ഡൽഹി കൊലപാതകം; തർക്കം പതിവെന്ന് അഫ്താബ്, മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്
രാജ്യത്തെ നടുക്കിയ ശ്രദ്ധ വാൾക്കർ കൊലക്കേസ് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സാമ്പത്തിക ചെലവുകൾ സംബന്ധിച്ച് പരസ്പരം ഉണ്ടായ വഴക്കുകളും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് സൂചന. മുംബൈയിലെ ജോലി ഉപേക്ഷിച്ചതിന് ശേഷം ഇരുവരെയും സാമ്പത്തിക പ്രശ്‌നങ്ങൾ അലട്ടിയിരുന്നു. കൂടാതെ മുംബൈയിൽ നിന്ന് തങ്ങളുടെ സാധനങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുവരാൻ ആര് പോകും എന്നതിനെച്ചൊല്ലി ഇരുവരും അടുത്തിടെ തർക്കത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മുംബൈയിൽ നിന്ന് സാധനങ്ങൾ കൊണ്ടുവരാനുള്ള ശ്രദ്ധയുടെ അഭ്യർത്ഥന താൻ നിരസിച്ചതായും ദക്ഷിണ ഡൽഹിയിലെ ഛത്തർപൂർ പഹാഡിയിലുള്ള അപ്പാർട്ട്‌മെന്റ് ഒഴിയാൻ ശ്രദ്ധയെ പ്രേരിപ്പിച്ചിരുന്നതായും അഫ്താബ് പോലീസിനോട് പറഞ്ഞു. വീട്ടുചെലവിനെ ചൊല്ലിയും തര്‍ക്കങ്ങള്‍ പതിവായിരുന്നു.
അഫ്താബും ശ്രദ്ധയും തമ്മിൽ വഴക്ക് പതിവായിരുന്നു. കുറച്ച് ദിവസം മുൻപ് ഇരുവരും വഴക്കിട്ട് പിരിഞ്ഞതായും പിന്നീട് അവരിൽ ഒരാൾക്ക് ജോലി കിട്ടുന്നത് വരെ ഫ്ലാറ്റ്മേറ്റ് ആയി തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നും അഫ്താബ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. എന്നാൽ അഫ്താബിന്റെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ പോലീസ് തയറായിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാനാണ് അഫ്താബിന്റെ ശ്രമമെന്നും പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ നാർക്കോ ടെസ്റ്റ് നടത്താൻ അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചത്.
ഛത്തർപൂർ പഹാഡിയിലെ ഇവർ താമസിച്ച വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ രക്തത്തിന്റെ അംശങ്ങളും ശ്രദ്ധയുടേതെന്ന് പറയപ്പെടുന്ന ബാഗും ലഭിച്ചതായി പോലീസ് പറഞ്ഞു
അതേസമയം അന്വേഷണത്തിൽ പുരോഗതിയുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുമ്പോഴും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ശ്രദ്ധയുടെ തലയോട്ടി, മൊബൈൽ ഫോൺ, ശ്രദ്ധയും അഫ്താബും ധരിച്ച വസ്ത്രം എന്നിവയും ഇനിയും കണ്ടെത്താനായിട്ടില്ല. ഛത്തർപൂർ പഹാഡി പ്രദേശത്ത് സിസിടിവിയിൽ നിന്ന് പ്രതിയുടെ ചില ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ അവയൊന്നും വ്യക്തമല്ലെന്നും സിസിടിവി മാപ്പിങിലൂടെ ഇയാൾ സഞ്ചരിച്ച സ്ഥലങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്നും പോലീസ് അറിയിച്ചു.
''രാത്രി ഒരു മണിക്കും രണ്ട് മണിക്കും ഇടയിൽ ശരീര ഭാഗങ്ങൾ വലിച്ചെറിയാനായി പുറത്തിറങ്ങിയെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. കൃത്യമായ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മെയ് മാസം മുതൽ എല്ലാ സിസിടിവി ദൃശ്യങ്ങളും വീണ്ടെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം മിക്ക സിസ്റ്റങ്ങൾക്കും പഴയ ഫൂട്ടേജുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സംഭരണ ശേഷിയില്ല. എന്നാലും പ്രദേശത്ത് നിന്ന് ചില ദൃശ്യങ്ങൾ ശേഖരിക്കാൻ സാധിച്ചിട്ടുണ്ട്''-അന്വേഷണ ഉദ്യേഗസ്ഥർ പറഞ്ഞു. ഛത്തർപൂർ പഹാഡിയിലെ ഇവർ താമസിച്ച വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ രക്തത്തിന്റെ അംശങ്ങളും ശ്രദ്ധയുടേതെന്ന് പറയപ്പെടുന്ന ബാഗും ലഭിച്ചതായി പോലീസ് പറഞ്ഞു.
കൂടുതൽ പരിശോധനയ്ക്കായി ശ്രദ്ധയുടെ അച്ഛന്റെ ഡിഎൻഎ സാമ്പിളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെ സഹായിക്കാന്‍ വിവിധ ടീമുകളിലെ എസിപിമാരെ ഉള്‍പ്പെടുത്തി പോലീസ് ഓഡിറ്റ് ടീമിന് രൂപം നല്‍കിയിട്ടുണ്ട്. ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന വനമേഖല വീണ്ടും പോലീസ് പരിശോധിക്കും.