വിചാരണപോലുമില്ലാതെ രണ്ട് വര്‍ഷം; ഒടുവില്‍ കാപ്പന്‍ ജയില്‍ മോചിതനാകുമ്പോള്‍
വിചാരണപോലുമില്ലാതെ തടവറയ്ക്കുള്ളില്‍ കഴിയേണ്ടി വന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഒടുവില്‍ ജയില്‍ മോചിതനാവുകയാണ്. ഹാഥ്റസില്‍ ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയായിരുന്നു കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് യുഎപിഎ ചുമത്തി ജയിലിലടച്ചു. അനീതിയുടെ നീണ്ട രണ്ട് വര്‍ഷങ്ങള്‍ വിചാരണ പോലുമില്ലാതെ അഴിക്കുള്ളില്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് യുഎപിഎ കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കി. എന്നാല്‍ ഇ ഡി കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ പുറത്തിറങ്ങാനായില്ല. ബുധനാഴ്ച അലഹബാദ് കോടതിയുടെ ലക്‌നൗ ബെഞ്ച് ഇ ഡി കേസിലും ജാമ്യം നല്‍കുന്നതോടെ വൈകിയാണെങ്കിലും നീതിയുടെ കിരണങ്ങള്‍ കാപ്പന് മുന്നില്‍ തുറക്കുകയാണ്.
രണ്ട് വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കാപ്പന് ജാമ്യം ലഭിക്കുന്നത്. ദളിത് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതലയുമായി ഹാഥ്റസിലെത്തിയ കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു യു പി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തു വിടാതെ രണ്ട് ദിവസം യുപി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ വച്ചു. 2020 ഒക്ടോബര്‍ ഏഴിന് മലയാളി മാധ്യമ പവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത വന്നു. മതസ്പര്‍ദ്ധ വളര്‍ത്തിയെന്നാരോപണമായിരുന്നു കാപ്പനെതിരെ ചുമത്തിയിരുന്നത്. പിന്നീട് ഹാഥ്‌റസ് കേസിന്റെ പശ്ചാത്തലത്തില്‍ കാപ്പനും സഹയാത്രികരും വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനും ശ്രമിച്ചുവെന്നാരോപിച്ച് യുഎപിഎ പ്രകാരം കേസെടുത്ത് അഴിക്കുള്ളിലാക്കുകയായിരുന്നു.
ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കല്‍, സ്വകാര്യത ലംഘിക്കല്‍ തുടങ്ങിയ കേസുകളായിരുന്നു കാപ്പനെതിരെ ചുമത്തിയിരുന്നത്. കാപ്പനടക്കം ഹാഥ്റസിലേക്ക് പോയവര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങളാണെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഫെബ്രുവരി 2020ല്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആരോപിച്ച് കാപ്പനടക്കം അഞ്ച് പേര്‍ക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. സംഘടനയുമായി ഔദ്യോഗിക ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും പിഎഫ്‌ഐ നേതാക്കളുമായി കാപ്പന്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. പിഎഫ്‌ഐ യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. മതസൗഹാര്‍ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാഥ്റസിലേയ്ക്ക് എത്തിയത് എന്നിങ്ങനെ ആരോപണങ്ങളും കാപ്പന്‍ നേരിട്ടു. 2021ല്‍ കാപ്പനെതിരെ ഉത്തപ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് 5000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതപരവും വിഭാഗീയവുമായ വിഷയങ്ങളെക്കുറിച്ച് കാപ്പന്‍ എഴുതിയ 36 ലേഖനങ്ങളില്‍ നിന്നുള്ള ഭാഗവും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അറസ്റ്റിന് ആറ് മാസം പിന്നിടുമ്പോഴായിരുന്നു രോഗാവസ്ഥയില്‍ കിടക്കുന്ന അമ്മയെ കാണാന്‍ കാപ്പന് അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചത്. അതിനിടെ ഏപ്രില്‍ 21ന് കോവിഡ് പോസിറ്റീവായ കാപ്പനെ ഏപ്രില്‍ 30ന് ഡല്‍ഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് ഏഴോടെ വീണ്ടും ജയിലിലേയ്ക്ക്. 2021 ഡിസംബറില്‍ തന്നെ കാപ്പനെതിരായുള്ള കേസുകള്‍ ലക്‌നൗ കോടതിയില്‍ നിന്നും എന്‍ഐഎ പ്രത്യേക കോടതിയിലേയ്ക്ക് മാറ്റിയിരുന്നു.
ഈ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിന് കാപ്പനൊപ്പം അറസ്റ്റിലായ മുഹമ്മദ് ആലമിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി ശരിവച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിനും രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചതിനും മുഹമ്മദ് ആലമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. സിദ്ദിഖ് കാപ്പനില്‍ നിന്ന് വ്യത്യസ്തമാണ് മുഹമ്മദ് ആലമിന്റെ സ്ഥിതിയെന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കവേ അന്ന് അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം. കാപ്പനില്‍ നിന്ന് ലാപ് ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഇവയില്‍ നിന്ന് വീഡിയോയും ലേഖനങ്ങളും കണ്ടെടുത്തിരുന്നു, എന്നാല്‍ ഇത്തരത്തിലൊന്നും മുഹമ്മദ് ആലമിന്റെ കൈവശമില്ലായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്.
യുഎപിഎ കേസില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് കാപ്പന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കാപ്പന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. എന്നാല്‍, പിഎഫ്ഐയുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ കാപ്പനെതിരെ ഇ ഡി കേസ് നിലനിന്നതിനാലായിരുന്നു ജയില്‍ മോചനം വൈകിയത്. ഇഡി കേസില്‍ ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ ബെഞ്ചാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെയാണ്, കാപ്പന്റെ രണ്ട് വര്‍ഷത്തെ ജയില്‍ ജീവിതത്തിന് അവസാനമാകുന്നത്.