'ഗോഹത്യ നടത്തുന്നവ‍ർ നരകത്തിൽ ചീഞ്ഞഴുകും';
പശുവിനെ ദേശീയ മൃ​ഗമായി പ്രഖ്യാപിക്കണ​മെന്ന് അലഹബാദ് ഹൈക്കോടതി

'ഗോഹത്യ നടത്തുന്നവ‍ർ നരകത്തിൽ ചീഞ്ഞഴുകും'; പശുവിനെ ദേശീയ മൃ​ഗമായി പ്രഖ്യാപിക്കണ​മെന്ന് അലഹബാദ് ഹൈക്കോടതി

പശുവിനെ കശാപ്പ് ചെയ്യുകയും വിൽക്കുകയും ചെയ്തതിനുള്ള ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം
Updated on
1 min read

രാജ്യത്ത് ഗോഹത്യ തടയാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി. പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഹിന്ദു വിശ്വാസത്തില്‍ പശുക്കള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പരാമര്‍ശങ്ങള്‍. ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകുമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് നിരീക്ഷിച്ചു. കാലികളെ കശാപ്പ് ചെയ്യുകയും വില്‍ക്കൂകയും ചെയ്തതിന് ചുമത്തിയ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിക് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഷമീം അഹമ്മദിന്റെ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ഫെബ്രുവരി 14ന് ആയിരുന്നു ഇതുസംബന്ധിച്ച കോടതി വിധി പുറപ്പെടുവിച്ചത്.

മതേതര രാജ്യമായ ഇന്ത്യയിൽ ഹിന്ദു മതത്തോടും മറ്റ് എല്ലാ മതങ്ങളോടും ബഹുമാനം ഉണ്ടാകണം. പശു ദൈവികവും നന്മയെ പ്രതിനിധാനം ചെയ്യുന്ന മ‍ൃഗവുമാണ്. അതിനാൽ അതിനെ സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി. പശുവിനെ ആരാധിക്കുന്നത് വേദകാലം മുതൽ തുടരുന്ന ഒന്നാണ്. പശുവില്‍ നിന്നും ലഭിക്കുന്ന പാൽ, തൈര്, വെണ്ണ, ​ഗോമൂത്രം, ചാണകം എന്നിവ രോഗശാന്തി, ശുദ്ധീകരണം എന്നീ കാര്യങ്ങളിൽ പശുവിനെ സൂചിപ്പിക്കുന്നവയാണ്. അതിനാൽ പശുവിനെ കൊല്ലുകയോ കൊല്ലാൻ അനുവദിക്കുകയോ ചെയ്യുന്നവർ നരകത്തിൽ ചീഞ്ഞഴുകുമെന്നാണ് കോടതിയുടെ നിരീക്ഷണം.

ഹിന്ദുമത വിശ്വാസപ്രകാരം മതപുരോഹിതരേയും പശുക്കളേയും ഒരേസമയമാണ് ബ്രഹ്മാവ് സൃഷ്ടിച്ചത്. പുരോഹിതര്‍ മന്ത്രോച്ചാരണം ചെയ്യുന്ന സമയത്ത് പൂജകള്‍ക്ക് ആവശ്യമായ നെയ്യ് നല്‍കാന്‍ പശുക്കള്‍ക്ക് കഴിയുന്നു. ഇതിനാണ് രണ്ടുപേരേയും ഒരേസമയം സൃഷ്ടിച്ചത്. ഹിന്ദുമത വിശ്വാസ പ്രകാരം മൃഗങ്ങളില്‍ വിശുദ്ധമായ ജീവിയാണ് പശു. കാമധേനു എന്നറിയപ്പെടുന്ന പശു എല്ലാ ആഗ്രഹങ്ങളും സഫലമാക്കുന്നുവെന്നുള്‍പ്പെടെയുള്ള വിചിത്ര നിരീക്ഷണങ്ങളും വിധിയില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in