ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാറും അനുയായികളും; അനുഗ്രഹം വാങ്ങാനെത്തിയതെന്ന് പ്രഫുൽ പട്ടേൽ

ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാറും അനുയായികളും; അനുഗ്രഹം വാങ്ങാനെത്തിയതെന്ന് പ്രഫുൽ പട്ടേൽ

അജിത് പവാറിന് എത്ര എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കാര്യം തിങ്കളാഴ്ച നിയമസഭ സമ്മേളനം ആരംഭിച്ചാൽ മാത്രമേ വ്യക്തമാവുകയുള്ളൂ
Updated on
1 min read

പാർട്ടി പിളർത്തി കൃത്യം രണ്ടാഴ്ച പിന്നിടുമ്പോൾ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാറും അനുയായികളും. മുംബൈയിലെ വൈ ബി ചവാന്‍ സെന്ററിലെത്തിയാണ് അജിത് പവാറും സംഘവും ശരദ് പവാറിനെ കണ്ടത്. ശരദ് പവാർ ഉണ്ടെന്നറിഞ്ഞ് മുൻകൂട്ടി അനുമതി തേടാതെയാണ് തങ്ങൾ വന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ പ്രതികരിച്ചു.

''ശരദ് പവാറിൽ നിന്ന് അനുഗ്രഹം വാങ്ങാനാണ് ഞങ്ങൾ എല്ലാവരും വന്നത്. എൻസിപി ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഞങ്ങൾ ശരദ് പവാറിനോട് അഭ്യർഥിച്ചു. എന്നാൽ അദ്ദേഹം പ്രതികരിച്ചില്ല. ഞങ്ങൾ പറയുന്നതെല്ലാം കേട്ടുനിൽക്കുക മാത്രമാണ് ചെയ്തത്''- പ്രഫുൽ പട്ടേൽ പറഞ്ഞു. എല്ലാവരും ശരദ് പവാറിനെ ഇപ്പോഴും ബഹുമാനിക്കുന്നുണ്ടെന്നും പ്രഫുൽ പട്ടേൽ കൂട്ടിച്ചേർത്തു. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഒരു വിഭാഗം ബിജെപിയിലേക്ക് മാറിയതിന് ശേഷമുള്ള നിയമസഭയുടെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്. അജിത് പവാറിന്റെ വസതിയായ ദേവഗിരി ബംഗ്ലാവില്‍ എന്‍സിപി വിമത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം വൈ ബി ചവാന്‍ സെന്ററിലേക്ക് പോകുകയായിരുന്നു.

ശരദ് പവാറുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി അജിത് പവാറും അനുയായികളും; അനുഗ്രഹം വാങ്ങാനെത്തിയതെന്ന് പ്രഫുൽ പട്ടേൽ
കരുത്തുകാട്ടി അജിത് പവാർ, 29 എംഎൽഎമാർ യോഗത്തിനെത്തി; ഔദ്യോഗിക ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

പാർട്ടിക്കുള്ളിലെ ഭിന്നതയിൽ വിമതർ ഖേദം പ്രകടിപ്പിച്ചതായും പാർട്ടി ഒറ്റക്കെട്ടായി നിലനിൽക്കാൻ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് എൻസിപി അധ്യക്ഷനോട് അഭ്യർഥിച്ചതായും ശരദ് പവാർ ക്യാമ്പിലെ ജയന്ത് പാട്ടീൽ സ്ഥിരീകരിച്ചു. എന്നാൽ ശരദ് പവാർ എല്ലാം കേൾക്കുക മാത്രമാണ് ചെയ്തതെന്നും തിരിച്ചൊന്നും പ്രതികരിച്ചില്ലെന്നും ജയന്ത് പാട്ടീൽ പറഞ്ഞു.

ജൂലായ് രണ്ടിന് ഏകനാഥ് ഷിൻഡെ സർക്കാരിൽ ചേർന്നതിന് ശേഷം ശരദ് പവാറും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ ഒൻപത് എംഎൽഎമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ശരത് പവാർ വിഭാഗത്തിലുള്ള സുപ്രിയ സുലെ, ജയന്ത് പാട്ടിൽ, ജിതേന്ദ്ര അവ്ഹാദ് എന്നിവരും സന്നിഹിതരായിരുന്നു. അടുത്തിടെ, എൻസിപി മേധാവിയുടെ ഔദ്യോഗിക വസതിയായ സിൽവർ ഓക്ക് അജിത് പവാർ സന്ദർശിച്ചിരുന്നു. ശരദ് പവാറിന്റെ ഭാര്യ പ്രതിഭ പവാറിനെ കാണാനാണ് അജിത് പവാർ എത്തിയത്.

അതേസമയം, അജിത് പവാറിന് എത്ര എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കാര്യം തിങ്കളാഴ്ച നിയമസഭ സമ്മേളനം ആരംഭിച്ചാൽ മാത്രമേ വ്യക്തമാവുകയുള്ളൂ. 40 എംഎല്‍എമാരുടെ പിന്തുണയാണ് അജിത് പവാര്‍ പക്ഷം അവകാശപ്പെടുന്നത്.

logo
The Fourth
www.thefourthnews.in