കോവിഡിന് ശേഷം സ്വകാര്യ വാഹനങ്ങൾ കൂടി; രാജ്യത്ത് പെട്രോൾ ഉപഭോഗം കുതിച്ചുയരുന്നു

കോവിഡിന് ശേഷം സ്വകാര്യ വാഹനങ്ങൾ കൂടി; രാജ്യത്ത് പെട്രോൾ ഉപഭോഗം കുതിച്ചുയരുന്നു

2022-23 സാമ്പത്തിക വർഷം ആദ്യ 11 മാസം മാത്രം 3.187 കോടി ടൺ പെട്രോൾ ഉപഭോഗമാണ് രാജ്യത്ത് ഉണ്ടായത്. 2019-20 സാമ്പത്തിക വർഷത്തിലാകെ പെട്രോൾ ഉപഭോഗം 2.998 കോടി ടൺ ആയിരുന്നു.
Updated on
1 min read

കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് ഇന്ധന ഉപയോഗത്തിൽ വലിയ വർധന. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ പമ്പുകളിൽ പെട്രോൾ വിൽപ്പനയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. ഡീസലിനേക്കാൾ പെട്രോൾ ഉപഭോഗം കൂടിയത് സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തുണ്ടായ വർധന സൂചിപ്പിക്കുന്നു.

രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ധനം ഡീസലാണ്. വാണിജ്യവാഹനങ്ങളിലും ഇന്ധനമെന്നതാണ് ഡീസലിന്റെ ഉപയോഗം കൂടാനുള്ള കാരണം. ഡീസൽ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമാണ് പെട്രോൾ. ഇരുചക്ര വാഹനങ്ങളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമാണ് പെട്രോൾ ഇന്ധനമായി ഉപയോഗിക്കുന്നത്. കോവിഡിന് ശേഷം പെട്രോൾ ഉപയോഗത്തിലുണ്ടായ വർധന, ആളുകൾ യാത്രയ്ക്കായി സ്വന്തം വാഹനം കൂടുതലായി ഉപയോഗിക്കുന്നതിന്റെ തെളിവാണ്.

പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച്, 2022-23 സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള 11 മാസം മാത്രം 3.187 കോടി ടൺ പെട്രോൾ ഉപഭോഗമാണ് രാജ്യത്ത് ഉണ്ടായത്. 2019-20 സാമ്പത്തിക വർഷത്തിലാകെ പെട്രോൾ ഉപഭോഗം 2.998 കോടി ടൺ ആയിരുന്നു.

രാജ്യത്തെ ഇന്ധന ചില്ലറ വിപണിയുടെ 90 ശതമാനം വിഹിതവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസി), ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പൊതുമേഖലാ എണ്ണ കമ്പനികളിലാണ്.

കോവിഡിന് ശേഷം രാജ്യത്തെ ദേശീയ- സംസ്ഥാന പാതയോരത്തെ പമ്പുകളിൽ പെട്രോൾ വില്പനയിൽ വലിയ വർധന രേഖപ്പെടുത്തി. രാജ്യത്തെ രണ്ടാമത്തെ വലിയ ഇന്ധന വിൽപ്പനക്കാരായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ദേശീയ പാതയോര ഔട്ട്ലെറ്റുകളിൽ കോവിഡിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ പെട്രോൾ വിൽപ്പന കോവിഡിന് ശേഷം ഉണ്ടായി. ആകെ പെട്രോൾ വിൽപ്പനയുടെ 30 ശതമാനത്തിൽ താഴെയായിരുന്നു കോവിഡിന് മുൻപ് പാതയോര ഔട്ട്ലെറ്റുകളിലെ വിൽപ്പന. ഇത് നിലവിൽ 50 ശതമാനമായി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്‌പിസിഎൽ) 25 ശതമാനമായിരുന്ന പാതയോര ഔട്ട്ലെറ്റുകളിലെ പെട്രോൾ വിൽപ്പന, കോവിഡിന് ശേഷം ഇത് 40 ശതമാനത്തിലധികമായി ഉയർന്നു.

കാലങ്ങളായി ഹൈവേകളിലെ ഇന്ധന ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഡീസലിനായിരുന്നു പ്രാമുഖ്യം. ഇതാണിപ്പോൾ മാറിയിരിക്കുന്നത്. അന്തർസംസ്ഥാന യാത്രകൾക്കായി സ്വകാര്യ വാഹനങ്ങളും ക്യാബുകളും കൂടുതൽ ആശ്രയിക്കുന്നതും റോഡുകൾ മെച്ചപ്പെട്ടതും ദേശീയപാതയോട് ചേർന്ന പമ്പുകളുടെ എണ്ണം വർധിച്ചതും എല്ലാം മറ്റ് ഘടകങ്ങളാണ്.

logo
The Fourth
www.thefourthnews.in