ഫ്രിഡ്ജില്‍ ശ്രദ്ധയുടെ ശരീരഭാഗങ്ങൾ; കൊലയ്ക്ക് ശേഷം മറ്റൊരു പെൺകുട്ടിയെയും അഫ്താബ് വീട്ടിലെത്തിച്ചു
കാമുകിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് വിവിധയിടങ്ങളിൾ വലിച്ചെറിഞ്ഞ അഫ്താബ് അമീൻ പൂനാവാല, കൊലപാതകം നടന്ന് ദിവസങ്ങൾക്ക് ശേഷം മറ്റൊരു സ്ത്രീയെ തന്റെ അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുവന്നുതായി പോലീസ്. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ ഇതേ സമയത്ത് തന്നെ ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ശ്രദ്ധയുടെ കൊലപാതകത്തില്‍ ഇത്തരത്തില്‍ വീട്ടിലെത്തിയ സ്ത്രീകള്‍ പ്രേരണ നൽകിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഡേറ്റിങ് ആപ്പായ ബംബിൾ വഴിയാണ് ഇയാൾ ശ്രദ്ധയെ പരിചയപ്പെടുന്നത്. ഇതേ ഡേറ്റിങ് ആപ്പിലൂടെ തന്നെയാണ് പുതിയ പെൺകുട്ടിയെ പരിചയപ്പെട്ടതെന്നാണ് വിവരം. ശ്രദ്ധയെ കൊലപ്പെടുത്തി 15-20 ദിവസങ്ങൾക്ക് ശേഷം അഫ്താബ് പൂനാവാല അതേ ആപ്പിൽ പുതിയ പെൺകുട്ടിയെ പരിചയപ്പെടുകയും ഡേറ്റിങ് ആരംഭിക്കുകയും ചെയ്തുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ശ്രദ്ധയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ അപ്പാർട്ട്മെന്റിൽ തന്നെയിരിക്കെ അയാൾ പുതിയ പെൺസുഹൃത്തിനെ ഇടയ്ക്കിടെ വീട്ടിലേക്ക് കൊണ്ടുവന്നു. അപ്പോഴും ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ കൊലയ്ക്ക് ശേഷം വാങ്ങിയ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ പുതിയ പെൺസുഹൃത്തിനെ വീട്ടിലെത്തിച്ചപ്പോൾ ശരീരഭാഗങ്ങൾ ശ്രദ്ധയിൽപെടാതിരിക്കാനായി അലമാരയിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു. അഫ്താബിന്റെ പ്രൊഫൈലിന്റെ വിവരങ്ങൾ ബംബിളിനോട് ചോദിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
2019 മുതലാണ് 28 കാരനായ അഫ്‌താബ് പൂനവാലയും, 26കാരിയായ ശ്രദ്ധ വൽക്കറും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും ഡൽഹിയിലേക്ക് താമസം മാറിയത്. വിവാഹം കഴിക്കണമെന്ന് ശ്രദ്ധ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരു ഷെഫായി പരിശീലനം നേടിയ അഫ്താബ് ശ്രദ്ധയുടെ ശരീരം വെട്ടിമുറിക്കുന്നതിന് മുൻപ് രക്തക്കറയും ശരീരഭാഗങ്ങളും എങ്ങനെ വൃത്തിയാക്കണമെന്ന് ഗൂഗിളിൽ പരിശോധിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വെട്ടാനുപയോഗിച്ച കത്തിക്കായി പോലീസ് തിരയുകയാണ്.
മുംബൈയിലെ ഒരു കമ്പനിയില്‍ കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന ശ്രദ്ധയെ അഫ്താബ് ശ്രദ്ധയെ മാനസികമായും ശാരീരികമായും നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും ഒരുപാട് തവണ ആ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ശ്രദ്ധയുടെ സുഹൃത്തുക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കുമെന്ന് ശ്രദ്ധ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു. അവസാനമായി പോലീസില്‍ പരാതി നല്‍കാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോഴേക്കും ശ്രദ്ധയെ അഫ്താബ് വന്ന് ബോധ്യപ്പെടുത്തി അയാളുടെ കൂടെ കൂട്ടി കൊണ്ടു പോവുകയായിരുന്നെന്നാണ് അവര്‍ പറയുന്നത്.
പിന്നീട് ശ്രദ്ധയുടെ വിവരങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ പിതാവിനെ അറിയിക്കുകയായിരുന്നു. പിതാവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അഫ്താബുമായുള്ള ബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതിനാല്‍ 2019 മുതല്‍ വീടുമായി വലിയ ബന്ധം ശ്രദ്ധ സൂക്ഷിച്ചിരുന്നില്ല. 2020ല്‍ അമ്മ മരിച്ചപ്പോഴാണ് ശ്രദ്ധ അവസാനമായി വീട്ടില്‍ പോകുന്നത്.