന്നും കമ്മിറ്റി നിർദ്ദേശിച്ചു.

മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ റദ്ദാക്കാനും പകരമായി ഭാരതീയ ന്യായ സംഹിത, 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, 2023 ഭാരതീയ സാക്ഷ്യ ബിൽ, 2023 എന്നിങ്ങനെ മൂന്ന് ബില്ലുകളുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in