കേരളത്തിന് ഇടക്കാലാശ്വാസമില്ല, കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട ഹർജി ഭരണഘടന ബെഞ്ചിന്
സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് പുതിയ നടപടിയോടെ തീരുമാനത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടിവരും.
10,000 കോടി കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരളത്തിൻ്റെ അപേക്ഷയും നിരസിച്ചു. സുപ്രീം കോടതിയുടെ ഇടപെടലിൻ്റെ ഫലമായി കേരളത്തിന് ഗണ്യമായ തുക വായ്പയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിൻ്റെ അപേക്ഷ തള്ളിയത്. പ്രഥമദൃഷ്ട്യാ കേന്ദ്രത്തിൻ്റെ വാദങ്ങൾ ശരിയാണെന്ന നിരീക്ഷണവും ജസ്റ്റിസുമാരായ സൂര്യകാന്തും കെ വി വിശ്വനാഥനും പറഞ്ഞു.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം കടമെടുക്കല്‍ പരിധി അമിതമായി പ്രയോജനപ്പെടുത്തിയാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തത്തുല്യമായ കിഴിവുകള്‍ ഉണ്ടാകാമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ പ്രഥമദൃഷ്ട്യാ സാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ അടക്കം ധനവിനിയോഗത്തിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണെന്ന കോടതി നിരീക്ഷിച്ചു. കൂടാതെ, കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തിന് കാര്യമായ ഇളവ് നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ച സുപ്രീം കോടതി കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ബാക്കി കടമെടുപ്പു പരിധിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ് കോടതി നിര്‍ദേശിച്ചത്.
മാര്‍ച്ച് 19 ന് കേന്ദ്രം 8742 കോടി രൂപയ്ക്കും 4866 കോടി രൂപയ്ക്കും സമ്മതം നല്‍കി. ഇത് മൊത്തം 13,608 കോടി രൂപ വരും. ഈ പശ്ചാത്തലത്തില്‍, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന് കാര്യമായ ആശ്വാസം ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി. 2024 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷാവസാനത്തിന് മുമ്പ് കേരളത്തിന്റെ അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോടതി ശ്രമിച്ചിരുന്നെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിച്ചുള്ളതാണ് സംസ്ഥാനം സമര്‍പ്പിച്ച പ്രധാന ഹര്‍ജിയെന്ന് രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131, 293 എന്നിവയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും മറ്റ് സ്രോതസുകളില്‍ നിന്നും കടമെടുക്കാന്‍ ആര്‍ട്ടിക്കിള്‍ 293, സംസ്ഥാനങ്ങള്‍ക്ക് എത്രമാത്രം അവകാശം നല്‍കുന്നുണ്ടോ, അങ്ങനെ എങ്കില്‍ കേന്ദ്രസര്‍ക്കാരിന് അത് എത്രത്തോളം നിയന്ത്രിക്കാനാകും എന്നതാണ് പ്രശ്‌നം.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ കടമെടുക്കുന്നതും പൊതു അക്കൗണ്ടുകളില്‍ നിന്ന് ഉണ്ടാകുന്ന ബാധ്യതകളും ഭരണഘടനയുടെ അനുച്ഛേദം 293 (3) ന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ, ധനനയം സംബന്ധിച്ച ജുഡീഷ്യല്‍ അവലോകനത്തിന്റെ പരിധി എന്നിവ മറ്റു വിഷയങ്ങളാണ്. ഇത് ഭരണഘടന ബെഞ്ച് പരിശോധിക്കേണ്ടതാണെന്നും കോടതി വിലയിരുത്തി.