തകര്‍ന്ന ട്രാക്കുകള്‍, തെറിച്ചുപോയ ബോഗികള്‍; ഒഡിഷ അപകടത്തിന്റെ ഭീകരത വെളിവാക്കി ആകാശ ദൃശ്യങ്ങള്‍
ഒന്നിന് പിറകെ ഒന്നായി മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ആകാശ ദൃശ്യങ്ങള്‍. പൂര്‍ണമായും തകര്‍ന്ന റെയില്‍ പാളങ്ങളും, തെറിച്ചു വീണ ബോഗികളുടെയും വ്യക്തമായ ചിത്രങ്ങളാണ് ആകാശ ദൃശ്യങ്ങളില്‍ തെളിയുന്നത്.
ഇന്നലെ വൈകീട്ട് ഏഴു മണിയോടെ ആയിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമായി ഇടിച്ചാണ് അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ ചരക്കുവണ്ടിയിലേക്ക് കോറോമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചു കയറിതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും. പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒഡിഷയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു. രക്ഷാപ്രവര്‍ത്തനം, പരുക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും.
നേരത്തെ, അപകടസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര റെയില്‍വേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഒഡീഷയില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ പേര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചു. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുമാണ് സര്‍ക്കാരിന്റെ ശ്രദ്ധ. സംഭവത്തില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അപകട സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.