അച്ഛന്റെ വോട്ട് ഖാർഗെയ്ക്ക്; മകന്റെ പ്രതീക്ഷ തരൂരില്‍, ആന്റണി കുടുംബത്തിന്റെ പിന്തുണ രണ്ടുവഴിക്ക്
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ശശി തരൂരിന് വീണ്ടും പിന്തുണ അറിയിച്ച് എകെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. നല്ല നാളേയ്ക്കായി എപ്പോഴുമൊരു പ്രതീക്ഷയാണ് തരൂരെന്ന് അനില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന് കരുതുന്ന മല്ലികാർജുന്‍ ഖാർഗെ സമർപ്പിച്ച നാമനിർദേശപത്രികയില്‍ ഒപ്പുവെച്ച ആദ്യത്തെയാള്‍ മുതിർന്ന നേതാവായ എകെ ആന്റണിയാണ്. പിന്നാലെ തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് അനില്‍ രംഗത്ത് വന്നിരുന്നു. കെപിസിസിയുടെ സോഷ്യൽ മീഡിയ കൺവീനർ കൂടിയാണ് അനിൽ.
"തിങ്ക് ടുമോറോ തിങ്ക് തരൂർ" എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തോടൊപ്പം തരൂരിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചാണ് അനിലിന്റെ പോസ്റ്റ്. പുതുതലമുറ തന്നോടൊപ്പമുണ്ടാകുമെന്നാണ് തരൂർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് കൂടുതൽ കരുത്ത് പകരുന്നതാണ് അനിലിന്റെ പുതിയ പോസ്റ്റ്.
നാമനിർദേശ പത്രിക സമർപ്പണത്തിന് ശേഷവും തരൂരിന് പരസ്യ പിന്തുണയുമായി അനിൽ രംഗത്ത് വന്നിരുന്നു. തരൂരിനെക്കാൾ വലിയ നെഹ്രുവിയൻ പാർട്ടിയിൽ വേറെയില്ലെന്നായിരുന്നു അനിലിന്റെ അന്നത്തെ കുറിപ്പ്. കോൺഗ്രസിന്റെ വീണ്ടെടുപ്പിന് അനിവാര്യമായ ആശയമാണ് തരൂർ മുന്നോട്ട് വെയ്ക്കുന്നതെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.