സാഞ്ചിയെ തഴഞ്ഞ് അമുലിന് പ്രോത്സാഹനം, പാല്‍ത്തര്‍ക്കം ഉത്തരേന്ത്യയിലേക്കും, ഗുജറാത്ത് ബ്രാന്‍ഡിനെതിരെ മധ്യപ്രദേശ്
കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ശേഷം തദ്ദേശ പാല്‍ ബ്രാന്‍ഡിന്റെ പേരില്‍ മധ്യപ്രദേശിലും തര്‍ക്കം. മധ്യപ്രദേശ് സംസ്ഥാനത്തിന്റെ ഡയറി ബ്രാന്‍ഡായ സാഞ്ചിയും ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമുലും തമ്മിലാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. മധ്യപ്രദേശ് കോ ഓപ്പറേറ്റീവ് ഡയറി ഫൗണ്ടേഷന്റെ ബ്രാന്‍ഡായ സാഞ്ചിയുടേതിനേക്കാള്‍ വിലയില്‍ പാല്‍ സ്വീകരിക്കാന്‍ അവസരം നല്‍കി സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അമുലിനെയും മറ്റ് ബ്രാന്‍ഡുകളേയും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മധ്യപ്രദേശിലെ മുഗളിയ ഹാത്ത് ഗ്രാമത്തിലെ കര്‍ഷകര്‍ സാഞ്ചി സഹകരണ സ്ഥാപനത്തിന് പാല്‍ നല്‍കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ധ്യപ്രദേശിന്റെ ചെലവില്‍ ഗുജറാത്തിനെ ശക്തിപ്പെടുത്താനുള്ള ശ്രമം
ലിറ്ററിന് 40 മുതല്‍ 45 വരേയാണ് മില്‍മ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആവശ്യമുള്ള വില നല്‍കാന്‍ സഹകരണം സ്ഥാപനമായ സാഞ്ചിക്ക് സാധിക്കുന്നില്ലെന്നാണ് കര്‍ഷകുടെ ഭാഗത്തുനിന്നുള്ള വിമര്‍ശനം. മില്‍മ പാലിന് ലിറ്ററിന് 40 മുതല്‍ 43 വരെ നല്‍കുമ്പോള്‍ സാഞ്ചി 32 മുതല്‍ 35 വരേ മാത്രമാണ് നല്‍കുന്നത് എന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ സാഞ്ചി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലഹരണപ്പെടുമെന്ന് മുന്‍ സഹകരണ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ഡോ. ഗോവിന്ദ് സിംഗ് ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശിന്റെ ചെലവില്‍ ഗുജറാത്തിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം സാഞ്ചി ബ്രാന്‍ഡ് ലാഭകരമായി തുടരുകയാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.
സാഞ്ചി ഇപ്പോഴും ലാഭകരമാണെന്നും അതിന്റെ ഉത്പന്ന ശ്രേണി വളരുകയാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ലഭിക്കുന്ന വിവരങ്ങള് മറ്റൊരു കഥയാണ് പറയുന്നത്. മധ്യപ്രദേശ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ ലിമിറ്റഡിന്റെ (എംപിസിഡിഎഫ്) ശരാശരി പാല്‍ സംഭരണം 2017-18 ലാണ് അത്യുന്നതിയിലെത്തിയത്. 11.02 ലക്ഷമായിരുന്നു പാല്‍ സംഭരണം. ഇതേ കാലയളവില്‍ സാഞ്ചിയുടെ പാല്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയിലൂടെ ലഭിച്ചത് 1751 കോടിരൂപയായിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട് ഇതില്‍ വലിയ ഇടിവുണ്ടായി. സാഞ്ചിയുടെ പാലു ഉത്പന്നങ്ങളുടെ വില്‍പ്പന 2018-19 ല്‍ നേരിയ തോതില്‍ ഉയര്‍ന്നുവെങ്കിലും അതിനുശേഷം താഴേക്കുള്ള പാതയിലാണ്.
പാല്‍ വിപണിയിലേക്കുള്ള അമുലിന്റെ പ്രവേശനം ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും സമാന സാഹചര്യമാണുള്ളത്. കര്‍ണാടകയില്‍ പൊട്ടിപ്പുറപ്പെട്ട അമുല്‍-നന്ദിനി ബ്രാന്‍ഡ് തര്‍ക്കം തിരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി അവസാനിച്ചിരുന്നു. തമിഴ്‌നാട്ടില്‍, അമുലിന്റെ പ്രവേശനം പ്രാദേശിക സഹകരണ സ്ഥാപനമായ ആവിനുമായുള്ള തര്‍ക്കത്തിലേക്കും നയിച്ചു, ആവിന്റെ നാട്ടില്‍ നിന്ന് പാല്‍ സംഭരിക്കുന്നതില്‍ നിന്ന് അമുലിനെ തടയണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.