ഇലക്ടറല്‍ ബോണ്ട്: എസ്ബിഐയ്‌ക്കെതിരേ സിപിഎം, സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി
ഇലക്ടറല്‍ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന് സാവകാശം ചോദിച്ചുകൊണ്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) സമര്‍പ്പിച്ച ഹര്‍ജിക്കെതിരേ സിപിഎം സുപ്രീംകോടതിയില്‍. എസ്ബിഐയുടെ ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിപിഎം ഇന്ന് എസ്ബിഐയ്‌ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഇരുഹര്‍ജികളും നാളെ പരിഗണിക്കും.
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനകളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനാണ് എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നത്. അതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. എസ്ബിഐ നല്‍കുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 13-ന് മുമ്പ് പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
എന്നാല്‍ ഏറെ രേഖകള്‍ പരിശോധിച്ച് മാത്രമേ വിവരങ്ങള്‍ ശേഖരിക്കാനാകൂയെന്നും ഇതു ക്രോഡീകരിച്ചു സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നു. അതിനാല്‍ ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് എസ്ബിഐ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാരും എസ്ബിഐയും തമ്മിലുള്ള ഒത്തുകളിയാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്നും അതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് എസ്ബിഐ സമയം നീട്ടിച്ചോദിക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തു വന്നു.
പിന്നാലെ എസ്ബിഐ കോടതി വിധി മനപ്പൂര്‍വം അനുസരിക്കാതിരിക്കുകയാണെന്നും അത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാണ്ടി ഇലക്ടറല്‍ ബോണ്ട് കേസിലെ ഹര്‍ജിക്കാരായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാരിനെയും എസ്ബിഐയെയും കക്ഷിചേര്‍ത്താണ് അവര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് ഇന്ന് സിപിഎമ്മും എസ്ബിഐയ്‌ക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.