ഡല്‍ഹി 'വളഞ്ഞ്' സിബിഐ; 1,000 ലോഫ്‌ളോര്‍ ബസ് വാങ്ങിയ സംഭവത്തിലും അന്വേഷണം

ഡല്‍ഹി 'വളഞ്ഞ്' സിബിഐ; 1,000 ലോഫ്‌ളോര്‍ ബസ് വാങ്ങിയ സംഭവത്തിലും അന്വേഷണം

അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്.
Updated on
1 min read

ഡല്‍ഹിയിലെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെ 15 പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കേജ്രിവാള്‍ സര്‍ക്കാറിന് എതിരെ കൂടുതല്‍ കേസുകള്‍. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് വേണ്ടി പുതിയ ലോഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതിലും, പരിപാലനത്തിലും അഴിമതി ഉണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.

ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ 1,000 ലോഫ്‌ളോര്‍ എയര്‍ ബസുകളുടെ വാര്‍ഷിക മെയിന്റനന്‍സ് കരാറുമായി (എഎംസി) ബന്ധപ്പെട്ട ഇടപാടില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. വിഷയത്തില്‍ 2021 ല്‍ അന്നത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രൂപീകരിച്ച കമ്മിറ്റി വിവിധ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പുതിയ ബസുകള്‍ ലഭിക്കുന്നത് തടയാനാണ് ബിജെപി ശ്രമിക്കുന്നത്

ആംആദ്മി പാര്‍ട്ടി

850 കോടി രൂപയ്ക്ക് 1000 ബസുകള്‍ വാങ്ങാനായിരുന്നു കരാര്‍. ഇതിനൊപ്പം 12 വര്‍ഷത്തിനായി 3,412 കോടി രൂപയുടെ പരിപാലന കരാറുമായിരുന്നു ഇടപാട്. 70:30 അനുപാതത്തില്‍ ജെബിഎം ഓട്ടോ, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്കായിരുന്നു പര്‍ച്ചേസ് ടെന്‍ഡര്‍. എന്നാല്‍ മെയിന്റനന്‍സ് കരാറില്‍ ജെബിഎം ഓട്ടോ റിവേഴ്‌സ് ഏറ്റവും കുറഞ്ഞ അന്തിമ വില സമര്‍പ്പിച്ചതും യോഗ്യതയുള്ള ബിഡ്ഡര്‍ ആയി മാറുകയായിരുന്നു. ബസുകളുടെ മെയിന്റനന്‍സ് കരാറില്‍ അഴിമതിയുണ്ടെന്ന് ഈ മാസം മാര്‍ച്ചില്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ജൂണില്‍ മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്.

അതേസമയം, എല്ലാ ആരോപണങ്ങളും തള്ളുകയാണ് ഡല്‍ഹി സര്‍ക്കാര്‍. 'ആരോപണങ്ങളില്‍ അടിസ്ഥാനമില്ല. വിഷയം സമഗ്രമായി അന്വേഷിച്ച് ക്ലീന്‍ ചിറ്റ് നല്‍കിയതാണ്,' എന്നും ഡല്‍ഹി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ മെയിന്റനന്‍സ് ടെന്‍ഡര്‍ സംബന്ധിച്ച് സമിതി നടത്തിയ പ്രത്യേക നിരീക്ഷണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പുതിയ ബസുകള്‍ ലഭിക്കുന്നത് തടയാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാരിനെ നേരത്തെയും ദ്രോഹിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാം പരാജയപ്പെട്ടു. മികച്ച ഭരണത്തില്‍ വിശ്വസിക്കുന്നവരാണ് ഡല്‍ഹി സര്‍ക്കാര്‍. ജനങ്ങള്‍ക്ക് മുന്നില്‍ മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ് എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ എക്സ്സൈസ് നയം രൂപീകരിക്കുന്നതില്‍ നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മനീഷ് സിസോദിയ ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്ത് സിബിഐ നേരത്തെ കേസെടുത്തത്. ക്രിമിനല്‍ ഗൂഡാലോചന, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നിവയും ചാര്‍ജ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു സിസോദിയ ഉള്‍പ്പടെയുള്ളവരുടെ വസതികളിലും വീടുകളിലും റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മദ്യ ഷോപ്പ് ഉടമകള്‍ക്ക് അനുകൂലമായ തരത്തില്‍ നയത്തില്‍ ഭേദഗതികള്‍ വരുത്താന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in