സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം; വിമാനത്തിൽ മദ്യം നൽകുന്ന രീതിയെക്കുറിച്ച് പരിശോധന നടത്താൻ എയർ ഇന്ത്യ
എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ. സംഭവവുമായി ബന്ധപ്പെട്ട് നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും രണ്ട് പൈലറ്റുമാരിൽ ഒരാൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും അദ്ദേഹം അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനത്തിൽ മദ്യം വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള രീതി അവലോകനം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു.
വിമാനത്തിൽ മദ്യം നൽകൽ , സംഭവം കൈകാര്യം ചെയ്യൽ , വിമാനത്തിലെ പരാതി രജിസ്‌ട്രേഷൻ , പരാതികൾ കൈകാര്യം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ നടപടികളെക്കുറിച്ച് ആഭ്യന്തര അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്.
" ഇപ്പോഴുണ്ടായ സംഭവങ്ങളിൽ ഖേദിക്കുകയും വേദനിക്കുകയും ചെയ്യുന്നു. വിഷയത്തെ വിമാനത്തിൽ വെച്ചും പിന്നീടും കൂടുതൽ നന്നായി കൈകാര്യം ചെയ്യാമായിരുന്നു എന്ന വസ്തുതയെ അംഗീകരിക്കുന്നു. വിമാനത്തിൽ മദ്യം നല്കുന്നതടക്കമുള്ള എയർലൈൻ നയങ്ങൾ ഇത് സംബന്ധിച്ച് അവലോകനം ചെയ്യും.ബന്ധപ്പെട്ട യാത്രക്കാർക്ക് പൂർണ്ണ പിന്തുണ നൽകുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യും." എയർ ഇന്ത്യ അറിയിച്ചു. പരാതി കൈകാര്യം ചെയ്ത രീതിയിൽ 71 കാരിയായ പരാതിക്കാരി ഞെട്ടലും അതൃപ്തിയും അറിയിച്ചിരുന്നു.
ടിക്കറ്റ് റീഫണ്ട് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡിജിസിഎ നിർദ്ദേശിച്ച ആഭ്യന്തര അന്വേഷണ കമ്മിറ്റിയെ സംഭവങ്ങൾ വിലയിരുത്താൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഫയലുകളും കമ്മറ്റിക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ, സ്വീകരിച്ച നടപടികളും അതിന്റെ പുരോഗതിയും ചർച്ച ചെയ്യുന്നതിനായി 2022 ഡിസംബർ 20, 21, 26, 30 തീയതികളിൽ എയർലൈൻ മുതിർന്ന ഉദ്യോഗസ്ഥർ പരാതിക്കാരിയുടെ കുടുംബവുമായി നാല് തവണ ചർച്ചകൾ നടത്തിയിട്ടുണ്ട് എന്നും എയർലൈൻസ് ചൂണ്ടിക്കാട്ടി. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വന്ന ശേഷം കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് നവംബർ 26ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച പ്രതി ശങ്കർ മിശ്രയെ ഇന്ന് രാവിലെ ഡൽഹി പോലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചത് വഴിയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ഒപ്പം, ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും ഇന്നലെ ശങ്കർ മിശ്രയെ പിരിച്ചുവിട്ടിരുന്നു. യുഎസ് ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ വെൽസ് ഫാർഗോയിലെ ജീവനക്കാരനായിരുന്നു മിശ്ര.