മോദി എന്തുകൊണ്ട് ഇതുവരെ മണിപ്പൂർ സന്ദർശിച്ചില്ല? മണിപ്പൂരിൽ അഫ്‌സ്പ നീട്ടാനുള്ള തീരുമാനത്തിനെതിരെ ഇറോം ശർമിള
വിവാദമായ ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ് ആക്ട് (AFSPA) എന്ന അടിച്ചമർത്തൽ സ്വഭാവമുള്ള നിയമമല്ല മണിപ്പൂരിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് സാമൂഹിക പ്രവർത്തക ഇറോം ശർമിള. ആറ് മാസത്തേക്ക് കൂടി നിയമത്തിന് മണിപ്പൂരിൽ പ്രാബല്യം നീട്ടി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ഇറോം ശർമിളയുടെ പ്രതികരണം.
കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന സർക്കാർ ആളുകളുടെ വൈവിധ്യങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത്, അല്ലാതെ ഏകീകൃത സിവിൽ കോഡ് പോലുള്ള കാര്യങ്ങളിലൂടെ ജനങ്ങളെ ഏകീകരിക്കാൻ ശ്രമിക്കുകയല്ല വേണ്ടതെന്നും അവർ അഭിപ്രായപ്പട്ടു. "വ്യത്യസ്ത സാംസ്കാരിക വിഭാഗങ്ങളുടെ മൂല്യങ്ങളും രീതികളും ബഹുമാനിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യ അതിന്റെ വൈവിധ്യങ്ങളിലാണ് അറിയപ്പെടുന്നത്." ഇറോം ശർമിള പറഞ്ഞു.
മേയില്‍ കലാപം ആരംഭിച്ചിട്ട് ഇതുവരെ എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് മണിപ്പൂർ സന്ദർശിക്കാൻ സാധിക്കാത്തത്? മോദി രാജ്യത്തിൻറെ നേതാവാണ്. അദ്ദേഹം മണിപ്പൂർ സന്ദർശിക്കുകയോ കലാപബാധിതരുമായി സംസാരിക്കുകയോ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ പ്രശ്നം പരിഹരിക്കാമായിരുന്നു. അതിന് താല്പര്യവും, സ്നേഹവും, മാനുഷികമായ സ്പർശവുമാണ് ആവശ്യം. പക്ഷെ ബി.ജെ.പി ക്ക് ഈ പ്രശ്നം പരിഹരിക്കപ്പെടണമെന്നില്ല" ഇറോം ശർമിള പറഞ്ഞു.
മുഖ്യമന്ത്രി ബിരേയ്ൻ സിങിനെ വിമർശിച്ച ഇറോം ശർമിള സർക്കാരിന്റെ നിലപാടുകളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും പറഞ്ഞു. കലാപത്തിൽ ഏറ്റവും കൂടുതൽ ഇരയാക്കപ്പെട്ടത് യുവാക്കളാണെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ കാലാവധി നീട്ടിനൽകിയ കിരാതനിയമം കാരണം ഏറ്റവും ദ്രോഹിക്കപ്പെട്ടത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സ്ത്രീകളാണ്. അതിനു കാരണക്കാരായവരാണ് ഇപ്പോൾ സ്ത്രീകളുടെ അന്തസ്സിനെ കുറിച്ച് സംസാരിക്കുന്നതും, വനിതാ സംവരണ ബില്ല് കൊണ്ടുവരുന്നതെന്നും ഇറോം ശർമിള വിമർശിച്ചു.