പൈലറ്റിനൊപ്പം 'പെൺസുഹൃത്തും കോക്പിറ്റിൽ, മദ്യവും ഭക്ഷണവും വിളമ്പാൻ ആവശ്യപ്പെട്ടു': അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ
വ്യോമയാന നിയമങ്ങള്‍ ലംഘിച്ച് പൈലറ്റ് തന്റെ സുഹൃത്തിനെ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടേറ്റര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഫെബ്രുവരി 27ന് ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കുപോയ വിമാനത്തിലാണ് സംഭവം.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു ക്യാബിൻ ക്രൂ ആണ് പരാതി നൽകിയത്. സംഭവത്തിൽ എയർ ഇന്ത്യയും പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. മൂന്ന് മണിക്കൂറോളം യുവതി കോക്പിറ്റിൽ ചെലവഴിച്ചെന്നാണ് പരാതിയിലെ ആരോപണം. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയാറായിട്ടില്ല.
മാര്‍ച്ച് മൂന്നിനാണ് വനിതാ കാബിന്‍ ക്രൂ പരാതി നല്‍കിയത്. ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന പെൺ സുഹൃത്തിനെ ബിസിനസ് ക്ലാസിലേക്ക് മാറ്റാൻ പൈലറ്റ് ആവശ്യപ്പെട്ടുവെന്നും ബിസിനസ് ക്ലാസിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോക്പിറ്റിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. യാത്രയുടെ തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ക്യാബിൻ ക്രൂ സൂചിപ്പിക്കുന്നത്. ബോർഡിങ്ങിന് മുൻപ് പൈലറ്റിനായി ഏറെ നേരം കാത്തുനിന്നെങ്കിലും റിപ്പോർട്ടിങ് സമയം കഴിഞ്ഞിട്ടും എത്തിയില്ലെന്നും ഇതോടെ താൻ വിമാനത്തിൽ കയറുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
''യാത്രക്കാർക്കൊപ്പമാണ് പൈലറ്റുമാരും വിമാനത്തിൽ കയറിയത്. ഇക്കണോമിക് ക്ലാസിൽ തന്റെ പെൺസുഹൃത്ത് യാത്ര ചെയ്യുന്നുണ്ടെന്നും അവർക്ക് ബിസിനസ് ക്ലാസിലേക്ക് മാറ്റം കിട്ടുമോയെന്ന് നോക്കണമെന്നും പൈലറ്റ് പറഞ്ഞു. എന്നാൽ ബിസിനസ് ക്ലാസിൽ ഒഴിവില്ലെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു,'' പരാതിയിൽ പറയുന്നു. പിന്നീട് ബിസിനസ് ക്ലാസില്‍ ഒഴിവില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സുഹൃത്തിനെ കോക്ക്പിറ്റിലെത്തിക്കാന്‍ പൈലറ്റ് ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ കോക്പിറ്റില്‍ ഭക്ഷവും മദ്യവും നല്‍കാന്‍ നിര്‍ബന്ധിച്ചെന്നും മദ്യം വിളമ്പാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തന്നോട് ദേഷ്യപ്പെടുകയും മോശമായി പൊരുമാറുകയും ചെയ്തതായും പരാതിക്കാരി പറഞ്ഞു.
വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും വസ്തുതകള്‍ പരിശോധിച്ച് വരികയാണെന്നും ഡിജിസിഎ വ്യക്തമാക്കി. കോക്ക് പിറ്റിലേക്ക് സുഹൃത്തിനെ ക്ഷണിച്ചത് സുരക്ഷാ മാനദണ്ഡങ്ങളുടെ വീഴ്ചയും നിയമലംഘനവുമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്യാനോ ലൈസന്‍സ് റദ്ദാക്കാനോ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.