ലയനത്തിനു മുന്നോടിയായി പേര് ഒന്നാക്കി; എയര്‍ ഏഷ്യ ഇനി എയര്‍ ഇന്ത്യ എക്സ്പ്രസ്
എയർ ഏഷ്യ ഇന്ത്യ ഇനി എയർ ഇന്ത്യ എക്സ്പ്രസ് (എഐഎക്സ്). എയർ ഏഷ്യ ഇന്ത്യയെ എഐഎക്സ് കണക്ട് എന്ന് പുനർനാമകരണം ചെയ്യാനാണ് ടാറ്റയുടെ തീരുമാനം. 'എയർ ഇന്ത്യ എക്സ്പ്രസ്' എന്ന ബ്രാൻഡിൽ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് എഐഎക്സ് കണക്റ്റിന് റെഗുലേറ്ററി അനുമതി ലഭിച്ചു കഴിഞ്ഞു. എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുനര്‍നാമകരണം ചെയ്തുള്ള റീബ്രാന്‍ഡിങ്.
എയർ ഏഷ്യ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും നിയമപരമായ ലയനത്തിന് മുമ്പ് തന്നെ 'എയർ ഇന്ത്യ എക്സ്പ്രസ്' എന്ന പൊതു ബ്രാൻഡ് നാമത്തിൽ പ്രവർത്തിക്കാൻ അനുവാദം നൽകുന്നതാണ് റെഗുലേറ്ററിൽ നിന്നുള്ള അംഗീകാരം. ഇരു കമ്പനികളും തമ്മിലുള്ള ലയനത്തിനുള്ള തുടർ നടപടികൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
2023 മാർച്ചിൽ ഇരു എയർലൈൻ കമ്പനികളും ഒരു ഏകീകൃത വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു. airindiaexpress.com എന്ന ഈ വെബ്സൈറ്റിലൂടെ യാത്രക്കാർക്ക് രണ്ട് വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നതായിരുന്നു പ്രത്യേകത. രണ്ട് എയർലൈനുകളെയും ഒരു കുടക്കീഴിലാക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ ശ്രമത്തിന്റെ ആദ്യ പടിയായിരുന്നു ഈ മാറ്റം. യാത്രക്കാർക്ക് മുൻഗണന ചെക്ക്-ഇൻ, ബോർഡിങ്, ബാഗേജ് എന്നിവ വാഗ്ദാനം ചെയ്യുന്ന 'എക്സ്പ്രസ് എഹെഡ്' സേവനങ്ങളും ഈ മാസം ആദ്യം ആരംഭിച്ചിരുന്നു.
അഞ്ചുമാസം മുമ്പാണ് എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ പൂർണമായി ഏറ്റെടുത്തത്. എയർ എഷ്യ ഇന്ത്യയെയും എയർ ഇന്ത്യ എക്സ്പ്രസിനെയും മൂന്നു മാസം മുമ്പ് ഒരു സിഇഒയുടെ കീഴിലാക്കുകയും ചെയ്തിരുന്നു. രാജ്യത്തെ 19 നഗരങ്ങളിലേക്കാണ് എയർ ഏഷ്യ ഇന്ത്യ സർവീസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് 14 വിദേശ നഗരങ്ങളിലേക്കും 19 ഇന്ത്യൻ നഗരങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്.
എയര്‍ ഇന്ത്യ എക്സ്പ്രസ് 2005ലും എയര്‍ ഏഷ്യ ഇന്ത്യ 2014ലുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നിങ്ങനെ നിലവില്‍ നാല് എയര്‍ലൈനുകള്‍ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ണ്ണമായാല്‍ കമ്പനി കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര സര്‍വീസുകളും ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.