തെരുവിൽ കിടന്നുറങ്ങുന്നവർക്ക് അഫ്ഗാൻ ക്രിക്കറ്റർ ഗുര്‍ബാസിന്റെ ദീപാവലി സമ്മാനം; പ്രശംസയുമായി ശശി തരൂർ
ഈ ലോകകപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തിയ ടീമായിരുന്നു അഫ്ഗാനിസ്ഥാൻ. തുടരെ തുടരെയുള്ള അട്ടിമറികളിലൂടെ ഏവരെയും ഞെട്ടിച്ച് കളഞ്ഞ ടീം. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും പിന്തള്ളി നാലു വിജയങ്ങളും എട്ടു പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനം സ്വന്തമാക്കിയാണ് അവർ ലോകകപ്പിൽ നിന്ന് മടങ്ങിയത്. ഇപ്പോഴിതാ ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവരുകയാണ് അഫ്ഗാൻ കളിക്കാരൻ റഹ്മാനുള്ള ഗുര്‍ബാസിന്റെ ഒരു ഹൃദ്യമായ വീഡിയോ.
ഗുജറാത്തിലെ അഹമ്മദാബാദിൽ തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ദീപാവലി സമ്മാനമായി ഗുർബാസ് പണം നൽകുന്ന വീഡിയോ ആണ് വൈറലാകുന്നത്. അഫാഗാൻ ഓപ്പണറായ താരം പുലർച്ചെ മൂന്ന് മണിയോടെയാണ് ദീപാവലി സമ്മാനവുമായി എത്തിയത്. കാറിലെത്തിയ ഇരുപത്തിയൊന്നുകാരനായ താരം തെരുവിൽ ഉറങ്ങുന്ന ആളുകൾക്ക് 500 രൂപ വീതമാണ് ദീപാവലി ആഘോഷിക്കാൻ സമ്മാനമായി നൽകിയത്.
കിടന്നുറങ്ങുന്നവരെ വിളിച്ചുണർത്തുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ അവരുടെ തലയുടെ അടുക്കൽ പണം വെച്ചു. ശേഷം പെട്ടെന്ന് തന്നെ തന്റെ കാറിൽ കയറി പോവുകയും ചെയ്തു. അഹമ്മദാബാദ് നിവാസിയായ ഒരു റേഡിയോ ജോക്കിയാണ് താരത്തെ തിരിച്ചറിഞ്ഞ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ വൈറലായി. നിരവധി പേർ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ റീ ഷെയർ ചെയ്തിട്ടുണ്ട്.
ലോകകപ്പിൽ നിന്ന് പുറത്തായി അഫ്ഗാനിസ്ഥാൻ ടീം നാട്ടിലേക്ക് മടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഗുർബാസ് പണം കൈമാറിയത്. നിരവധി പേരാണ് താരത്തിന്റെ നല്ല മനസിനെ പ്രശംസിച്ച രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ ഗുർബസിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിട്ടുണ്ട്. "അവസാന മത്സരത്തിന് ശേഷം അഹമ്മദാബാദിലെ ഭവന രഹിതർക്കായി അഫ്ഗാൻ ബാറ്റ്‌സ്മാൻ റഹ്മത്തുള്ള ഗുർബാസ് ചെയ്ത അത്ഭുതകരമായ ദയയുള്ള പ്രവൃത്തി. അദ്ദേഹം നേടിയേക്കാവുന്ന ഏതൊരു സെഞ്ച്വറിയെക്കാളും വളരെ മികച്ചതാണ് ഇത്. കൂടാതെ അദ്ദേഹം ധാരാളംസ്‌കോർ ചെയ്യട്ടെ! അദ്ദേഹത്തിന്റെ കരിയറും ഹൃദയത്തോടൊപ്പം വളരട്ടെ," തരൂർ സാമൂഹ്യ മാധ്യമമായ എക്‌സിൽ കുറിച്ചു.
ഗുർബാസ് കളിക്കുന്ന ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) വീഡിയോ ദൃശ്യങ്ങൾ പങ്കിട്ടിട്ടുണ്ട്. ഈ ലോകകപ്പിലും ഗാർബേസ് മികച്ച പ്രകടനം പുറത്തെടുത്തിയിരുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്നായി രണ്ട് അർധസെഞ്ചുറികൾ സഹിതം 98.94 സ്‌ട്രൈക്ക് റേറ്റിൽ 280 റൺസായിരുന്നു അർബാസ് നേടിയത്.