അരുന്ധതി റോയ്
അരുന്ധതി റോയ്

രാജ്യത്തെ ഫാസിസ്റ്റുകളെ സഹായിക്കുന്നത് കോര്‍പ്പറേറ്റുകള്‍; അഗ്‌നിപഥ് ഭാവിയിലെ 'ഫാസിസ്റ്റ് സൈന്യം': അരുന്ധതി റോയ്

ജനവിരുദ്ധ നയങ്ങളിലൂടെ അപമാനിക്കുന്ന ഒരു വ്യക്തിയെ ആളുകള്‍ എന്തുകൊണ്ടാണ് ബഹുമാനിക്കുന്നത് എന്നതാണ് മൗലികമായ ചോദ്യം
Updated on
1 min read

രാജ്യത്ത് ഹിന്ദുത്വ വര്‍ഗീയത ശക്തി പ്രാപിക്കുകയാണെന്ന് അരുന്ധതി റോയ്. ഭരണകൂടവും ഭരണഘടനാ സ്ഥാപനങ്ങളും ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ഏകീകരിക്കുന്നത് ഫാസിസത്തിന്റെ വ്യക്തമായ സൂചനയാണ്. അത് ഇന്ത്യയില്‍ പ്രകടമാണ്. രാജ്യത്തെ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഉപയോഗിക്കുന്നത് കോര്‍പ്പറേറ്റ് ധനസഹായമാണ്. ജനവിരുദ്ധ നയങ്ങളിലൂടെ തങ്ങളെ അപമാനിക്കുന്ന ഒരു വ്യക്തിയെ ആളുകള്‍ എന്തുകൊണ്ടാണ് ബഹുമാനിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണെന്നും അരുന്ധതി പറഞ്ഞു. 13ാമത് ബാലഗോപാല്‍ അനുസ്മരണ സമ്മേളനത്തില്‍ 'ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭരണവര്‍ഗത്തിന്റെ പിന്തുണയുള്ള മുന്നേറ്റങ്ങള്‍, ബാഹ്യ ഭീഷണി പ്രചാരണം, ഏറ്റവും വലിയ തൊഴിലാളി വര്‍ഗ പാര്‍ട്ടി, പാദസേവ ചെയ്യുന്ന മാധ്യമങ്ങള്‍, തെരുവില്‍ പോരടിക്കുന്ന സൈന്യം, പുരുഷമേധാവിത്വം, സ്ത്രീവിരുദ്ധ, ജാതിവിരുദ്ധത എന്നിവ ഫാസിസ്റ്റ് ഭരണത്തിന്റെ സൂചകങ്ങളാണ്

നിലവിലെ അധികാരക്രമങ്ങളെയാകെ വെല്ലുവിളിക്കുന്ന സാമുഹിക പ്രതിസന്ധിയിലേറിയാണ് ഫാസിസം കടന്നുവരുന്നത്. ഇന്ത്യയില്‍, അത് വേര്‍പെടുത്താനാവാത്തവിധം ജാതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭരണവര്‍ഗത്തിന്റെ പിന്തുണയുള്ള വലിയ മുന്നേറ്റങ്ങള്‍, ബാഹ്യ ഭീഷണി പ്രചാരണം, ഏറ്റവും വലിയ തൊഴിലാളി വര്‍ഗ പാര്‍ട്ടി, പാദസേവ ചെയ്യുന്ന മാധ്യമങ്ങള്‍, തെരുവില്‍ പോരടിക്കുന്ന സൈന്യം, പുരുഷമേധാവിത്വം, സ്ത്രീവിരുദ്ധ, ജാതിവിരുദ്ധത എന്നിവയെല്ലാം രാജ്യത്ത് നിലവിലുള്ള ഫാസിസ്റ്റ് ഭരണത്തിന്റെ സൂചകങ്ങളാണെന്ന് അരുന്ധതി പറഞ്ഞു.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുള്ള സംഘപരിവാര്‍ ഇപ്പോള്‍തന്നെ സൈനിക പ്രവേശത്തിന് ആളുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്

സായുധസേനയില്‍ കുറഞ്ഞകാലത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ നിയമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിയെയും അരുന്ധതി വിമര്‍ശിച്ചു. ഭാവിയില്‍ വലിയൊരു ഫാസിസ്റ്റ് സൈന്യത്തെ അത് നിര്‍മിച്ചെടുത്തേക്കും. ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുള്ള സംഘപരിവാര്‍ ഇപ്പോള്‍തന്നെ സൈനിക പ്രവേശത്തിന് ആളുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ ഫാസിസത്തിന്റെ മുഴുവന്‍ പദ്ധതികള്‍ക്കും ഉപയോഗിക്കുന്നത് കോര്‍പ്പറേറ്റ് ധനസഹായമാണെന്ന് ഇലക്ടറല്‍ ബോണ്ടുകളെ ഉദാഹരിച്ച് അരുന്ധതി പറഞ്ഞു. നയങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കായി മാറ്റിയെഴുതുന്നതിലൂടെ സാമുഹിക പ്രതിബദ്ധത കൂടുതല്‍ ദുര്‍ഗ്രഹമാകുന്നു. ആളുകളോട് പഴംപുരാണങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് അവരുടെ ഭാവിയെ തട്ടിയെടുക്കുന്നു. നോട്ട് നിരോധനവും കോവിഡ് ലോക്ഡൗണ്‍ ഉള്‍പ്പെടെ തീരുമാനങ്ങളും രാജ്യത്തെ ദരിദ്രജനങ്ങള്‍ക്ക് എതിരായിരുന്നു. തങ്ങളെ അപമാനിക്കുന്ന ഒരു വ്യക്തിയെ ആളുകള്‍ എന്തുകൊണ്ടാണ് ബഹുമാനിക്കുന്നത് എന്നതാണ് മൗലികമായ ചോദ്യം. ഇടതുപക്ഷവും പുരോഗമന മുന്നണികളും പ്രതീക്ഷ കൈവിടേണ്ടതില്ല. എത്ര മൂര്‍ച്ചയേറിയ കത്തിയാണെങ്കിലും സമുദ്രത്തെ മുറിക്കുവാന്‍ കഴിയില്ലെന്നും അരുന്ധതി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in