100 വർഷത്തിൽ 41.7 കോടി പുസ്തകം, ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ പുസ്തക പ്രസാധകർ; അറിയാം ഗീത പ്രസ്സിനെ

100 വർഷത്തിൽ 41.7 കോടി പുസ്തകം, ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ പുസ്തക പ്രസാധകർ; അറിയാം ഗീത പ്രസ്സിനെ

പ്രധാനമന്ത്രി അധ്യക്ഷനായ ജൂറിയാണ് ഗീത പ്രസിനെ ഗാന്ധി സമാധാന പുരസ്കാരത്തിന് തിരഞ്ഞെടുത്തത്
Updated on
1 min read

ഗാന്ധി സമാധാന സമ്മാനം ഗീത പ്രസ്സിന് നല്‍കാനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. വി ഡി സവര്‍ക്കര്‍ക്കും നാഥുറാം ഗോഡ്സെയ്ക്കും ഗാന്ധി സമാധാന പുരസ്‌കാരം നല്‍കുന്നതിന് സമാനമാണ് ഗീത പ്രസ്സിന് പുരസ്‌കാരം നല്‍കുന്നതെന്നാണ് കോണ്‍ഗ്രസിന്‌റെ ആരോപണം. പുരസ്‌കാരത്തുക സ്വീകരിക്കില്ലെന്ന് ഗീത പ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. എന്താണ് ഗീത പ്രസ്? എന്തുകൊണ്ട് പുരസ്‌കാര പ്രഖ്യാപനം വിവാദമായി?

ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാധകരാണ് ഗീത പ്രസ്. കുറഞ്ഞ വിലയില്‍ ഹിന്ദു മതകാര്യപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണിത്. പ്രസിദ്ധീകരിച്ച പുസ്തകത്തിന്‌റെ എണ്ണമെടുത്താല്‍ രാജ്യത്തെ ഏറ്റവും വലിയ പുസ്തക പ്രസാധകരാണ് ഇവര്‍. ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, 41.7 കോടി പുസ്തകങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദിക്ക് പുറമെ മറാത്തി, ഗുജറാത്തി, തെലുഗു, സംസ്‌കൃതം, ഇംഗ്ലീഷ്, ബംഗ്ലാ, തമിഴ്, ആസാമീസ്, മലയാളം തുടങ്ങി 14 ഭാഷകളിലും ഗീത പ്രസ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈന്ദവ പുസ്തക പ്രസാധകരാണ് ഗീത പ്രസ്. 1923 ഏപ്രില്‍ 29നാണ് ഇത് സ്ഥാപിതമായത്. ജയ് ദയാല്‍ ഗോയങ്ക, ഘന്‍ശ്യാം ദാസ് ജലന്‍, ഹനുമാന്‍ പ്രസാദ് പോദ്ദര്‍ എന്നീ ബിസിനസുകാരാണ് സംരംഭത്തിന് പിന്നില്‍. ഭഗവദ്ഗീതയുടെ 16.21 കോടി പുസ്തകങ്ങളാണ് ഗീത പ്രസ് ഇതുവരെ പ്രസിദ്ധീകരിച്ചത്. തുളസീദാസിന്റെ രചനകളുടെ 11.73 കോടി പുസ്തകങ്ങളും, പുരോണങ്ങളുടെയും ഇതിഹാസങ്ങളുടെയും 2.68 കോടി പകര്‍പ്പും പുറത്തിറക്കി. ഗീതാപ്രസിന്‌റെ മാസികയായ കല്യാണിന് 2.5 ലക്ഷത്തിനടുത്താണ് വരിക്കാര്‍. സ്വന്തമായി 21 മൊത്തക്കച്ചവട കേന്ദ്രങ്ങള്‍, കാഠ്മണ്ഡുവില്‍ ഉള്‍പ്പെടെ അഞ്ച് ചില്ലറവില്പന ഷോപ്പുകള്‍ 800 റെയില്‍വേ സ്റ്റേഷന്‍ വെന്‍ഡുകള്‍ എന്നിവ കൂടാതെ മൊബൈല്‍ വാനുകളിലും ഗീത പ്രസ് പുസ്തകങ്ങളുമായി ജനങ്ങളിലെത്താറുണ്ട്.

പരസ്യങ്ങളോ സംഭവനകളോ സ്വീകരിക്കാതെയാണ് പ്രസ്സിന്‌റെ പ്രവര്‍ത്തനം. അസംസ്‌കൃത വസ്തുക്കള്‍ നേരിട്ട് വാങ്ങുന്നതും അധിക ചെലവ് പുസ്തക വിലയില്‍ ചേര്‍ക്കാതതുമെല്ലാമാണ് വിലകറഞ്ഞ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്നതെന്നാണ് ഗീതാ പ്രസിന്‌റെ അവകാശവാദം. ഡിജിറ്റല്‍ വിഷ്വല്‍ ഉള്ളടക്കങ്ങളുടെ അതിപ്രസരവും സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരവും പുസ്തകങ്ങള്‍ വായിക്കാനുള്ള ആളുകളുടെ താത്പര്യക്കുറവും പസിദ്ധീകരണ മേഖലയില്‍ കടുത്ത വെല്ലുവിളിയാകുന്നുണ്ടെങ്കിലും ഗീത പ്രസ്സിനെ അത് ബാധിക്കുന്നില്ല. ജിഎസ്ടി നടപ്പാക്കിയതോ നോട്ട്‌നിരോധനമോ കോവിഡോ ഒന്നു തന്നെ ഇവരുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്നതാണ് വസ്തുത.

100 വർഷത്തിൽ 41.7 കോടി പുസ്തകം, ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ പുസ്തക പ്രസാധകർ; അറിയാം ഗീത പ്രസ്സിനെ
രൂക്ഷവിമർശനമുയർത്തി കോൺഗ്രസ്; ഗാന്ധി സമാധാന പുരസ്‌കാരത്തുക സ്വീകരിക്കില്ലെന്ന് ഗീത പ്രസ്

ഹിന്ദുമതത്തിന്‌റെ ആത്മീയ കാര്യങ്ങളും വിശ്വാസരീതികളും പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ മാത്രമാണ് ഗീത പ്രസിന്‌റെ സംഭാവന. ഉത്തരേന്ത്യയില്‍ ഇവരുടെ ഒരു പ്രസിദ്ധീകരണമെങ്കിലും ഇല്ലാത്ത ഒരു വീടെങ്കിലും ഇല്ല എന്നാണ് ഗീത പ്രസിനെ കുറിച്ച് പറയപ്പെടുന്നത്. സനാതന ധർമ്മം മാത്രം പ്രചരിപ്പിക്കുന്ന ഗീത പ്രസിന് സമൂഹിക ഉന്നമനത്തിന് നല്‍കിയ സംഭവന ചൂണ്ടിക്കാട്ടി, മഹാത്മാ ഗാന്ധിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സമാധാന പുരസ്‌കാരം എങ്ങനെ നല്‍കുമെന്നതാണ് വിമര്‍ശകരുടെ ചോദ്യം.

logo
The Fourth
www.thefourthnews.in