വെട്ടിനുറുക്കുമെന്ന് അഫ്താബ് ഭീഷണിപ്പെടുത്തി; രണ്ട് വര്‍ഷം മുന്‍പ് ശ്രദ്ധ പരാതിപ്പെട്ടിരുന്നതായി ഡല്‍ഹി പോലീസ്
ഡല്‍ഹിയില്‍ പങ്കാളി കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കാട്ടില്‍ ഉപേക്ഷിച്ച ശദ്ധ വാള്‍ക്കര്‍ വര്‍ഷങ്ങളായി അഫ്താബ് പൂനാവാലെയുടെ പീഡനത്തിന് ഇരയായിരുന്നെന്ന് കണ്ടെത്തല്‍. അഫ്താബ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ശ്രദ്ധ നേരത്തെയും ഭയന്നിരുന്നു എന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചിരുന്നതിനും തെളിവുകള്‍ ഡല്‍ഹി പോലീസിന് ലഭിച്ചു. ജന്മനാടായ മഹാരാഷ്ട്രയിലെ വസായ് പോലീസില്‍ പരാതി നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 നവംബര്‍ 23നാണ് ശ്രദ്ധ പരാതി നല്‍കിയത്. അഫ്താബ് നിരന്തരം മര്‍ദിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ നിന്നും വ്യക്തമാകുന്നു.
അഫ്താബ് ഇനി ശ്രദ്ധയെ ഉപദ്രവിക്കില്ലെന്നുള്ള അയാളുടെ മാതാപിതാക്കളുടെ ഉറപ്പിന്മേല്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് ശ്രദ്ധ പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു
'ഇന്ന് എന്നെ അയാൾ ശ്വാസം മുട്ടിച്ച് കൊള്ളാൻ ശ്രമിച്ചു. വെട്ടിനുറുക്കി മൃതദേഹം കഷണങ്ങളാക്കി വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി. ആറ് മാസത്തിലേറെയായി നിരന്തരം മർദനം അനുഭവിക്കുന്നു. ഇതൊക്കെ ആരോടേലും പറഞ്ഞാൽ, കൊലപ്പെടുത്തുമെന്ന ഭീഷണി ഭയന്നാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്' എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
ശ്രദ്ധയും അഫ്താബും ഒരുമിച്ചാണ് കഴിയുന്നതെന്നും ശ്രദ്ധ നിരന്തരം പീഡനം അനുഭവിക്കുന്നതായും അഫ്താബിന്റെ കുടുംബത്തിന് അറിയാമെന്നും പരാതിയിലുണ്ട്. ഉടൻ തന്നെ വിവാഹിതരാകുമെന്ന പ്രതീക്ഷയിലാണ് എല്ലാം സഹിച്ചിരുന്നത്. എന്നാൽ ഒരുമിച്ചുള്ള ജീവിതം സാധ്യമല്ല എന്നും ശ്രദ്ധ പോലീസിനെ അറിയിച്ചിരുന്നു.
അതേസമയം, അഫ്താബ് ഇനി ശ്രദ്ധയെ ഉപദ്രവിക്കില്ലെന്നുള്ള അയാളുടെ മാതാപിതാക്കളുടെ ഉറപ്പിന്മേല്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് ശ്രദ്ധ പിന്നീട് പോലീസിനെ അറിയിച്ചു. വിഷയത്തില്‍ നടപടി എടുക്കേണ്ടതില്ലെന്ന് ശ്രദ്ധ സ്വന്തം കൈപടയില്‍ എഴുതിയറിയിച്ചതായും ശ്രദ്ധയുടെ സഹപ്രവര്‍ത്തകനായ കരണ്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മകളെ തട്ടിക്കൊണ്ടു പോയതായി കാട്ടി ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വോൾക്കർ നൽകിയ പരാതിയിലാണ് ഹീനമായ കൊലപാതക വിവരം പുറത്ത് വരുന്നത്. പിന്നാലെ ഡൽഹി പൊലീസ് അഫ്‌താബ് അമീൻ പൂനവാലയെ അറസ്റ്റ് ചെയ്‌തത്. തുടര്‍ന്നാണ് ഡൽഹിയിലെ മെഹ്റോളിയിൽ 6 മാസം മുൻപ് നടന്ന കൊലപാതകം ചുരുളഴിഞ്ഞത്. മേയ് 18നാണ് ശ്രദ്ധ കൊല്ലപ്പെട്ടത്. 3 ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ട് നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. പെട്ടെന്ന് ഉണ്ടായ പ്രകോപനമാണ് കൊലയിലേക്ക് നയിച്ചതെന്ന് അഫ്താബ് കഴിഞ്ഞ ദിവസം പോലീസിനെ അറിയിച്ചു. മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണ് ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഈ വർഷമാദ്യം ഇരുവരും ഡൽഹിയിലേക്ക് താമസം മാറ്റുകയായിരുന്നു.