പൈലറ്റുമാരുടെ കൂട്ടരാജി: 
വിമാന സര്‍വിസുകള്‍ വെട്ടിക്കുറച്ച് ആകാസ എയര്‍

പൈലറ്റുമാരുടെ കൂട്ടരാജി: വിമാന സര്‍വിസുകള്‍ വെട്ടിക്കുറച്ച് ആകാസ എയര്‍

നോട്ടീസ് കാലയളവ് പാലിക്കാതെ രാജിവച്ച് പുറത്തുപോയ പൈലറ്റുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ആകാസ
Updated on
1 min read

പൈലറ്റുമാരുടെ കൂട്ടരാജിയെത്തുടർന്ന് സര്‍വിസുകള്‍ വെട്ടിക്കുറച്ച് ബജറ്റ് വിമാനക്കമ്പനിയായ ആകാസ എയര്‍. 43 പൈലറ്റുമാരാണ് രാജിവച്ചത്. സര്‍വിസുകളുടെ എണ്ണം വെട്ടിക്കുറച്ച കാര്യം സിഇഒ വിനയ് ദുബെ ചൊവ്വാഴ്ച രാത്രി ഈമെയിലിലൂടെ ജീവനക്കാരെ അറിയിക്കുകയായിരുന്നു.

നോട്ടിസ് കാലയളവ് പൂര്‍ത്തിയാക്കാതെയാണ് ഒരുകൂട്ടം പൈലറ്റുമാർ ജോലിയിൽനിന്ന് പുറത്തുപോയതെന്നാണ് കമ്പനി പറയുന്നത്. ഇവർക്കെതിര നിയമനടപടി ആരംഭിച്ചതായി ആകാസ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സർവിസ് വെട്ടിക്കുറച്ച കാര്യം കമ്പനി അറിയിച്ചത്.

''ഒരു കൂട്ടം പൈലറ്റുമാര്‍ അവരുടെ ചുമതലകള്‍ ഉപേക്ഷിക്കുകയും നിര്‍ബന്ധിത കരാര്‍ നോട്ടിസ് കാലയളവ് പൂര്‍ത്തിയാക്കാതെ മടങ്ങുകയും ചെയ്തു. ഇത് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഫ്‌ളൈറ്റുകളുടെ സർവിസുകളെ ബാധിക്കുകയും അവസാന നിമിഷം വിമാനം റദ്ദാക്കാനും കമ്പനിയെ നിര്‍ബന്ധിതരാക്കുകയുണ്ടായി,'' ദുബെ ഇമെയിലില്‍ പറയുന്നു.

പൈലറ്റുമാരുടെ രാജിയ്ക്ക് ശേഷം കമ്പനി അടച്ചുപൂട്ടുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് പുതിയ ക്രമീകരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

നിരവധി പൈലറ്റുമാരുടെ പുറത്തുപോകലിനെത്തുടര്‍ന്ന് ആകാസ എയര്‍ 'പ്രതിസന്ധി' നേരിടുന്നുണ്ടെന്നും അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്നും എയര്‍ലൈനിന്റെ അഭിഭാഷകര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിര്‍ബന്ധിത നോട്ടിസ് കാലയളവ് നിയമം നടപ്പാക്കാന്‍ കമ്പനി ഡിജിസിഎയോട് ആവശ്യപ്പെടുകയും ചെയ്തു. നിയമം അനുസരിച്ച് കോ-പൈലറ്റുമാര്‍ക്ക് ആറ് മാസവും കമാന്‍ഡര്‍മാര്‍ക്ക് ഒരു വര്‍ഷവുമാണ് നോട്ടിസ് കാലയളവ്.

പൈലറ്റുമാരുടെ രാജി കമ്പനിയെ മാത്രമല്ല അതിൻ്റെ ഉപയോക്താക്കളെയും ബാധിച്ചതായി ആകാസ വക്താവ് പറഞ്ഞു. ''ഇത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല, ഓഗസ്റ്റില്‍ ഫ്‌ളൈറ്റുകളെ അവസാന നിമിഷം റദ്ദാക്കാന്‍ നിര്‍ബന്ധിതരാക്കിയത് ആയിരക്കണക്കിന് ഉപഭോക്താക്കളെ കുടുക്കുകയും അവര്‍ക്ക് അസൗകര്യവുമുണ്ടാക്കുകയും ചെയ്തു. ഇത് അധാര്‍മ്മികവും സ്വാര്‍ത്ഥവുമായ പ്രവൃത്തിയാണ്,'' ആകാസ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

പൈലറ്റുമാർ രാജി തുടരുകയാണെങ്കില്‍ സെപ്റ്റംബറില്‍ മാത്രം 600- 700 വിമാന സർവിസുകൾ റദ്ദാക്കാൻ ആകാസ നിർബന്ധിതമാവുമെന്നാണ് റിപ്പോര്‍ട്ട്.

logo
The Fourth
www.thefourthnews.in