'1943 മുതല്‍ കൈവശമുള്ള ഭൂമി'; പാട്ടഭൂമി വിവാദത്തില്‍ അമര്‍ത്യ സെന്‍
വിശ്വഭാരതി സര്‍വകലാശാലയുടെ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന ആരോപണത്തില്‍ സര്‍വകലാശാല അധികൃതര്‍ക്ക് കത്തയച്ച് നോബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍. നിയമവിരുദ്ധമായി സര്‍വകലാശാലയുടെ അമര്‍ത്യ സെന്‍ ഭൂമി കൈവശം വച്ചിരിക്കുന്നതെന്നാണ് ആരോപണം. എന്നാല്‍ തന്റെ പിതാവ് അശുതോഷ് സെന്‍ പാട്ടത്തിന് എടുത്ത ഭൂമിയാണിതെന്നാണ് അമര്‍ത്യ സെന്‍ നല്‍കുന്ന വിശദീകരണം.
സര്‍വകലാശാലയുടേതായ 13 സെന്റ് ഭൂമി അമര്‍ത്യ സെന്‍ കൈവശം വച്ചിരിക്കുന്നു എന്നതാണ് പ്രധാന ആരോപണം. ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിയിലേയ്ക്ക് കഴിഞ്ഞ മാസം സര്‍വകലാശാല അധികൃതര്‍ നീങ്ങിയിരുന്നു.
1943 മുതല്‍ തന്റെ കുടുംബത്തിന്റെ കൈവശമുള്ള ഭൂമിയാണ് ശാന്തിനികേതനിലുള്ളതെന്നും, മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈമാറിയതെന്നുമാണ് അമര്‍ത്യ സെൻ അവകാശപ്പെടുന്നത്. പാട്ടത്തിനെടുത്ത ഭൂമിയുടെ സമീപത്തായി കുറച്ച് ഭൂമി വേറെയും വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിശ്വഭാരതിയുടെ ജോയിന്റെ രജിസ്റ്റാര്‍ക്കും എസ്‌റ്റേറ്റ് ഓഫീസര്‍ക്കും അയച്ച കത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഏപ്രില്‍ 17 ന് അമേരിക്കയില്‍ നിന്നാണ് അമര്‍ത്യ സെന്‍ കത്തയച്ചിരിക്കുന്നത്. ജൂണില്‍ ശാന്തിനികേതന്‍ സന്ദര്‍ശിക്കുമെന്നും അമര്‍ത്യ സെന്‍ വ്യക്തമാക്കുന്നു.
ഈ മാസം 14 ന് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ അമര്‍ത്യ സെന്നിന്റെ അധീനതയിലുള്ള ഭാഗത്തെ പ്രവേശന കവാടത്തിലെ തൂണില്‍ മൂന്ന് പേജുള്ള ഉത്തരവ് പതിച്ചിരുന്നു. നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് ഒഴിയാനായിരുന്നു നിര്‍ദേശം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന അമര്‍ത്യ സെന്നിനോടുള്ള പ്രതികാര നടപടിയായാണ് ഇപ്പോഴത്തെ ഉത്തരവ് വിലയിരുത്തപ്പെടുന്നത്.
ബംഗാള്‍ സര്‍ക്കാരിന്റേയും മമതയുടേയും പിന്തുണ അമര്‍ത്യ സെന്നിനുണ്ട്.അമര്‍ത്യ സെന്‍ നടത്തുന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കുള്ള പ്രതികാരമാണെന്നായിരുന്നു ഇപ്പോഴത്തെ നടപടിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം.
ദീര്‍ഘകാലാടിസ്ഥാനത്തിലാണ് സെന്‍ കുടുംബം ഭൂമി പാട്ടത്തിനെടുത്തിരിക്കുന്നത്. അതിനാല്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സര്‍വകലാശാല ഉയര്‍ത്തുന്ന വിധമുള്ള അവകാശ വാദം നിലനില്‍ക്കില്ല. കഴിഞ്ഞ ജനുവരിയിലാണ് ശാന്തിനികേതനിലെ ഭൂമി തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് വിശ്വഭാരതി സര്‍വകലാശാല അദ്ദേഹത്തിന് ആദ്യം കത്തയച്ചത്.