'പശു അമ്മയാണ്, ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഗോവധ നിരോധനം'; വിചിത്ര വാദവുമായി ഗുജറാത്ത് കോടതി

'പശു അമ്മയാണ്, ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഗോവധ നിരോധനം'; വിചിത്ര വാദവുമായി ഗുജറാത്ത് കോടതി

മഹാരാഷ്ട്രയിൽ നിന്ന് അനധികൃതമായി കന്നുകാലികളെ കടത്തിയതിന് ഒരു യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം
Updated on
1 min read

ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഗോവധ നിരോധനമെന്ന വിചിത്ര പരാമർശവുമായി ഗുജറാത്തിലെ തപി ജില്ലാ കോടതി. മഹാരാഷ്ട്രയിൽ നിന്ന് അനധികൃതമായി കന്നുകാലികളെ കടത്തിയതിന് ഒരു യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കവെയാണ് കോടതിയുടെ പരാമർശം. പശുക്കളില്ലാത്ത ലോകത്തെ പറ്റി ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സമീർ വിനോദ്ചന്ദ്ര വ്യാസ് പറഞ്ഞു.

2020 ഓഗസ്റ്റ് 27 നാണ് 16 പശുക്കളെ അനധികൃതമായി ട്രക്കിൽ കടത്തിയതിന് മുഹമ്മദ് അമീന്‍ എന്ന യുവാവ് അറസ്റ്റിലാകുന്നത്

2020 ഓഗസ്റ്റ് 27നാണ് 16 പശുക്കളെയും അതിന്റെ കുട്ടികളെയും അനധികൃതമായി ട്രക്കിൽ കടത്തിയതിന് മുഹമ്മദ് അമീന്‍ എന്ന യുവാവ് അറസ്റ്റിലാകുന്നത്. 2017ലെ ഗുജറാത്ത് ആനിമൽ പ്രിസർവേഷൻ (ഭേദഗതി) നിയമം ,1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 1975ലെ ഗുജറാത്ത് കൺട്രോൾ ഓഫ് അനിമൽ ട്രാൻസ്‌പോർട്ട് ഓർഡർ എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

യന്ത്രവത്കൃത അറവുശാലകൾ പശുക്കളെ കശാപ്പ് ചെയ്യുകയാണെന്നും അത് അവരുടെ ജീവന് വലിയ അപകടമുണ്ടാക്കുന്നുണ്ടെന്നും കോടതി

പശു കേവലം ഒരു മൃഗം മാത്രമല്ല, അമ്മയാണ്. അതുകൊണ്ടാണ് അതിന് മാതാവ് എന്ന പേര് ലഭിച്ചത്. പശുവിനെപ്പോലെ ആരും നന്ദിയുള്ളവരല്ല. 68 കോടി പുണ്യസ്ഥലങ്ങളുടെയും 33 കോടി ദൈവങ്ങളുടെയും സംഗ്രഹമായ ജീവനുള്ള ഗ്രഹമാണ് പശുവെന്നും കോടതി പറയുന്നു. പശുവിന്റെ ഒരു തുള്ളി രക്തം ഭൂമിയിൽ വീഴാത്ത ദിവസം ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ഭൂമിയുടെ ക്ഷേമം സ്ഥാപിക്കപ്പെടുമെന്നും കോടതി പറഞ്ഞു. പശുവിന്റെ മതപരമായ വശങ്ങൾ മാത്രമല്ല, അതിന്റെ സാമ്പത്തികവും സാമൂഹികവും ശാസ്ത്രീയവും ആരോഗ്യപരവുമായ നേട്ടങ്ങളും പരിഗണിക്കേണ്ടതിന്റെ ആവശ്യക ഉത്തരവിൽ പറയുന്നുണ്ട്. യന്ത്രവത്കൃത അറവുശാലകൾ പശുക്കളെ കശാപ്പ് ചെയ്യുകയാണെന്നും അത് അവരുടെ ജീവന് വലിയ അപകടമുണ്ടാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനം മൂലം താപനില ഉയരുന്നതിന് കാരണം കന്നുകാലികളെ പീഡിപ്പിക്കുന്നതാണെന്നും പരാമർശം

ചാണകം കൊണ്ട് നിർമിച്ച വീടുകളെ അണുവികിരണം ബാധിക്കില്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഗോമൂത്രം ഉപയോഗിക്കുന്നത് ഭേദമാക്കാനാകാത്ത പല രോഗങ്ങൾക്കും മരുന്നാണ്. പശു മതത്തിന്റെ പ്രതീകമാണെന്നും  ജഡ്ജ് അവകാശപ്പെടുന്നു. പശുക്കളെ അസന്തുഷ്ടരാക്കിയാൽ നമ്മുടെ സമ്പത്തും സ്വത്തും ഇല്ലാതാകും. കാലാവസ്ഥാ വ്യതിയാനം മൂലം താപനില ഉയരുന്നതിന് കാരണം കന്നുകാലികളെ പീഡിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.

ഗോവധത്തിന് കടുത്ത നിരോധനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പശു, കാള, കാളക്കുട്ടി എന്നിവയെ കൊല്ലുന്നതും കയറ്റുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ലംഘിച്ചാല്‍ അര ലക്ഷം രൂപ പിഴയും ഏഴ് വര്‍ഷം തടവുമാണ് ശിക്ഷ.

logo
The Fourth
www.thefourthnews.in