നാളെ ഭൗമ ദിനം; ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ 80 ശതമാനം കുറയ്ക്കാൻ എയർ ഇന്ത്യ
ലോക ഭൗമ ദിനത്തിന്റെ ഭാഗമായി, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം 80 ശതമാനം കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലമുള്ള പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഏപ്രിൽ 22-നാണ് ലോക ഭൗമദിനം ആചരിക്കുന്നത്.
സ്വകാര്യവല്‍ക്കരണത്തിനു ശേഷം പ്ലാസ്റ്റിക്കിന്റെ ഉപയോഗം വലിയ തോതില്‍ കുറയ്ക്കുന്നതിന് സാധിച്ചുവെന്ന് എയർ ഇന്ത്യ
സ്വകാര്യവല്‍ക്കരണത്തിനു ശേഷം പ്ലാസ്റ്റിക്കിന്റെ ഉപയോഗം വലിയ തോതില്‍ കുറയ്ക്കുന്നതിന് സാധിച്ചതായി എയര്‍ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. വിദഗ്ധരുടെയും കാറ്ററിങ് വിഭാഗത്തിന്റെയടക്കം പിന്തുണയോടെയാണ് ഇത് സാധ്യമായത്. പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ ഉൾപ്പെടെ വിമാനങ്ങളില്‍നിന്ന് പൂര്‍ണമായും നിരോധിക്കന്‍ സാധിച്ചതും ഇത്തരം നടപടികളുടെ ഭാഗമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരം പേപ്പര്‍ ബാഗുകളും പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കു പകരം കടലാസ് നിര്‍മിത സ്‌ട്രോകളും ഉപയോഗിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനോടൊപ്പം പേപ്പര്‍ നിര്‍മിത കത്തി അവതരിപ്പിക്കാനും എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.