ഗ്യാൻവാപി പള്ളിയിലെ പൂജ: പള്ളിക്കമ്മിറ്റിയുടെ ഹർജിയിൽ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്
കാശിയിലെ ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നൽകിയ ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. ഫെബ്രുവരി പതിനഞ്ചോടെ അഞ്ജുമാൻ പള്ളി കമ്മിറ്റിയുടെയും ഹിന്ദു വിഭാഗങ്ങളുടെയും വാദം പൂർത്തിയായ ശേഷം, ജഡ്ജി രോഹിത് രഞ്ജൻ അഗർവാൾ വിധിപറയാൻ മാറ്റുകയായിരുന്നു.
സംഭവത്തിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ് ഫെബ്രുവരി ഒന്നിന് പള്ളി കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. രാവിലെ പത്തിനാണ് വിധി.
ജനുവരി 31നാണ് വാരാണസി കോടതി മുസ്ലിം ആരാധനാലയത്തിൽ ഹിന്ദുക്കൾക്ക് പൂജ അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. മസ്ജിദ് പരിസരത്തിൻ്റെ ഭാഗമായ വ്യാസ് തെഹ്ഖാന (തെക്കൻ ഭൂഗർഭ അറ) തങ്ങളുടെ അധീനതയിലായിരുന്നുവെന്നും മറ്റാർക്കും അവിടെ ആരാധന നടത്താൻ അവകാശമില്ലെന്നുമാണ് കമ്മിറ്റിയുടെ നിലപാട്. യുക്തിസഹമായ കാരണങ്ങൾ ഇല്ലാതെ പൂജ നടത്തുന്നതുപോലെയുള്ള തീരുമാനങ്ങളിലേക്ക് കടക്കാൻ കഴിയില്ലെന്നും കമ്മിറ്റി വാദിച്ചു. ഒരിക്കൽ പോലും വ്യാസ് തെഹ്ഖാന ഹിന്ദുക്കളുടെ നിയന്ത്രണത്തിൽ ഉണ്ടായിട്ടില്ല എന്നും കമ്മിറ്റി കോടതിയിൽ പറഞ്ഞു.
അതേസമയം, ജനുവരി 31ലെ കീഴ്‌ക്കോടതി വിധിയെ ഉയർത്തിപ്പിടിച്ചായിരുന്നു അഭിഭാഷകരായ ഹരി ശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ എന്നിവർ കോടതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചത്. 1993 വരെ ഗ്യാൻവാപി പള്ളിയിലെ ഒരുഭാഗത്ത് ഹിന്ദുക്കൾ പ്രാർത്ഥന നടത്തിയിരുന്നു എന്നാണ് ഹിന്ദു ഭാഗം പ്രധാനമായും വാദിക്കുന്നത്. എന്നാൽ ഇതിന് കൃത്യമായ രേഖകൾ ഇതുവരെ സമർപ്പിച്ചിട്ടില്ല.
ഗ്യാൻവാപിയിലെ നിലവറയിൽ ശൃംഗാർ ഗൗരിയെയും മറ്റ് ദൃശ്യവും അദൃശ്യവുമായ ദേവതകളെ ആരാധിക്കണമെന്ന് ആവശ്യപ്പെട്ട് ശൈലേന്ദ്ര കുമാർ പതക് വ്യാസ് നൽകിയ ഹർജിയായിരുന്നു ജില്ലാ കോടതി ജഡ്ജി അനുവദിച്ചത്. ഉത്തരവിന് തൊട്ടുപിന്നാലെ വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് എംഎസ് രാജലിംഗവും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും മസ്ജിദ് സമുച്ചയത്തിൽ പ്രവേശിച്ച് രണ്ട് മണിക്കൂറോളം ചെലവഴിച്ചിരുന്നു. അന്നുതന്നെ പൂജയും ആരംഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ജില്ലാ മജിസ്ട്രേറ്റിനെ ഗ്യാൻവാപി പള്ളിയിൽ റിസീവറായി നിയമിച്ചതിന് പിന്നാലെ പള്ളി സമുച്ചയത്തിന്റെ തെക്കൻ നിലവറ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.