അലിഗഡിനെ ഹരിഗഡാക്കും; അലഹബാദിനും ഫൈസാബാദിനും പിന്നാലെ യു പിയിൽ വീണ്ടും പേരുമാറ്റനീക്കം
അലഹബാദിനും ഫൈസാബാദിനും പിന്നാലെ ഉത്തർപ്രദേശിൽ മറ്റൊരു നഗരത്തിന്റെ കൂടി പേര് മാറ്റാൻ നീക്കം. അലിഗഡിനെ ഹരിഗഡ് എന്ന് പുനർനാമകരണം ചെയ്യാനാണ് ശ്രമം. ഇതുസബന്ധിച്ച് അലിഗഡ് മുനിസിപ്പല്‍ കോര്‍പറേഷൻ ഏകകണ്ഠമായി പാസാക്കി.
കഴിഞ്ഞ ദിവസം ചേർന്ന കോർപറേഷൻ കൗണ്‍സില്‍ യോഗത്തിൽ ബിജെപി കൗൺസിലർ സഞ്ജയ് പണ്ഡിറ്റാണ് അലിഗഡിന്റെ പേര് ഹരിഗഡ് എന്നാക്കി മാറ്റാൻ നിർദേശിച്ചത്. മുഴുവൻ കൗണ്‍സിലർമാരും പ്രമേയത്തെ പിന്തുണച്ചു. നിർദേശം യു പി സർക്കാരിന്റെ അനുമതിക്കായി അയയ്ക്കും. സർക്കാർ അംഗീകരിച്ചാൽ അലിഗഡിന്റെ പേര് ഹരിഗഡ് എന്ന് ഔദ്യോഗികമായി മാറും.
നഗരസഭയിലെ പുതിയ നീക്കം ആദ്യപടി മാത്രമാണെന്നും ഉടൻ തന്നെ സർക്കാരിന്റെ അനുമതി ലഭിക്കുമെന്നും പെരുമാറ്റൽ നിർദ്ദേശത്തിന് അംഗീകാരം നൽകിയശേഷം അലിഗഡ് മേയർ പ്രശാന്ത് സിംഗാൾ പറഞ്ഞു.
“ഇന്നലെ നടന്ന യോഗത്തിൽ അലിഗഡിന്റെ പേര് ഹരിഗഡ് എന്നാക്കാനുള്ള നിർദേശം കൗൺസിലർ സഞ്ജയ് പണ്ഡിറ്റ് മുന്നോട്ടുവച്ചിരുന്നു. എല്ലാ കൗൺസിലർമാരും ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. ഇനി മുന്നോട്ട് അയയ്ക്കണം. ഉടൻ തന്നെ സർക്കാർ ഇത് പരിഗണിക്കുമെന്നും അലിഗഡിന്റെ പേര് ഹരിഗഡ് എന്നാക്കണമെന്ന ഞങ്ങളുടെ ആവശ്യം നിറവേറ്റുമെന്നുമാണ് പ്രതീക്ഷ,", മേയർ പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
2021ൽ തന്നെ അലിഗഡിന്റെ പേര് മാറ്റുന്നതിനുള്ള ചർച്ചകൾ സജീവമായിരുന്നു. 2022ലാണ് ജില്ലാ പഞ്ചായത്ത് യോഗം ചേർന്ന് അലിഗഡിന്റെ പേര് മാറ്റാനുള്ള നിര്‍ദ്ദേശം അയയ്ക്കുന്നത്. സംസ്ഥാനത്തുടനീളം പേര് മാറ്റുന്നതിനുള്ള നീക്കം തുടരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
2019 ജനുവരിയിൽ യുപിയിലെ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്ന് മാറ്റിയത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. ഇതിനു മുൻപ് 2018ൽ ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യ എന്നാക്കിയിരുന്നു.
രാജ്യത്ത് സ്ഥലങ്ങളുടെ പേരുമാറുന്നത് സംബന്ധിച്ച വാർത്തകൾ പുതുമയുള്ളതല്ല. നിരവധി റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ ഇതിനോടകം മാറ്റിയിട്ടുണ്ട്. യോഗി സർക്കാരിന്റെ കാലത്തുതന്നെ മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജങ്ഷൻ എന്നും ഝാൻസി റെയിൽവേ സ്റ്റേഷൻ വീരംഗന ലക്ഷ്മിഭായി റെയിൽവേ സ്റ്റേഷൻ എന്നും മാറ്റിയിരുന്നു.
പേര് മാറ്റുന്ന നടപടി ക്രമണങ്ങൾ അത്ര എളുപ്പമല്ലെങ്കിലും നഗരസഭ പേരുമാറ്റുന്നതിനുള്ള പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചാൽ അടുത്ത പടിയായി നാമനിർദ്ദേശം സംസ്ഥാന മന്ത്രിസഭയ്ക്ക് അയയ്ക്കും. സംസ്ഥാന മന്ത്രിസഭയിൽ ഇത് പാസാക്കിയ ശേഷം പുതിയ പേരുള്ള ഗസറ്റ് പുറത്തിറക്കും. ഇതിനുശേഷമാണ് സ്ഥലങ്ങളുടെ പുതിയ പേര് ഔദ്യോഗികമായി ഉപയോഗിച്ച് തുടങ്ങുന്നത്.