പ്രതിപക്ഷത്തെ വിടാതെ കേന്ദ്ര ഏജന്‍സി; സിപിഐയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസ് എംപിക്കും ആദായനികുതി വകുപ്പ് നോട്ടീസ്
കോണ്‍ഗ്രസിന് പിന്നാലെ, സിപിഐയ്ക്കും നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. 11 കോടി രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആദയനികുതി റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ചു എന്ന കാരണത്താലാണ് നടപടി.
നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് സിപിഐ പ്രതികരിച്ചു. സിപിഐയ്ക്കും കോണ്‍ഗ്രസിനും പുറമേ, തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി സാകേത് ഗോഖലെയ്ക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. 72 മണിക്കൂറിനുള്ളില്‍ 11 നോട്ടീസ് ലഭിച്ചെന്ന് സാകേത് എക്‌സില്‍ കുറിച്ചു. നേരത്ത, 1823 കോടി രൂപ അടയ്ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു.
ഏഴ് വര്‍ഷം മുന്‍പുള്ള നോട്ടീസ് വരെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സാകേത് എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നീതിയുക്തവുമായി നടത്തുമെന്ന് ഇപ്പോഴും മോദി സര്‍ക്കാര്‍ അഭിനയിക്കുന്നത് തമാശയാണെന്ന് അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു. ഇഡി നീക്കങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ ആദായനികുതി വകുപ്പിനെ രംഗത്തിറക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017-18 മുതല്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ പിഴയും പലിശയും ഉള്‍പ്പെടുന്നതാണ് തുക. ഇക്കാലയളവിലെ ആദായ നികുതിയുടെ പുനര്‍നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ നോട്ടീസ് കൈമാറിയത്. ആദായനികുതി വകുപ്പ് നടപടിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് 2018-19 സാമ്പത്തിക വര്‍ഷത്തെ നികുതി കുടിശ്ശിക, പലിശ എന്നീ ഇനങ്ങളിലായി 135 കോടി രൂപ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ആദായ നികുതി വകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ പോലും തുറക്കാന്‍ സാധിക്കാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.