ഡല്‍ഹിയില്‍ വായു മലിനീകരണം ഏറ്റവും ഉയർന്ന നിലയില്‍; നടപടിയെ ചൊല്ലി ബിജെപി- ആം ആദ്മി പോര് മുറുകുന്നു
ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഏറ്റവും ഉയര്‍ന്ന നിലയില്‍. വായു ഗുണനിലവാര സൂചിക 402ലെത്തി. ശൈത്യകാലത്ത് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഇത്രയധികം ഉയരുന്നത് ആദ്യമായാണ്. മലിനീകരണത്തിന്റെ പേരില്‍ ബിജെപി-ആംആദ്മി പോരും സംസ്ഥാനത്ത് ശക്തമാകുകയാണ്.
മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള തങ്ങളുടെ റെഡ് ലൈറ്റ് ഓണ്‍, ഗാഡി ഓഫ് ക്യാമ്പയിന്‍ എന്നിവ നടത്താന്‍ അനുമതി നല്‍കിയില്ലെന്ന് കാണിച്ച് ആംആദ്മി പ്രവര്‍ത്തകര്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഓഫീസറുടെ മുന്നില്‍ പ്രതിഷേധിച്ചു. എഎപി പ്രവര്‍ത്തകര്‍ ക്യാമ്പയിന്റെ കാര്യത്തില്‍ ക്രമക്കേടുകള്‍ കാണിക്കുകയാണെന്ന് ലെഫ്റ്റനന്റ് ഗവര്‍ണറും തിരിച്ചടിച്ചു. ക്യാംമ്പയിന്റെ തീയതിയുടെ കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെന്നാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരം ഗവര്‍ണര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ആംആദ്മിയും ആരോപിച്ചു.
നവംബര്‍ ഒന്ന് വരെ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കാലാവസ്ഥാ ഗുണനിലവാര മുന്നറിയിപ്പ് കേന്ദ്രത്തിന്റെ അറിയിപ്പ്. അവസ്ഥ ഇതിലും മോശമാകാനും സാധ്യതയുണ്ടെന്നാണ് വിവരം. ഒക്ടോബര്‍ 28 ന് ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യൂഐ) 357 പോയിന്റിലായിരുന്നു. ഒരു ദിവസത്തിനിടയിലാണ് 402 ലേയ്ക്ക് ഉയര്‍ന്നത്. തലസ്ഥാനത്ത് മലിനീകരണ തോത് ഇത്രയധികം ഉയരുന്നത് ജനുവരിക്ക് ശേഷം ഇതാദ്യമാണ്.
ഡല്‍ഹിയുടെ തൊട്ടടുത്ത നഗരങ്ങളായ ഗാസിയാബാദ്, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, എന്നിവിടങ്ങളിലും വായു ഗുണനിലവാരം വളരെ മോശം നിലയിലാണ്. പൂജ്യത്തിനും 50നും ഇടയിലാണ് എക്യൂഐയുടെ പോയിന്റ് എങ്കില്‍ വായുമലിനീകരണത്തിന്റെ തോത് വളരെ കുറവാണ് എന്നാണർത്ഥം. 101 നും 200 നും ഇടയിലാണെങ്കില്‍ അല്‍പംകൂടി ഉയര്‍ന്ന നിലയിലാണ്. 201നും 300 ഇടിയിലാണെങ്കില്‍ മോശവും 401 നും 500 നും ഇടയിലാണെങ്കില്‍ വളരെ മോശവുമാണെന്നാണ് സൂചിപ്പിക്കുന്നത്.
ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതും അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും വ്യവസായ ശാലകളിൽ നിന്നുയരുന്ന പുകയും വാഹനങ്ങിലെ പുകയും മലിനീകരണ തോത് ഉയർത്തുന്നുവെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോർട്ട്. അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും വായുമലിനീകരണം രൂക്ഷമാണ്.