500 ജെറ്റ് ലൈനറുകൾ വാങ്ങും; ചരിത്ര നീക്കവുമായി എയര്‍ ഇന്ത്യ

500 ജെറ്റ് ലൈനറുകൾ വാങ്ങും; ചരിത്ര നീക്കവുമായി എയര്‍ ഇന്ത്യ

100 ബില്യൺ യു എസ് ഡോളറിലധികം ചെലവാണ് പദ്ധതിക്കുണ്ടാവുക
Updated on
1 min read

ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ വലിയ തോതിലുള്ള പുനരുദ്ധാരണത്തിനൊരുങ്ങി എയർ ഇന്ത്യ. എയർബസ്, ബോയിങ് കമ്പനികളിൽ നിന്നും പതിനായിരക്കണക്കിന് ഡോളർ വിലമതിക്കുന്ന 500 ജെറ്റ്‌ലൈനറുകൾ എയർ ഇന്ത്യ വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. എയർബസ് എ 350, ബോയിംഗ് 787, 777 എന്നിവയുൾപ്പെടെ 400 നാരോ ബോഡി ജെറ്റുകളും നൂറോ അതിലധികമോ വൈഡ് ബോഡികളും എയർ ഇന്ത്യ വാങ്ങുന്നതിൽ ഉൾപ്പെടുന്നതാണ്. 100 ബില്യൺ യു എസ് ഡോളറിലധികം ചെലവാണ് പദ്ധതിക്കുണ്ടാവുക.

കരാറുകൾ അവസാന ഘട്ടത്തിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ടാറ്റ ഗ്രൂപ്പും എയർ ബസും ബോയിങ്ങും റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ എയര്‍ഇന്ത്യ ഒരുങ്ങുന്നതായി കഴിഞ്ഞദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ബോയിംഗ് കോയുമായി 150 ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങള്‍ക്കായുള്ള കരാര്‍ ഒപ്പിടാന്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം സിംഗപ്പൂർ എയർലൈൻസുമായി സഹ ഉടമസ്ഥതയിലുള്ള കമ്പനിയായ വിസ്താര എയർ ഇന്ത്യയുമായി ലയിച്ചിരുന്നു. ഇതോടെ 218 വിമാനങ്ങളുമായി എയർ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറായി മാറി. രാജ്യത്തെ രണ്ടാമത്തെ ആഭ്യന്തര കാരിയർ കൂടിയാണ് എയർ ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര കാരിയർ ഇൻഡിഗോയാണ്.

1932ൽ ജെആർഡി ടാറ്റ തുടങ്ങിയ എയർ ഇന്ത്യ 1953ൽ ദേശസാൽക്കരിക്കുകയായിരുന്നു. ഈ ജനുവരിയിലാണ് ടാറ്റയ്ക്ക് എയർ ഇന്ത്യയിൽ നിയന്ത്രണം ലഭിച്ചത്.

logo
The Fourth
www.thefourthnews.in