എപ്പോൾ വേണമെങ്കിലും വിക്ഷേപിക്കാൻ സജ്ജം, തൊടുത്തുകഴിഞ്ഞും ലക്ഷ്യം മാറ്റാം; അഗ്നി പ്രൈം മിസൈൽ ഇന്ത്യയ്ക്ക് പുതിയ ഊർജം

എപ്പോൾ വേണമെങ്കിലും വിക്ഷേപിക്കാൻ സജ്ജം, തൊടുത്തുകഴിഞ്ഞും ലക്ഷ്യം മാറ്റാം; അഗ്നി പ്രൈം മിസൈൽ ഇന്ത്യയ്ക്ക് പുതിയ ഊർജം

മൂന്നു ദിവസം നീണ്ടുനിന്ന പരീക്ഷണങ്ങൾക്ക് ശേഷമായിരുന്നു മിസൈൽ വിക്ഷേപണം
Updated on
1 min read

മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി പ്രൈം സൈന്യത്തിന്റ ഭാഗമാക്കുന്നതിനു മുന്നോടിയായുള്ള രാത്രികാല വിക്ഷേപണം വിജയകരമായതിന്റെ ആവേശത്തിലാണ് ഇന്ത്യൻ പ്രതിരോധമേഖല. ആണവ പോർമുനകൾ വഹിച്ച് 2,000 മുതൽ അയ്യായിരം കിലോമീറ്റർ ദൂരം വരെ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ഈ ബാലിസ്റ്റിക് മിസൈൽ. മറ്റ് അഗ്നി മിസൈലുകളേക്കാൾ വേഗതയിലും നിയന്ത്രണത്തിലുമെല്ലാം ഏറെ പ്രത്യേകതകളുണ്ട് അഗ്നി പ്രൈമിന്.

കോമ്പോസിറ്റുകൾ, പ്രൊപ്പൽഷൻ സിസ്റ്റം, ഗൈഡൻസ് ആൻഡ് കൺട്രോൾ മെക്കാനിസം തുടങ്ങിയ സാങ്കേതികവിദ്യകളിൽ വലിയ മാറ്റങ്ങളുള്ളതാണ് പുതിയ മിസൈൽ. സാധാരണ മിസൈലുകളുടെ പോർമുന വിക്ഷേപണത്തിന് തൊട്ടുമുൻപായിട്ടാണ് ഘടിപ്പിക്കുക. പെട്ടെന്ന് പ്രയോഗിക്കാൻ തീരുമാനിച്ചാലും സമയമെടുക്കും. എന്നാൽ അഗ്നി പ്രൈമിൽ പോർമുന കനിസ്റ്ററിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും വിക്ഷേപിക്കാൻ സാധിക്കും.

സ്ഥാനം മാറ്റിയാലും എപ്പോൾ വേണമെങ്കിലും തൊടുത്തു വിടാൻ പറ്റുന്ന നിലയിലാണ് അഗ്നി പ്രൈം മിസൈലുകൾ.

ശത്രുവിന്റെ മിസൈലാക്രമണത്തിന് ഇരയാകാതിരിക്കാൻ മിസൈൽ വിക്ഷേപിണികളുടെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കാറുണ്ട്. ഇങ്ങനെ സ്ഥാനം മാറ്റുമ്പോൾ മിസൈൽ വിക്ഷേപിക്കാൻ സമയമെടുക്കും. എന്നാൽ സ്ഥാനം മാറ്റിയാലും എപ്പോൾ വേണമെങ്കിലും തൊടുത്തുവിടാൻ പറ്റുന്ന നിലയിലാണ് അഗ്നി പ്രൈം മിസൈലുകൾ. ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നീട് അവയുടെ മേൽ നിയന്ത്രണം സാധ്യമല്ല. എന്നാൽ അഗ്നി പ്രൈമിനെ നിയന്ത്രിക്കാൻ സാധിക്കും.

ഇന്ത്യയുടെ പ്രതിരോധ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുന്ന അഗ്നി പ്രൈമിന്റെ പരീക്ഷണ സമയത്ത് വിവിധ സ്ഥലങ്ങളിൽ റഡാറുകളും ടെലിമെട്രി ഉപകരണങ്ങളും സ്ഥാപിച്ച് മിസൈൽ സഞ്ചാര പാത നിരീക്ഷിച്ചിരുന്നു.

700 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-I, 2,000-കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-II, 3,000-കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-III, 4,000-കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-IV, 5,000-കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-V മിസൈൽ എന്നിവയാണ് ഇന്ത്യൻ പ്രതിരോധസേനകളുടെ പക്കലുള്ള അഗ്നി മിസൈലുകൾ.

ഒഡിഷ തീരത്തുള്ള ഡോ. എപിജെ അബ്ദുൾ കലാം ദ്വീപിൽനിന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു മിസൈൽ പരീക്ഷണം. അഗ്നി പ്രൈം സേനയിൽ ഉൾപ്പെടുത്തിന് മുന്നോടിയായുള്ള രാത്രികാല വിക്ഷേപണം കൂടിയായിരുന്നു ഇത്. മൂന്നു ദിവസം നീണ്ടു നിന്ന പരീക്ഷണങ്ങൾക്ക് ശേഷമായിരുന്നു മിസൈൽ വിക്ഷേപണം. മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെയും സായുധസേനയെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

logo
The Fourth
www.thefourthnews.in