യാത്രക്കാർക്ക് പുതിയ മാർഗ നിർദേശവുമായി എയർ ഇന്ത്യ; വിമാനത്തിനുള്ളിൽ അമിത മദ്യപാനത്തിന് വിലക്ക്

യാത്രക്കാർക്ക് പുതിയ മാർഗ നിർദേശവുമായി എയർ ഇന്ത്യ; വിമാനത്തിനുള്ളിൽ അമിത മദ്യപാനത്തിന് വിലക്ക്

ജനുവരി 19 ന് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം വിമാനത്തിനുള്ളിലെ ജീവനക്കാര്‍ നല്‍കാതെ യാത്രക്കാരെ മദ്യപിക്കാന്‍ അനുവദിക്കരുതെന്നാണ് നിർദേശം
Updated on
1 min read

യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി. അച്ചടക്കമില്ലാത്ത പെരുമാറ്റവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഡിജിസിഐ പിഴ ചുമത്തിയിരുന്നു. ജനുവരി 19 ന് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം വിമാനത്തിനുള്ളിലെ ജീവനക്കാര്‍ നല്‍കാതെ യാത്രക്കാർക്ക് മദ്യപാനം അനുവദനീയമല്ല. മാത്രമല്ല സ്വന്തമായി മദ്യം കൊണ്ട് വന്ന് കഴിക്കുന്നവരുണ്ടോ എന്ന് ജീവനക്കാര്‍ ശ്രദ്ധിക്കുകയും വേണം.

ഒരു യാത്രക്കാരെയും മദ്യപാനി എന്ന് ജീവനക്കാര്‍ വിളിക്കാന്‍ പാടില്ല

യാത്രക്കാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും എയർഇന്ത്യ മാർഗനിർദേശങ്ങളിലുണ്ട്.യാത്രക്കാര്‍ പരിധിയില്‍ കൂടുതല്‍ മദ്യം ഉപയോഗിക്കരുതെന്ന് തന്ത്രപരമായി അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. നയമനുസരിച്ച് ഒരു യാത്രക്കാരെയും മദ്യപാനി എന്ന് ജീവനക്കാര്‍ വിളിക്കാന്‍ പാടില്ല. അവരുടെ പെരുമാറ്റം മോശമാണെങ്കില്‍ അത് അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. യാത്രക്കാരോട് ശബ്ദമുയര്‍ത്തി സംസാരിക്കരുതെന്നും നിര്‍ദേശമുണ്ട്.

വിനോദത്തിനായി മദ്യം കഴിക്കുന്നതും , മദ്യം കഴിച്ച് കൂടുതല്‍ ലഹരിയിലാകുന്നതും തമ്മില്‍ വ്യത്യാസമുണ്ട്

ലഹരി ഉപയോഗിച്ചിരിക്കുന്ന വ്യക്തിയെ മാന്യമായ രീതിയില്‍ വേണം കൈകാര്യം ചെയ്യാന്‍. അതിഥികള്‍ക്ക് മദ്യം വിളമ്പുന്നത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സമ്പ്രദായമാണ്. എങ്കിലും വിനോദത്തിനായി മദ്യം കഴിക്കുന്നതും , മദ്യം കഴിച്ച് കൂടുതല്‍ ലഹരിയിലാകുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല, ജീവനക്കാർ അപകടമുണ്ടാക്കുന്ന തരത്തില്‍ അതിഥികള്‍ക്ക് മദ്യം വിളമ്പുന്നത് അപകടകരമാണ്. ഒരു യാത്രക്കാരന് മദ്യം വിളമ്പുന്നതില്‍ നിന്ന് വിലക്കാന്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ അതിനും ജീവനക്കാര്‍ക്ക് അധികാരമുണ്ട്.

ലഹരിയുടെ സാന്നിധ്യം തിരിച്ചറിയാനും നിയന്ത്രിക്കാനുമായി ജീവനക്കാര്‍ക്ക് ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന്റെ സഹായവും നല്‍കും

മദ്യം നല്‍കേണ്ടത് ന്യായവും സുരക്ഷിതവുമായ രീതിയിലായിരിക്കണമെന്നും മാര്‍ഗ്ഗ നിര്‍ദേശത്തിലുണ്ട്. പുതിയ നയം ഇപ്പോള്‍ ജീവനക്കാര്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഹരിയുടെ സാന്നിധ്യം തിരിച്ചറിയാനും നിയന്ത്രിക്കാനുമായി ജീവനക്കാര്‍ക്ക് ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന്റെ സഹായവും നല്‍കും. ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനമനുസരിച്ച് യാത്രക്കാരുടെ പെരുമാറ്റത്തെ മഞ്ഞ, പച്ച, ചുവപ്പ് എന്നീങ്ങനെ തരംതിരിക്കാനും ഇത് സഹായിക്കുന്നു. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാരന് മറ്റ് ഏതെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കേണ്ടതും ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്നും എയര്‍ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in