'നിതീഷിന്റെ പരാതികള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമായിരുന്നു'; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി അഖിലേഷ് യാദവ്
ജെഡിയുവിന്റെ എന്‍ഡിഎ സഖ്യനീക്കത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കേ, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ് പി) നേതാവ് അഖിലേഷ് യാദവ്. നിതീഷ് കുമാറിന്റെ മുന്നണി മാറ്റ നീക്കത്തില്‍ 'ഇന്ത്യ' സഖ്യത്തില്‍ നിന്ന് പ്രതികരണം നടത്തുന്ന ആദ്യ നേതാവാണ് അഖിലേഷ് യാദവ്. നിതീഷിന്റെ പരാതികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയിലെ മറ്റു പാര്‍ട്ടികളുമായി ആശയവിനിമയം നടത്തുന്നതിന് കോണ്‍ഗ്രസ് ഉത്സാഹം കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിതീഷ് കുമാര്‍ 'ഇന്ത്യ' സഖ്യത്തിനൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. മുന്നണി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത നേതാവാണ് അദ്ദേഹം. എന്തുകൊണ്ടാണ് നിതീഷ് കുമാര്‍ അസ്വസ്ഥനായത്? അദ്ദേഹത്തിന്റെ പരാതികള്‍ ചര്‍ച്ച ചെയ്യാമായിരുന്നു. അദ്ദേഹത്തിന് പറയാനുള്ളത് കേട്ടിരുന്നെങ്കില്‍ ഒരു പരിഹാരമുണ്ടാകുമായിരുന്നു എന്ന് താന്‍ വിശ്വസിക്കുന്നു എന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാകുമോയെന്ന ചോദ്യത്തിന് ''അത്തരമൊരു സഹകരണം യാഥാര്‍ത്ഥ്യമാകുമോ എന്ന് ആ സമയത്ത് മാത്രമേ പറയാന്‍ സാധിക്കുള്ളു'' എന്നും അദ്ദേഹം മറുപടി നല്‍കി. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന അഖിലേഷ് യാദവ്, ബിഹാര്‍ വിഷയം മുതലെടുക്കാനുള്ള ശ്രമത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതോടെ, മമതയ്ക്കും നിതീഷിനും പിന്നാലെ ഇന്ത്യ മുന്നണിയില്‍ പുതിയ തലവേദനയായി അഖിലേഷ് മാറിയേക്കും. നിതീഷിന്റെ പുതിയ നീക്കങ്ങളെ കുറിച്ച് കോണ്‍ഗ്രസ് ഇതുവരേയും പ്രതികരണം നടത്തിയിട്ടില്ല.
ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ സഖ്യം ഉപേക്ഷിക്കുന്നത് എന്നാണ് സൂചന. അതേസമയം, ഇന്ത്യ മുന്നണി വിടുന്നു എന്ന വാര്‍ത്തകള്‍ ജെഡിയു നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്ന പ്രതികരണമാണ് ജെഡിയുവിന്റെ ഭാഗത്തുനിന്നുണ്ടായത്. സീറ്റ് പങ്കിടല്‍ അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നാണ് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് സിങ് കുശ്വാഹ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നേരത്തെ തീര്‍ക്കേണ്ടതുണ്ടെന്ന് നിതീഷ് കുമാര്‍ തുടക്കം മുതല്‍ പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഗൗരവം കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.