500 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ എയർ ഇന്ത്യ; 10,000 കോടി ഡോളറിന്റെ കരാര്‍ ഉറപ്പിച്ചു
ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിന് എയർ ഇന്ത്യ കരാർ ഉറപ്പിച്ചു. 500 പുതിയ വിമാനങ്ങളാണ് കമ്പനി വാങ്ങുന്നത്. ഇതിനായി 10,000 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു. ബഹുരാഷ്ട്ര കമ്പനികളായ ഫ്രാന്‍സിന്റെ എയര്‍ബസ്, ബോയിങ് എന്നീ കമ്പനികളുമായാണ് കരാര്‍. തുല്യ എണ്ണം വീതമാകും ഇരു കമ്പനികളും വിമാനങ്ങള്‍ നിര്‍മിച്ച് നല്‍കുക.
ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതിന് ശേഷമാണ് ഇത്ര വലിയൊരു കരാറിലേക്ക് കടന്നത്. ആഭ്യന്തര - രാജ്യാന്തര യാത്രകളില്‍ എയര്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പാക്കുകയാണ് ടാറ്റാ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇന്‍ഡിഗോ, എമിറേറ്റ്സ് ഗ്രൂപ്പുകളോട് മത്സരിച്ചുകൊണ്ടാകും ഇത്. വിമാന നിർമാതാക്കൾക്കും വിതരണക്കാർക്കും സ്വാധീനമുള്ള ഉപഭോക്താവാക്കി മാറാനും എയര്‍ ഇന്ത്യയ്ക്കാകും. കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ട തിരിച്ചടികളില്‍ നിന്ന് കരകയറാനും എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു.
250 എയര്‍ ബസുകള്‍, ബാക്കി ബോയിങ് വിമാനങ്ങള്‍ എന്നിവയാണ് വാങ്ങുന്നത്. എയര്‍ബസിന്റെ എ320 നിയോസ്, എ350എസ്, ബോയിങ്ങിന്റെ 737 മാക്‌സ്, 787 വൈഡ്‌ബോഡീസ്, 777 എക്‌സ്എസ് എന്നീ വിമാനങ്ങളാകും വാങ്ങുക. ഡിസംബറിലാണ് പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. ജനുവരി 27ന് ബോയിങ്ങുമായി കരാറിലെത്തിയിരുന്നെങ്കിലും വെള്ളിയാഴ്ചയാണ് എയര്‍ബസുമായി കരാര്‍ ഉറപ്പിച്ചത്. അടുത്തയാഴ്ച തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കഴിഞ്ഞ വര്‍ഷം അവസാനം സിംഗപ്പൂർ എയർലൈൻസിന്റെ സഹ ഉടമസ്ഥതയിലുള്ള കമ്പനിയായ വിസ്താര, എയർ ഇന്ത്യയുമായി ലയിച്ചിരുന്നു. ഇതോടെ 218 വിമാനങ്ങളുമായി എയർ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറായും മാറിയിരുന്നു. നാരോബോഡി എയര്‍ ക്രാഫ്റ്റുകളും വൈഡ് ബോഡി എയര്‍ ക്രാഫ്റ്റുകളും സ്വന്തമാക്കി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കുമെന്ന് എയര്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് കാംപ്ബെല്‍ വില്‍സണ്‍ നേരത്തെ അറിയിച്ചിരുന്നു.