'ജോലിക്ക് ഭൂമി' അഴിമതി ആരോപണം; ലാലു കുടുംബത്തെ വെട്ടിലാക്കി സിബിഐ കുറ്റപത്രം
ആര്‍ജെഡിക്ക് കനത്ത തിരിച്ചടിനല്‍കി സിബിഐയുടെ കുറ്റപത്രം. ഭൂമി തട്ടിപ്പ് കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ കുറ്റപത്രം. അദ്ദേഹത്തിന്റെ മാതപിതാക്കളായ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടെയും പേരുകൾ കുറ്റപത്രത്തിൽ ഉണ്ട്. ജൂണ്‍ 23 ന് പട്നയില്‍ നടന്ന 16 പ്രതിപക്ഷ പാര്‍ട്ടികളുടെ മെഗാ യോഗം സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു തേജസ്വിയും ലാലു പ്രസാദ് യാദവും. ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കേ കുടുംബത്തിനായി ഭൂമി എഴുതിവാങ്ങി ജോലി നല്‍കിയെന്നാണ് കേസ്.
വിവാദമായ 'ജോലിക്ക് ഭൂമി' അഴിമതികേസിൽ ഇപ്പോൾ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ് സിബിഐ. 2004 മുതല്‍ 2009 വരെ യാദവ് കുടുംബത്തിന് കുറഞ്ഞ ചിലവില്‍ ഭൂമി ലഭിക്കുന്നതിന് പകരമായി ഇന്ത്യന്‍ റയില്‍വേയില്‍ ജോലി നല്‍കിയെന്നാണ് ആരോപണം.
കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിനെയും റാബ്രി ദേവിയെയും മാര്‍ച്ചില്‍ സിബിഐ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദമ്പതികളെയും മകള്‍ മിസ ഭാരതിയെയും ഉള്‍പ്പെടുത്തിയിരുന്നു.
ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം പുറത്തുവന്ന രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ എകെ ഇന്‍ഫോ സിസ്റ്റംസിനെയും നിരവധി ഇടനിലക്കാരെയും സിബിഐ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.