പഴയ കൂട്ടാളികളെ ഒപ്പംകൂട്ടി ബിജെപി; തമിഴ്‌നാട്ടില്‍ പിഎംകെയുമായി സീറ്റ് ധാരണ, പഞ്ചാബില്‍ ശിരോമണി അകാലിദളുമായി ചര്‍ച്ച
പതിനെട്ടാം ലോക്‌സഭയില്‍ 400 സീറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കാന്‍ എന്‍ഡിഎ വിപുലീകരണം സജീവമാക്കി ബിജെപി. സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുക എന്ന തന്ത്രത്തിനാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചാബില്‍ മുന്‍ സഖ്യ കക്ഷിയായ ശിരോമണി അകാലിദളിനെ കൂടെ കൂട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായി അകലുന്നതിനിടെ മുന്‍ കേന്ദ്ര മന്ത്രി അന്‍പുമണി രാംദോസിന്റെ പട്ടാളി മക്കള്‍ കക്ഷി (പിഎംകെ)യെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാക്കുയും ചെയ്തിട്ടുണ്ട് ബിജെപി.
പഞ്ചാബിൽ ശിരോമണി അകാലി ദൾ നേരത്തെ എൻഡിഎ സഖ്യത്തിന്റെ ഭാഗം ആയിരുന്നു. രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവച്ച് വിവാദ കാർഷിക നിയമങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് സഖ്യം പൊളിയുകയായിരുന്നു. പഞ്ചാബിലെ സഖ്യം സംബന്ധിച്ച സജീവ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് ഇരു പാര്‍ട്ടി നേതാക്കളും നല്‍കുന്ന സൂചന. ബിജെപിയിലെയും ശിരോമണി അകാലിദളിലെയും മുതിർന്ന നേതാക്കൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ബിജെപി വക്താവ് എസ്എസ് ചന്നി ഇന്ത്യാ ടുഡേ ടിവിയോട് സ്ഥിരീകരിച്ചു കഴിഞ്ഞു.
വിഷയം ചർച്ച ചെയ്യാൻ മാർച്ച് 22 ന് അകാലിദൾ കോർ കമ്മിറ്റി യോഗം ചേരും. തിരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അകാലിദൾ ജനറൽ സെക്രട്ടറി ഡോ. ദൽജിത് സിംഗ് ചീമ പറഞ്ഞു. കമ്മിറ്റിയിലെ തീരുമാന പ്രകാരം ബിജെപിയും എസ്എഡിയും തമ്മിൽ ഔപചാരിക കൂടിക്കാഴ്ച നടത്തും. ശേഷം ബിജെപി ഹൈക്കമാൻഡ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും.
തമിഴ്നാട്ടില്‍ പട്ടാളി മക്കള്‍ കക്ഷിയും നേരത്തെ എന്‍ഡിഎയുടെ ഭാഗമായിരുന്നു. 2021 ലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാലത്താണ് മുന്നണി വിടുന്നത്. സിഎഎ, കാര്‍ഷിക നിയമങ്ങളോടുള്ള എതിര്‍പ്പിന്റെ പേരിലായിരുന്നു പിഎംകെ പുറത്തേക്ക് പോയത്. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ ഭരണ തുടർച്ച ഉറപ്പാക്കുന്നതിനാണ് ഇപ്പോള്‍ വീണ്ടും എന്‍ഡിഎയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് പിഎംകെ പ്രസിഡൻ്റ് അന്‍പുമണി രാമദോസ് പ്രതികരിച്ചു.
തമിഴ്‌നാട്ടിലെ വണ്ണിയര്‍ വിഭാഗത്തില്‍ വലിയ സ്വാധീനമുള്ള രാഷ്ട്രീയ കക്ഷിയാണ് പിഎംകെ. വണ്ണിയര്‍ ജാതി സംഘടനകളുടെ ഒന്നിപ്പിച്ച് 1989 ലാണ് അന്‍പുമണി രാമദോസ് പിഎംകെ സ്ഥാപിക്കുന്നത്. 1987 ലെ വണ്ണിയര്‍ സംവരണ പ്രതിഷേധങ്ങളുടെ ഫലമായിരുന്നു രാഷ്ട്രീയ പാര്‍ട്ടി.
2004-ലെ തിരഞ്ഞെടുപ്പിന് മുമ്പ് യുപിഎ മുന്നണിയുടെ ഭാഗമായിരുന്നു പിഎംകെ. ഇക്കാലയളവില്‍ തമിഴ്‌നാട്ടിലെ അധികാര രാഷ്ട്രീയത്തില്‍ വലിയ സ്വാധീനവും പിഎംകെയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഡിഎംകെയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2008 ല്‍ സംസ്ഥാനത്തെ മുന്നണി ബന്ധം പിഎംകെ അവസാനിപ്പിച്ചു. അപ്പോഴും യുപിഎയില്‍ പിഎംകെ തുടര്‍ന്നു. 2009 മാര്‍ച്ചില്‍ യുപിഎ വിട്ട പിഎംകെ എഐഎഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുമായുള്ള സഖ്യത്തിലായിരുന്നു പിഎംകെ മത്സരിച്ചത്. ധര്‍മ്മപുരി ലോക്സഭാ മണ്ഡലത്തില്‍ അന്‍ബുമണി രാമദോസ് വിജയിക്കുകയും ചെയ്തു തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് എഐഎഡിഎംകെ ഇതര എംപിമാരില്‍ ഒരാളായിരുന്നു അദ്ദേഹം.