കർണാടക ഗവർണറെ കയറ്റാതെ വിമാനം പറന്നു; എയർ ഏഷ്യക്കെതിരെ അന്വേഷണം
കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ടിനെ കയറ്റാതെ വിമാനം പറന്ന സംഭവത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണം. വിമാനകമ്പനിയായ എയർ ഏഷ്യയാണ് പ്രോട്ടോകോൾ ലംഘനം നടത്തി ഗവർണറെ കയറ്റാതെ വിമാനം ടേക്ക് ഓഫ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 2.05 ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഫ്ലൈറ്റിൽ ബെംഗളൂരു വിമാനത്താവള ടെർമിനൽ രണ്ടിൽ നിന്ന് കയറേണ്ട ഗവർണറെ വൈകിയെത്തിയ കാരണം പറഞ്ഞ് തടഞ്ഞെന്നാണ് റിപ്പോർട്ട്.
ലഗേജുകൾ ഉൾപ്പടെ ചെക്ക് ഇൻ ചെയ്തതിന് ശേഷമാണ് വിമാനത്തിൽ കയറാനാവാത്ത സാഹചര്യം ഉണ്ടായത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണറുടെ ഓഫീസ് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
1.50 ന് ഗവർണർ വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ എത്തിച്ചേർന്നിരുന്നെന്നാണ് കർണാടക രാജ്ഭവനിൽ നിന്ന് അനൗദ്യോഗികമായി ലഭിക്കുന്ന വിശദീകരണം. വിമാനത്തിന് സമീപത്തേക്ക് നീങ്ങിയെങ്കിലും ഗ്രൗണ്ട് സ്റ്റാഫുകളും വിമാന കമ്പനി ജീവനക്കാരും തടയുകയായിരുന്നു. വിമാനം ടേക്ക് ഓഫിന് തയ്യാറായെന്നും ഇനി കയറുന്നത് സാങ്കേതികമായി സാധ്യമല്ലെന്നും വിശദീകരിച്ചായിരുന്നു ഗവർണറെ തടഞ്ഞത്.
യാത്ര മുടങ്ങിയതോടെ ഗവർണറുടെ ഓഫീസ് എയർപോർട്ട് ഇന്ത്യ അതോറിറ്റിയുമായി ആശയവിനിമയം നടത്തുകയും വിശദമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ലഗേജുകൾ ഉൾപ്പടെ ചെക്ക് ഇൻ ചെയ്തതിന് ശേഷമാണ് വിമാനത്തിൽ കയറാനാവാത്ത സാഹചര്യം ഉണ്ടായത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണറുടെ ഓഫീസ് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
എന്നാൽ ടേക്ക് ഓഫിന് തയ്യാറായി നിൽക്കെ നാല് മിനിറ്റ് അവശേഷിക്കെയാണ് ഗവർണർ വിമാനം കയറാൻ എത്തിയതെന്നാണ് എയർ ഏഷ്യ നൽകുന്ന വിശദീകരണം. സംഭവത്തെ കുറിച്ച് എയർ ഏഷ്യ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദ് വഴി റായ്ച്ചൂരിലെക്ക് പോകാനിരുന്ന ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് ഒന്നരമണിക്കൂറോളം കാത്തിരുന്ന് അടുത്ത വിമാനത്തിലാണ് യാത്ര പുറപ്പെട്ടത് .