അലി​ഗഢ്‌ മുസ്ലിം സർവകലാശാല
അലി​ഗഢ്‌ മുസ്ലിം സർവകലാശാല

ഇസ്ലാമിക പണ്ഡിതരുടെ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ അലി​ഗഢ് സര്‍വകലാശാല

ഇസ്ലാമിക പണ്ഡിതനും ജമാ അത്തെ ഇസ്ലാമി സ്ഥാപകനുമായ അബുൽ അലാ മൗദൂദി ഹിന്ദു വിരുദ്ധ പ്രസ്താവനകൾക്ക് പേരുകേട്ട ആളാണെന്നും പാഠ്യപദ്ധതിയിൽ ഇത്തരം പ്രസ്താവനകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
Updated on
1 min read

പാകിസ്ഥാനി എഴുത്തുകാരനായ അബുൽ അലാ മൗദൂദിയുടെയും ഈജിപ്ഷ്യൻ പൗരനായ സയ്യിദ് ഖുതുബിന്റെയും പുസ്തകങ്ങൾ സിലബസിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി അലിഗഢ് മുസ്ലീം സർവകലാശാല . സാമൂഹിക പ്രവര്‍ത്തകനായ മധു കിശ്വറും മറ്റ് ചില അക്കാദമിക് വിദഗ്ധരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിനെ തുടർന്നാണ് തീരുമാനം.

ഇസ്ലാമിക പണ്ഡിതനായ അബുൽ അലാ മൗദൂദി ഹിന്ദു വിരുദ്ധ പ്രസ്താവനകൾക്ക് പേരുകേട്ട ആളാണെന്നും പാഠ്യപദ്ധതിയിൽ ഇത്തരം പ്രസ്താവനകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും കത്തിൽ ആരോപിക്കുന്നു. ജാമിയ മിലിയ ഇസ്ലാമിയ, ഹംദർദ് സർവകലാശാലകളും അവരുടെ പാഠ്യപദ്ധതിയിൽ പാകിസ്ഥാൻ എഴുത്തുകാരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ അവകാശപ്പെടുന്നു.

വിവാദപരമായ യാതൊന്നും പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും എതിർപ്പുയർന്ന സാഹചര്യത്തിൽ ദീർഘകാലമായി സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്ന ഈ പുസ്തകങ്ങൾ നീക്കം ചെയ്യാൻ ബോർഡ് തീരുമാനിച്ചുവെന്ന് എഎംയു ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി പ്രൊഫസർ മുഹമ്മദ് ഇസ്മായിൽ പറഞ്ഞു. ഈ രണ്ട് പണ്ഡിതന്മാരുടെ രചനകൾ ഭീകരവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നുവെന്ന ചിലരുടെ ആരോപണം തെറ്റാണെന്നും ഈ പുസ്തകങ്ങളിൽ ആക്ഷേപകരമായ ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിവാദവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് പുസ്തകങ്ങൾ നീക്കം ചെയ്യാൻ തന്നെയാണ് തീരുമാനമെന്നും മുഹമ്മദ് ഇസ്മായിൽ വ്യക്തമാക്കി

"രാജവാഴ്ചയ്ക്ക് കീഴിലുള്ള ചില രാജ്യങ്ങൾ മുമ്പ് ഇത് നിരോധിച്ചിരുന്നു. ഒരു ജനാധിപത്യ രാജ്യത്തിനും ജനാധിപത്യേതര രാജ്യത്തിനും ഒരു പുസ്തകത്തെ ഒരേ പോലെ പരിഗണിക്കാനാവില്ല. എന്തായാലും ഒരു വിവാദവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല". അതുകൊണ്ട് പുസ്തകങ്ങൾ നീക്കം ചെയ്യാൻ തന്നെയാണ് തീരുമാനമെന്നും മുഹമ്മദ് ഇസ്മായിൽ വ്യക്തമാക്കി. അതേസമയം സർവകലാശാലയുടെ തീരുമാനത്തിൽ ഒരു വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും എതിർപ്പുമായി രം​ഗത്തെത്തി. സർവകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാ​ഗത്തിന്റെ പാഠ്യപദ്ധതിയിലാണ് ഈ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. ബിരുദ, ബിരുദാനന്തര ക്ലാസുകളിലും ഈ പുസ്തകങ്ങൾ പഠിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in