രാഹുലിന് പിന്നാലെ ഖാര്‍ഗെയുടെ പരാമർശങ്ങളും 
സഭാ രേഖകളിൽ നിന്ന് നീക്കി

രാഹുലിന് പിന്നാലെ ഖാര്‍ഗെയുടെ പരാമർശങ്ങളും സഭാ രേഖകളിൽ നിന്ന് നീക്കി

അതേസമയം രാഹുൽ ഗാന്ധിയുടെ പരാമർശത്തെ നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് ലോക് സഭാധ്യക്ഷന് കത്തയക്കുമെന്ന് കോൺഗ്രസ് എം പി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു
Updated on
1 min read

രാഹുൽ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമർശങ്ങളും സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കി. ഇന്നലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്കെതിരെ പാർലമെന്റിൽ രം പരാമർശം നടത്തിയത്. മോദിക്ക് അദാനിയെ കുറിച്ചുള്ള ബന്ധത്തെ പറ്റി ചോദിച്ച ഖാര്‍ഗെ നരേന്ദ്രമോദിയെ 'മൗനി ബാബ'യെന്ന് വിളിക്കുകയും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തിരുന്നു. ഇവയടക്കം പ്രസംഗത്തിലെ ആറ് ഭാഗങ്ങളാണ് പിന്നീട് നീക്കം ചെയ്തത്. എന്നാൽ അടൽ ബിഹാരി വാജ്പേയി ഇതേ പരാമർശം പി വി നരസിംഹ റാവുവിനെതിരെ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് തന്റെ പരാമർശങ്ങൾ രേഖകളില്‍ നിന്ന് ഒഴിവാക്കിയതെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖറോട് ഖാര്‍ഗെ ഇന്ന് ചോദിച്ചു. "എന്റെ വാക്കുകൾ സഭക്ക് നിരക്കാത്തതാണെന്ന് കരുതുന്നില്ല, ചില വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു, എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് എന്നോട് ചോദിച്ച് വ്യക്തത വരുത്തണമായിരുന്നു. പക്ഷെ ഇവിടെ വാക്കുകൾ നീക്കം ചെയ്യുകയാണ് ചെയ്തത്" ഖാര്‍ഗെ പറഞ്ഞു. മോദി തങ്ങളുടെ ചോദ്യങ്ങൾക്കൊന്നും ഇന്നലെ മറുപടി തന്നിലെന്നും എല്ലായ്പ്പോഴും യഥാർഥ സംഭവത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ശ്രമിക്കാറെന്നും ഖാര്‍ഗെ ഇന്ന് ആരോപിച്ചു.

അതേസമയം രാഹുൽ ഗാന്ധിയുടെ പരാമർശത്തെ നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് ലോക്സഭ അധ്യക്ഷന് കത്തയക്കുമെന്ന് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. "എങ്ങനെ രാഹുൽ പറഞ്ഞത് നീക്കം ചെയ്യാനാകും, സഭ്യമല്ലാത്ത വാക്കുകൾ ഒന്നും അദ്ദേഹം പ്രയോഗിച്ചിട്ടില്ല" വേണുഗോപാൽ വ്യക്തമാക്കി.

നേരത്തെ മോദിക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ രാഹുലിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മോദി വിരുദ്ധ പരാമർശം സഭാരേഖകളില്‍ നിന്ന് മാറ്റിയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയിലായിരുന്നു അദാനി-മോദി കൂട്ടുകെട്ട് സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in